കോഴിക്കോട് മുൻ ഡി.സി.സി. പ്രസിഡൻ്റ് യു.രാജീവൻ അന്തരിച്ചു
കോഴിക്കോട്:
മുൻ കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൊയിലാണ്ടി പുളിയഞ്ചേരി ഉണിയാട്ടിൽ യു.രാജീവൻ(68) അന്തരിച്ചു.. അർബുദ ബാധയെ തുടർന്നുള്ള ചികിത്സക്കിടെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിൽ വെച്ച് വെളളിയാഴ്ച പുലർച്ച നാലരയോടെയായിരുന്നു അന്ത്യം. മൃതദേഹം രാവിലെ ഒൻപത് മണിക്ക് കോഴിക്കോട് ഡി.സി.സി ഓഫീസിൽ പൊതു ദർശനത്തിന് ശേഷം വിലാപയാത്രയായി കൊയിലാണ്ടി
ടൗൺഹാളിലേക്ക് കൊണ്ടു വരും. ടൗൺഹാളിൽ പൊതുദർശനത്തിന് ശേഷം ഉച്ചക്ക് രണ്ട് മണിയ്ക്ക് വീട്ടു വളപ്പിൽ സംസ്കാരം നടക്കും.
കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ യു. രാജീവൻ പുളിയഞ്ചേരി സൗത്ത് എൽ.പി. സ്കൂളിലെ അധ്യാപകനായിരിക്കെ സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാകുകയായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി, സംസ്ഥാന നിർവഹാക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, യു.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറൽ കൺവീനർ, കെ.പി.സി.സി നിർവാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണബാങ്ക് എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ, പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ, കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഉണിത്രാട്ടിൽ പരേതായ കുഞ്ഞിരാമൻ നായരുടെയും ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: എൻ.ഇന്ദിര (റിട്ട.അധ്യാപിക,കൊല്ലം ജി.എം.എൽ.പി സ്കൂൾ). മക്കൾ: യു.ആർ.രജിന്ദ് (സോഫ്റ്റ് വേർ എഞ്ചിനിയർ ഐ.ടി.കമ്പനി ബംഗലൂര്), ഡോ.യു.ആർ.ഇന്ദുജ (ആയുർവേദ ഡോക്ടർ കൊയിലാണ്ടി).സഹോദരങ്ങൾ:ശ്രീധരൻ(റിട്ട. മർച്ചന്റ് നേവി), ഇന്ദിര, മുരളീധരൻ(വിക്ടറി കൊയിലാണ്ടി, റിട്ട.അധ്യാപകൻമുചുകുന്ന് യു.പി സ്കൂൾ).
കെ.പി.സി.സി നിർവ്വാഹക സമിതി അംഗം,കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു യു.രാജീവൻ,
രണ്ടു തവണ കൊയിലാണ്ടി നഗരസഭ കൗൺസിലറായിരുന്നു. ലോക്സഭ,നിയമ സഭാ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായും,കൺവീനറായും നിരവധി തവണ പ്രവർത്തിച്ചു. വടകര ലോക്സഭാ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കൺവീനറെന്ന നിലയിൽ നിരവധി തവണ പ്രവർത്തിച്ചു. കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിന്റെ വളർച്ചയ്ക്കായി നിർണ്ണായക പങ്ക് വഹിച്ചു.