About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022 മാർച്ച് 25 വെള്ളി|1197 മീനം 11 മൂലം| ശഅബാൻ 22


◼️കെ റെയില്‍ അടക്കമുള്ള കേരളത്തിന്റെ വികസന വിഷയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതീവ താത്പര്യത്തോടെയാണ് ശ്രവിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തില്‍നിന്ന് അനുകൂല നിലപാടുണ്ടാകും. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ആരോഗ്യപരമായ പ്രതികരണമായിരുന്നു. റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി ഉറപ്പുതന്നു. താന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

◼️സില്‍വര്‍ ലൈന്‍ പദ്ധതിക്കു ഭൂമി ഏറ്റെടുക്കുന്ന ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. സാമൂഹികാഘാത പഠനത്തിനുശേഷം പാരിസ്ഥിതികാഘാത പഠനം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. കെട്ടിടം നഷ്ടമാകുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരവും പുനരധിവാസവും നല്‍കും. ആരുടെയൊക്കെ ഭൂമി ഏറ്റെടുക്കണമെന്നു കണ്ടെത്താനാണ് സാമൂഹികാഘാത പഠനം. ആരേയും കിടപ്പാടം ഇല്ലാത്തവരാക്കില്ല. മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

◼️ദേശീയപാതാ വികസനം യാഥാര്‍ത്ഥ്യമാക്കിയതുപോലെ സില്‍വര്‍ ലൈന്‍ പദ്ധതിയും യാഥാര്‍ത്ഥ്യമാക്കും. എതിര്‍പ്പുണ്ടായിട്ടും ഗെയില്‍ പൈപ്പു ലൈന്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കി. കോട്ടപ്പുറം കോഴിക്കോട് ദേശീയ ജലപാതയുടെ ഡി പി ആറിന് അംഗീകാരം കിട്ടിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. മുഖ്യമന്ത്രി പറഞ്ഞു.

◼️മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ റെയില്‍ വിരുദ്ധ സമരസമിതി. സര്‍വേയിലൂടെ സ്ഥലം ഏറ്റെടുക്കുകയാണ്. കെ റെയില്‍ സര്‍വേ നമ്പരിലുള്ള ഭൂമിയിലെ വീടുകള്‍ക്കു പഞ്ചായത്തുകള്‍ നമ്പരിട്ടു നല്‍കുന്നില്ല. കെ റെയിലിന് ഏറ്റെടുക്കുന്ന ഭൂമിയല്ലെന്ന് വില്ലേജ് ഓഫീസറുടെ കത്തുണ്ടെങ്കിലേ പഞ്ചായത്ത് അനുമതി നല്‍കൂവെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കെ റെയില്‍ വിരുദ്ധ സംയുക്തസമരസമിതി ജനറല്‍ കണ്‍വീനര്‍ എസ്.രാജീവും വെവ്വേറെ വാര്‍ത്താസമ്മേളനങ്ങളിലൂടെ അറിയിച്ചു.

◼️കെ റെയില്‍ പദ്ധതി സങ്കീര്‍ണമാണെന്നും പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. തിടുക്കത്തില്‍ മുന്നോട്ടു പോകാനാവില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സംസാരിച്ചശേഷമാണ് റെയില്‍വേ മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

◼️സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള സ്ഥലമെറ്റെടുക്കല്‍ സര്‍വ്വേക്കെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി.  സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. പദ്ധതിയുടെ പേരില്‍ വിവിധ ജില്ലകളില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരാണ് കോടതിയെ സമീപിച്ചത്.

◼️സില്‍വര്‍ ലൈന്‍ പദ്ധതി അലൈന്‍മെന്റ് മാറ്റിയിട്ടില്ലെന്ന് കെ റെയില്‍. സ്വകാര്യ വെബ്സൈറ്റിന്റെ മാപ്പാണ് ആദ്യ അലൈന്‍മെന്റ് എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത്. മന്ത്രി സജി ചെറിയാന്റെ വീടിനെ ബാധിക്കാതിരിക്കാന്‍ അലൈന്‍മെന്റ് മാറ്റിയെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ച പശ്ചാത്തലത്തിലാണ് കെ റെയില്‍ വിശദീകരണം.

◼️സംസ്ഥാനത്തെ മൂന്നു രാജ്യസഭാ ഒഴിവുകളിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി എ.എ റഹീം, സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ പി സന്തോഷ് കുമാര്‍,  മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എന്നിവരാണു തെരഞ്ഞെടുക്കപ്പെട്ടത്. ഏതിര്‍ സ്ഥാനാര്‍ഥികള്‍ ഇല്ലാതിരുന്നതിനാല്‍ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ ഇവരെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

◼️തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ദേശീയ പണിമുടക്ക്. വാഹനങ്ങള്‍ ഓടില്ല, കടകമ്പോളങ്ങളും ബാങ്ക് ഉള്‍പെടെയുള്ള ഓഫീസുകളും തുറക്കില്ല. തൊഴിലാളി ദ്രോഹ നിയമങ്ങളും കര്‍ഷക ദ്രോഹ നിയമങ്ങളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 20 തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് 28, 29 തീയതികളില്‍ പണിമുടക്കുന്നത്.

◼️ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് ഇന്നലെ അര്‍ധരാത്രി മുതല്‍ വര്‍ദ്ധിച്ചത്.

◼️കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരെ ഡല്‍ഹി പൊലീസ് മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നു പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയില്‍ വിഷയത്തില്‍ പാര്‍ലമെന്റ് കാമ്പസില്‍ പ്രതിഷേധിച്ചതിനാണു ഡല്‍ഹി പോലീസ് അടിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനു ഞാന്‍ മറുപടി പറയണോയെന്നു ചിരിച്ചുകൊണ്ട് ചോദിച്ചാണ് ഇങ്ങനെ പ്രതികരിച്ചത്.

◼️സ്വര്‍ണക്കടത്തു കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സില്‍വര്‍ ലൈനിലും ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് എംപിമാരെ ഡല്‍ഹി പോലീസ് മര്‍ദിച്ചതും ഒത്തുകളിയുടെ ഭാഗമാണെന്നു സംശയിക്കണമെന്നും സതീശന്‍ ആരോപിച്ചു.  ബിജെപി സിപിഎം ഒത്തുതീര്‍പ്പുകള്‍ക്കായി കഴിഞ്ഞ ഒരാഴ്ചയായി ചിലര്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചെന്നും സതീശന്‍ ആരോപിച്ചു.

◼️യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിയെന്ന ധാരണയില്‍ കെ റെയില്‍ കുറ്റി നാട്ടിയത് കൃഷി മന്ത്രിയുടെ ഔദ്യോഗിക വസതിക്കു പിന്നിലാണെന്ന് പൊലീസ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് അവര്‍ പ്രവേശിച്ചില്ലെന്നാണ് പോലീസ് അവകാശപ്പെടുന്നത്. ക്ലിഫ് ഹൗസിരകില്‍തന്നെയാണ് കൃഷി മന്ത്രി പി പ്രസാദിന്റെ ഔദ്യോഗിക വസതി. സ്വകാര്യ വ്യക്തിയുടെ വീടു വഴിയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അകത്തേക്കു കയറിയതെന്നു സംശയിക്കുന്നു. എന്നാല്‍ ക്ലിഫ് ഹൗസില്‍ തന്നെയാണ് കുറ്റി നാട്ടിയതെന്നാണ് തിരുവനന്തപുരത്തെ ബിജെപി നേതൃത്വം അവകാശപ്പെടുന്നത്.

◼️സില്‍വര്‍ ലൈനിനെതിരെ അടികിട്ടേണ്ട സമരമാണു നടക്കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍. കേരളത്തിലെ  സമരം ഡല്‍ഹിയില്‍ നടക്കില്ല. തെറ്റായ ആരോപണം ഉന്നയിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാപ്പ് പറയണം. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ പോകുമെന്നും മന്ത്രി പറഞ്ഞു.

◼️തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് മുത്തുള്ളിയാലില്‍ യുവാവിനെ കൊന്നു കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അനുജനെ കസ്റ്റഡിയിലെടുത്തു. ചേര്‍പ്പ് സ്വദേശി കെ.ജെ.ബാബു (27) ആണ് കൊല്ലപ്പെട്ടത്.  മദ്യപിച്ച് ബഹളംവച്ച യുവാവിനെ സഹോദരന്‍ തന്നെ കൊന്ന് കുഴിച്ചുമൂടിയതാണെന്നു പൊലീസ്. ബാബുവിന്റെ അനുജന്‍ കെ.ജെ സാബുവിനെ (24) ആണു പിടികൂടിയത്.

◼️മണ്ണു കടത്തുകാരില്‍നിന്നു കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. തിരുവല്ലം സ്റ്റേഷന്‍ എസ്എച്ച്ഒ സുരേഷ് വി. നായരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഓരോ ലോറിയില്‍നിന്നും പതിനായിരം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം.

◼️കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസില്‍ ബൈക്ക്, കാര്‍ റേസിങ്ങിനിടെ അപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. വിദ്യാര്‍ഥികളുടെ യാത്രയയപ്പിനോട് അനുബന്ധിച്ചാണ് റേസിങ് നടന്നത്. കാറിന്റെ ബോണറ്റിനു മുകളില്‍ കയറിയിരുന്നും ഡിക്കിയിലിരുന്നും വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. പോലീസ് കേസെടുത്തു. ഒമ്പതു വാഹനങ്ങള്‍ കസ്റ്റഡിയില്‍.

◼️ഇടപ്പള്ളിയില്‍ വീട്ടുജോലിയ്ക്കു നിന്ന കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പവോത്തിത്തറ പോളിനെ അറസ്റ്റു ചെയ്തു. പോളിന്റെ ഭാര്യയും ഇടപ്പള്ളി വനിതാ ക്ഷേമ സമിതി അധ്യക്ഷയുമായ സെലിന്‍ പോള്‍ ഒളിവിലാണ്.

◼️യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യുവാവിന പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. നല്ലൂര്‍നാട് പായോട് തൃപ്പൈകുളം വീട്ടില്‍ ടി.വി സനൂപ് (26) ആണ് അറസ്റ്റിലായത്.