About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022 മാർച്ച് 28 | തിങ്കൾ|1197 മീനം 14 | തിരുവോണം| ശഅബാൻ 25

◼️കെ-റെയില്‍ സര്‍വേക്കല്ലിടലിനു സര്‍ക്കാര്‍ നിയമസാധുത നല്‍കി. കെ-റെയില്‍ പദ്ധതിക്കു ഭൂമി ഏറ്റെടുക്കാന്‍ സര്‍വേ നടത്തി അതിരടയാളം സ്ഥാപിക്കണമെന്നു കാണിച്ചു സര്‍ക്കാര്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെയാണ് നിയമസാധുതയായത്. സ്വകാര്യഭൂമി കൈയേറി കല്ലിടുന്നതിനെതിരേ നിരവധി പേര്‍ കോടതിയെ സമീപിച്ചിരിക്കേയാണ്, സര്‍വേക്കല്ലിടല്‍ നിയമപ്രകാരമാണെന്നു വ്യക്തമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. കല്ലിടുന്നതു സ്ഥലം ഏറ്റെടുക്കാനാണെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ലെങ്കിലും കല്ലിടല്‍ ശക്തമായി തുടരുമെന്നാണു സര്‍ക്കാര്‍ നല്‍കുന്ന സൂചന.

◼️രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് ആരംഭിച്ചു. ഇരുപതു ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. ബസ്, ഓട്ടോ, ടാക്സി തുടങ്ങിയ വാഹനങ്ങള്‍ ഓടില്ല. കടകമ്പോളങ്ങള്‍ തുറക്കില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കില്ല. തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണു സമരം.

◼️പൊതുപണിമുടക്കിനു പിറകേ, ഏപ്രില്‍ 2നു രാജ്യവ്യാപക പ്രതിഷേധദിനം. ഇന്ധന വിലവര്‍ധനയക്കെതിരേ സിപിഎമ്മാണ് പ്രതിഷേധദിനം ആചരിക്കുന്നത്. പെട്രോളിയം സെസ് പിന്‍വലിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ‘കാഷ്മീര്‍ ഫയല്‍സ്' എന്ന സിനിമയിലൂടെ കേന്ദ്ര സര്‍ക്കാരും ബിജെപിയും വര്‍ഗീയ ധ്രുവീകരണത്തിനും മുതലെടുപ്പിനും ശ്രമിക്കുകയാണെന്ന് യെച്ചൂരി ആരോപിച്ചു.

◼️പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 108.63 രൂപയും ഡീസലിന് 95.86 രൂപയുമാകും. ഒരാഴ്ചകൊണ്ട് അഞ്ചു രൂപയോളമാണ് വര്‍ധിപ്പിച്ചത്.

◼️ബസ് ചാര്‍ജ് വര്‍ധന നേരത്തെ അംഗീകരിച്ചതായിരുന്നെന്നും ബസ് ഉടമകള്‍ക്ക് പുതുതായി ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു. ബസുടമകള്‍ അനാവശ്യമായി സമരത്തിലേക്ക് എടുത്തുചാടിയതാണ്. ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങൾ ഈ മാസം 30തിന്, എല്‍ഡിഎഫ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

◼️മണ്ണാര്‍കാട് ആനമൂളിയില്‍ ബാലന്‍ എന്ന ആദിവാസി യുവാവിനെ കൊലപ്പെടുത്തിയതിനു സുഹൃത്ത് കൈതച്ചിറ കോളനിയിലെ ചന്ദ്രനെ അറസ്റ്റു ചെയ്തു. വനത്തോടുചേര്‍ന്ന പുഴയിലാണ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും ചെവിയുടെ ഭാഗത്തും കൈയ്ക്കും വെട്ടേറ്റിരുന്നു. കൂട്ടുകാരായിരുന്ന ഇവര്‍ മദ്യപിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവരും ഒന്നിച്ചു കാട്ടില്‍ പോയി തേനെടുത്തിരുന്നു. തേന്‍ വിറ്റുകിട്ടിയ പണംകൊണ്ടാണു മദ്യം വാങ്ങിക്കുടിച്ചത്.  

◼️കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിനു സമീപം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ പാര്‍ക്കിംഗിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. യൂണിയന്‍ സെക്രട്ടറി പിലാത്തറ സ്വദേശി റിജേഷിനു (32) കുപ്പികൊണ്ടു കുത്തേറ്റു.

◼️നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഇന്നു ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കഴിഞ്ഞയാഴ്ച ചോദ്യം ചെയ്യാന്‍ വിളിച്ചതായിരുന്നെങ്കിലും അസൗകര്യം അറിയിച്ചതിനാല്‍ ഇന്നത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. ഫോണുകള്‍ പരിശോധിച്ചു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.

◼️ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് 39 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. അരൂര്‍ ചന്തിരൂര്‍ സ്വദേശി ഫെലിക്സ്, അരൂക്കുറ്റി സ്വദേശി ബെസ്റ്റിന്‍ എന്നിവരാണ് പിടിലായത്.

◼️സിറോ മലബാര്‍ സഭയുടെ ഭൂമി സര്‍ക്കാര്‍ ഭൂമിയാണോയെന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സുപ്രീംകോടതിയെ സമീപിച്ചു. സിറോ മലബാര്‍ സഭ കൈമാറിയത് സര്‍ക്കാര്‍ ഭൂമിയാണോയെന്നന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കാക്കനാട് ഒന്നാം ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

◼️കളിക്കുന്നതിനിടയില്‍ തൊണ്ടയില്‍ റബ്ബര്‍ പന്ത് കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. ഇരിങ്ങാലക്കുട എടതിരിഞ്ഞി ചെട്ടിയാലിനു സമീപം താമസിക്കുന്ന ഓളിപറമ്പില്‍ വീട്ടില്‍ നിഥിന്‍ - ദീപ ദമ്പതികളുടെ 11 മാസം പ്രായമുള്ള മകന്‍ മീരവ് കൃഷ്ണയാണ് മരിച്ചത്.

◼️വയനാട്ടിലെ തിരുനെല്ലിയില്‍ കാട്ടാന കാറിനു മുന്നിലേക്കു പാഞ്ഞടുത്തു. രണ്ടുതവണ കുതിച്ചെത്തിയ കാട്ടാന പക്ഷേ, ആക്രമിക്കാതെ പിന്‍വാങ്ങി. ഭാഗ്യംകൊണ്ടാണ് കാറിലുണ്ടായിരുന്ന അപ്പപ്പാറ സ്വദേശി സുധീഷും അയല്‍ക്കാരായ സ്ത്രീകളും കുട്ടികളും രക്ഷപ്പെട്ടത്. നിലവിളിക്കാതെയും ആനയെ പ്രകോപിപ്പിക്കാതെയും സംയമനം പാലിച്ചതോടെയാണ് ആന പിന്മാറിയത്.

◼️തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം നടത്തിയ പ്രതി പിടിയിലായി. അമ്പൂരി സ്വദേശി ഷാജി വര്‍ഗീസിന്റെ വീട്ടില്‍നിന്നു എട്ടു ലക്ഷം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന അരുണ്‍ എന്നയാളാണ് വെള്ളറട പൊലീസിന്റെ പിടിയിലായത്.

◼️ഇന്ത്യയുടെ സമുദ്ര ഗവേഷണ പദ്ധതി സമുദ്രയാന്റെ ജലവാഹന പരീക്ഷണം വിജയകരം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയുടെ ഡയറക്ടര്‍ ജി എ രാംദാസും രണ്ടു മുതിര്‍ന്ന ശാസ്ത്രജ്ഞരുമായി പരീക്ഷണ വാഹനം വെള്ളത്തില്‍ ഏഴു മീറ്റര്‍ താഴ്ചയില്‍ ഒന്നര മണിക്കൂര്‍ ചെലവിട്ടു. സമുദ്രപര്യവേഷണവും കടലിന്റെ അടിത്തട്ടിലെ ധാതുക്കളുടെ പഠനവുമാണ് സമുദ്രയാന്റെ ലക്ഷ്യം.

◼️പശ്ചിമ ബംഗാളിലെ ബിര്‍ഭൂം കൂട്ടക്കൊല കേസില്‍ തൃണമൂല്‍ ബ്ലോക്ക് പ്രസിഡന്റിനെ സിബിഐ  ചോദ്യം ചെയ്തു. ബിജെപിയുടെ നിര്‍ദേശം അനുസരിച്ചാണ് അന്വേഷണം പോകുന്നതെങ്കില്‍ പ്രതിഷേധത്തിന് ഇറങ്ങുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

◼️ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു നേരെ ആക്രമണം. അക്രമി നിതീഷ് കുമാറിനെ പിന്നില്‍നിന്ന് അടിച്ചു. അദ്ദേഹത്തിന്റെ ജന്മനാടായ ഭക്തിയാര്‍പൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് വേദിയിലെത്തിയ അക്രമി അടിക്കുകയായിരുന്നു. പ്രതിയെ കൈയോടെ അറസ്റ്റു ചെയ്തു.

◼️പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതിന് രാജ്സ്ഥാനില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ ഉള്‍പെടെ അഞ്ചു പേര്‍ക്കെതിരേ കേസ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ദൗസ ജില്ലയിലുണ്ടായ സംഭവത്തില്‍ പ്രതികളെ ഉടനേ അറസ്റ്റു ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ രാജസ്ഥാന്‍ പോലീസിനോട് ആവശ്യപ്പെട്ടു.

◼️അവിശ്വാസ പ്രമേയത്തിനു തലേന്ന് വന്‍ ശക്തിപ്രകടനം നടത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വിദേശപണം ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് റാലി ഉദ്ഘാടനം ചെയ്ത ഇമ്രാന്‍ ആരോപിച്ചു. തലസ്ഥാനമായ ഇസ്ലാമാബാദിലാണ് പാകിസ്ഥാന്‍ തെഹ്രീക്- എ- ഇന്‍സാഫ് പാര്‍ട്ടി വന്‍ റാലി നടത്തിയത്.

◼️യുക്രെയിനില്‍ ഒരു റഷ്യന്‍ ജനറല്‍കൂടി കൊല്ലപ്പെട്ടു. യുക്രെയിനിലെ കെഴ്സണിനടുത്തു നടന്ന ആക്രമണത്തിലാണ് ലെഫ്റ്റനന്റ് ജനറല്‍ യാക്കോവ് റെസാന്റ്സെവ് കൊല്ലപ്പെട്ടത്. റഷ്യയുടെ 49-ാം കംപയിന്റ് ആര്‍മി കമാന്‍ഡറായിരുന്നു. യുക്രെയിനില്‍ കൊല്ലപ്പെടുന്ന ഏഴാമത്ത റഷ്യന്‍ ജനറലാണ് ഇദ്ദേഹം.