ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 മാർച്ച് 21 തിങ്കൾ|1197 മീനം 7 ചോതി| ശഅബാൻ 18
◼️ഫറ്റോര്‍ഡയിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ കലാശപ്പോരിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനോട് പൊരുതിക്കീഴടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. 120 മിനുറ്റുകളും വിയര്‍ത്ത് കളിച്ച ശേഷം ഷൂട്ടൗട്ടില്‍ 3-1നാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി സമ്മതിച്ചത്. വിസ്മയ സീസണിനൊടുവില്‍ കിരീടത്തോളം പോന്ന റണ്ണറപ്പുമായാണ് മഞ്ഞപ്പടയുടെ മടക്കം. ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മൂന്ന് കിക്കുകള്‍ രക്ഷപ്പെടുത്തിയ ലക്ഷ്മികാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ വിജയശില്‍പി. നേരത്തെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 68-ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ കെ.പി നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തത്. എന്നാല്‍ 88-ാം മിനിറ്റില്‍ സഹില്‍ ടവോരയിലൂടെ ഹൈദരാബാദ് ഒപ്പമെത്തുകയായിരുന്നു.
◼️യുക്രെയിനില്‍ ജനവാസ കേന്ദ്രങ്ങളില്‍ റഷ്യന്‍ ആക്രമണം. നാന്നൂറു പേര്‍ അഭയം തേടിയ സ്‌കൂളിനുനേരെ റോക്കറ്റാക്രമണം നടത്തി. സ്‌കൂള്‍ തകര്‍ന്നു. നിരവധി പേര്‍ കൊല്ലപ്പെട്ടു. പരിക്കുകളോടെ രക്ഷപ്പെട്ട അനേകം പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ക്കിടയില്‍ കുടുങ്ങിക്കിടന്നു. മരിയുപോളില്‍ 1,200 പേര്‍ അഭയം തേടിയിരുന്ന ഡ്രാമാ സ്‌കൂള്‍ കഴിഞ്ഞ ദിവസം റഷ്യ റോക്കറ്റാക്രമണത്തില്‍ തകര്‍ത്തിരുന്നു. മരിയുപോളിലെ അയ്യായിരത്തോളം ജനങ്ങളെ സൈന്യം കസ്റ്റഡിയിലെടുത്ത് റഷ്യയിലേക്കു കൊണ്ടുപോയി. ഒരു കോടി ജനങ്ങള്‍ യുക്രെയിനില്‍നിന്നു പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി. ഇതേസമയം, റഷ്യയുടെ 14,700 സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയിന്‍ അവകാശപ്പെട്ടു.
◼️അസാധ്യമെന്ന് പലരും എഴുതി തള്ളിയ ദേശീയപാതാ വികസനം സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത് ആരും മറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡിനായി 91 ശതമാനത്തിലേറെ ഭൂമി ഏറ്റെടുത്തു. ഇതിനായി സര്‍ക്കാര്‍ 5,311 കോടി രൂപ ഇതിനോടകം ദേശീയ പാതാ അതോറിറ്റിക്ക് നല്‍കിയെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
◼️മുഖ്യമന്ത്രി പിണറായി വിജയന് മനുഷ്യരുടെ കരച്ചില്‍ കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെ റെയിലിലൂടെ സിപിഎം അനുകൂലികളെപോലും ദ്രോഹിക്കുന്നു. ജനങ്ങളെ വഴിയാധാരമാക്കാന്‍ അനുവദിക്കില്ല. ജനരോഷം മൂലം പദ്ധതി ഉപേക്ഷിക്കേണ്ടി വരും. നാളെ സമര മുഖത്തേക്ക് കോണ്‍ഗ്രസ് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◼️കെ റെയില്‍ പദ്ധതിക്കായി ചില്ലിക്കാശുപോലും കേന്ദ്ര സര്‍ക്കാര്‍ നല്‍കില്ലെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. കറക്കു കമ്പനിയുണ്ടാക്കി കമ്മീഷന്‍ അടിക്കാമെന്ന് പിണറായി വിജയന്‍ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എല്ലാ ജില്ലകളിലും കെ റെയിലിനെതിരെ പ്രക്ഷോഭമാരംഭിക്കുകയാണെന്നും പാര്‍ട്ടിയുടെ കെ റെയില്‍ വിരുദ്ധ സമിതി ചെയര്‍മാന്‍ കൂടിയായ എ.എന്‍ രാധാകൃഷ്ണന്‍ മലപ്പുറത്ത് പറഞ്ഞു.
◼️പൊലീസ് ജീപ്പില്‍നിന്ന് ചാടിയ യുവാവ് മരിച്ചു. കസ്റ്റഡിയില്‍ മര്‍ദനമേറ്റതിനാലാണു ചാടിയതെന്ന് ആരോപിച്ച് ഭാര്യയും ബന്ധുക്കളും രംഗത്ത്. പാപ്പനംകോട് സ്വദേശി സനോഫറാണ് മരിച്ചത്. മദ്യപിച്ച് വീട്ടുകാരെ ഉപദ്രവിച്ചതിന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സനോഫറിനെ പോലീസ് വിളിപ്പിച്ച് താക്കീതു നല്‍കി വിട്ടയച്ചിരുന്നു. ഒരു ദിവസം കസ്റ്റഡിയില്‍ വയ്ക്കണമെന്ന വീട്ടുകാരുടെ അഭ്യര്‍ഥനയനുസരിച്ച് ജീപ്പില്‍ കൊണ്ടുപോകുമ്പോഴാണ് ചാടിയതെന്നാണു പോലീസ് പറയുന്നത്. എന്നാല്‍ പൊലീസ് മര്‍ദ്ദിച്ചെന്നു ഭാര്യ തസ്ലിമ ആരോപിച്ചു.
◼️പൊലീസ് കസ്റ്റഡിയിലിരിക്കെ ജീപ്പില്‍നിന്നു വീണ് യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തിന്റെ നിജസ്ഥിതിയും ആരോപണങ്ങളും വിശദമായി അന്വേഷിക്കും. മന്ത്രി പറഞ്ഞു.
◼️സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറില്‍ പ്രസംഗിക്കണോയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പ്രഫ. കെ.വി. തോമസ്. ശശി തരൂര്‍ എംപിയേയും കെ.വി. തോമസിനേയും സിപിഎം പ്രഭാഷകരായി ക്ഷണിച്ചിരുന്നു. പോകരുതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ വിലക്കിയിരിക്കേ, ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ശശി തരൂര്‍ എംപി നേരത്തെ സ്വീകരിച്ച നിലപാടാണ് പ്രഫ.കെ.വി. തോമസും ഇപ്പോള്‍ കൊക്കൊണ്ടത്.
◼️പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ടു മര്‍ദ്ദിച്ച സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാരടക്കം ആറ് പേര്‍ക്കെതിരെയും കുരുമുളക് പൊടി സ്പ്രേ ചെയ്ത വിദ്യാര്‍ത്ഥിക്കെതിരെയും പൊലീസ് കേസ്. പാലക്കാട് എടത്തനാട്ടുകര സ്വദേശി ഹാരിസ് ഇബ്നു മുബാറക്കിനെയാണ് ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. കണ്ടക്ടറുമായി വാക്കു തര്‍ക്കമുണ്ടായതോടെ ഹാരിസ് നടത്തിയ കുരുമുളക് പൊടി സ്പ്രേമൂലം ബസ് ജീവനക്കാര്‍ക്കും ചില യാത്രക്കാര്‍ക്കും പരിക്കേറ്റു. അക്രമാസക്തനായ യുവാവിനെ പൊലീസെത്തുന്നതുവരെ പിടിച്ചുനിര്‍ത്താനാണ് കെട്ടിയിട്ടതെന്നു ബസ് ജീവനക്കാര്‍ പറഞ്ഞു.