About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022 ഏപ്രിൽ 01 വെള്ളി|1197 മീനം 18   ഉത്രട്ടാതി| ശഅബാൻ 29



◼️ഇന്ന് ലോക വിഡ്ഢിദിനം.

◼️ശ്രീലങ്കന്‍ തീരങ്ങളില്‍ സഹായം എത്തിക്കാന്‍ അനുമതി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിലെത്തിയ സ്റ്റാലിന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തും കൊളംബോയിലുമുള്ള തമിഴ് വംശജര്‍ക്കു ഭക്ഷണവും ജീവന്‍ രക്ഷാ മരുന്നുകളും എത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം.

◼️ഗവര്‍ണറുടെ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി വേണമെന്ന സ്വകാര്യ ബില്ലിന് രാജ്യസഭയില്‍ അവതരണാനുമതി. സിപിഎം എംപി വി ശിവദാസന്‍ നല്‍കിയ ബില്‍ ഇന്ന് ഉച്ചക്കുശേഷം  അവതരിപ്പിക്കും. നിയമസഭയിലെയും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികള്‍ ചേര്‍ന്ന് ഗവര്‍ണ്ണറെ നിയമിക്കണമെന്നാണ് ബില്ലില്‍ ആവശ്യപ്പെടുന്നത്. സംസ്ഥാനങ്ങളുടെ താല്‍പര്യമനുസരിച്ച് പ്രവര്‍ത്തിക്കാത്ത ഗവര്‍ണറെ പിന്‍വലിക്കാന്‍ നിയമസഭക്ക് അധികാരം നല്‍കണമെന്നും ബില്ലില്‍ പറയുന്നു.

◼️മുല്ലപ്പെരിയാര്‍ കേസില്‍ തര്‍ക്ക വിഷയങ്ങള്‍ ഡാം സുരക്ഷ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രം സുരക്ഷ പരിശോധനയിലെ കാലതാമസത്തിലും അതൃപ്തി അറിയിച്ചു. ചില വിഷയങ്ങളില്‍ ഇനിയും സമവായത്തിലെത്തിയിട്ടില്ലെന്ന് കേരളവും തമിഴ്നാടും കോടതിയെ അറിയിച്ചു. അണക്കെട്ടിന്റെ നിയന്ത്രണാധികാരം മേല്‍നോട്ട സമിതിക്ക് നല്‍കാനാവില്ലെന്ന നിലപാട് തമിഴ്നാട് ആവര്‍ത്തിച്ചു.

◼️നാടിന് ആവശ്യമായത് ചെയ്യേണ്ട സമയത്തുതന്നെ ചെയ്യുമെന്നും ചെയ്തില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. 51 റോഡുകളുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

◼️രാജ്യത്ത് ബിജെപി വിരുദ്ധ ചേരിയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി തമിഴ്‌നാട്ടിലെ എം.കെ. സ്റ്റാലിനാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. ബിജെപിക്ക് എതിരായ പ്രതിപക്ഷ നിരയിലെ കരുത്തനായ നേതാവാണ് സ്റ്റാലിന്‍. അദ്ദേഹം മുന്‍കൈയ്യെടുത്ത് ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. മധുരയില്‍ നടക്കുന്ന സിപിഎം തമിഴ്നാട് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

◼️സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമായിരുന്ന ഇന്നലെ ട്രഷറി ചെലവിട്ടത് ആയിരം കോടി രൂപ. ഭൂമിയുടെ ന്യായവില ഇന്നു മുതല്‍ പത്തു ശതമാനം വര്‍ധിക്കുന്നതുമൂലം  കുറഞ്ഞ നിരക്കില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ എണ്ണായിരത്തോളം ആധാരങ്ങളാണ് വിവിധ രജിസ്ട്രാര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയത്. സാധാരണ നാലായിരം ആധാരങ്ങളാണ് ദിവസം രജിസ്റ്റര്‍ ചെയ്യാറുള്ളത്.

◼️കോണ്‍ഗ്രസ് അംഗത്വ വിതരണം 15 ദിവസം കൂടി നീട്ടിയെന്ന് എഐസിസി. വിവിധ സംസ്ഥാന ഘടകങ്ങളില്‍നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനം. അംഗത്വ വിതരണം നീട്ടിയ. നടപടി സംഘടന തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എഐസിസി അറിയിച്ചു. കേരളത്തിലും കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് വിതരണം 15 ദിവസത്തേക്കുകൂടി നീട്ടിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ വ്യക്തമാക്കി.

◼️തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ബാറില്‍ മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കൊലക്കേസ് പ്രതിയെ കാറിടിച്ച് കൊലപ്പെടുത്തി. ബൈക്കില്‍ യാത്ര ചെയ്തിരുന്ന സുമേഷിനെ പിന്തുടര്‍ന്നെത്തിയ മൂന്നംഗസംഘം സഞ്ചരിച്ച കാറിടിച്ചു വീഴ്ത്തുകയായിരുന്നു. സുമേഷും ഒപ്പമുണ്ടായിരുന്ന സുഹൃത്തും റോഡരികില്‍ വീണു. വാഹനാപകടമെന്നു കരുതിയ കേസില്‍ വിശദമായ അന്വേഷണത്തിലാണ് മദ്യപിച്ചുള്ള കലഹംമൂലമുണ്ടായ കൊലപാതകമാണെന്നു മനസിലായത്. കാറിലുണ്ടായിരുന്ന കാട്ടാക്കട സ്വദേശികളായ നിഹാസ്, ഷെമീം, റെജി എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിദേശത്തായിരുന്ന നിഹാസാണ് കാറോടിച്ചിരുന്നതെന്നു പോലീസ് പറയുന്നു. മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ സുഹൃത്തായ അനുപിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട സുമേഷ്.

◼️വയോധികനായ മുന്‍ പോലീസുദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. എഴുപത്തഞ്ച് വയസുള്ള കാന്‍സര്‍ രോഗബാധിതനായ മുന്‍ പൊലീസുദ്യോഗസ്ഥനെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ചിലര്‍ അടിച്ചു പല്ല് കൊഴിക്കുകയും ഇടതുവാരിയെല്ല് ചവിട്ടി ഒടിക്കുകയും ചെയ്തു. എന്നിട്ടും അക്രമികളെ പൊലീസ് രക്ഷിച്ചെന്ന പരാതിയിലാണ് നടപടി.

◼️പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട വ്യാജ ചാരായ വില്‍പനകേസിലെ പ്രതി കോടതിയിലെത്തി കീഴടങ്ങി. കരുംകുളം പുതിയതുറ പണ്ടാരപാട്ടം പുരയിടം ജഫീനാ ഹൗസില്‍ യോഹന്നാന്‍ (42)ആണ് നെയ്യാറ്റിന്‍കര ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് പൊലീസിനെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടത്. 

◼️കേരളത്തെ മദ്യത്തില്‍ മുക്കി സര്‍ക്കാരിന്റെ വരുമാനം ഇരട്ടിപ്പിക്കുകയും പാര്‍ട്ടിക്കു പണമുണ്ടാക്കുകയും ചെയ്യാനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. വീടുകളും ജോലിസ്ഥലങ്ങളും മദ്യനിര്‍മാണ ശാലകളും ബാറുകളുമായി മാറ്റുന്ന പിണറായി സര്‍ക്കാരിന്റെ പുതിയ മദ്യനയം വന്‍ദുരന്തത്തിലേക്കുള്ള ചുവടുവയ്പാണെന്നും കെ സുധാകരന്‍ പറഞ്ഞു.

◼️ബസ്, ഓട്ടോ, ടാക്സി വാഹനങ്ങളുടെ വര്‍ധിപ്പിച്ച നിരക്ക് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങാന്‍ ഒരാഴ്ച വൈകും. നിരക്കു വര്‍ധന ഇന്നു നിലവില്‍ വരില്ല. ഫെയര്‍ സ്റ്റേജ് പുതുക്കാനുമുണ്ട്. ഉത്തരവിറങ്ങിയശേഷമേ പുതിയ നിരക്ക് പ്രാബല്യത്തിലാകൂവെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

◼️പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമനസേനാംഗങ്ങള്‍ അഗ്‌നിരക്ഷാ പരിശീലനം നല്‍കിയ സംഭവത്തില്‍ അന്വേഷണം. പരിശീലനം നല്‍കിയ ഉദ്യോഗസ്ഥരോട് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ വിശദീകരണം ചോദിച്ചു. ചട്ടലംഘനമുണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ബുധനാഴ്ച്ച ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് പരിശീലനം നല്‍കിയത്.

◼️കോളജ് വിദ്യാര്‍ഥികളുടെ ഫ്ളാഷ് മോബില്‍ ചുവടുവച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ . എംജി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ പ്രചാരണ ഭാഗമായി ഫ്ളാഷ് മോബ് നടത്തിയ പത്തനംതിട്ട  കാതോലിക്കേറ്റ് കോളജ് വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് കളക്ടറും ചുവടുവച്ചത്. കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാന്‍ സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു കളക്ടര്‍. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.