കോഴിക്കോട് ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് 12.6 കോടി രൂപ അനുവദിച്ചു- മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കോഴിക്കോട്:
ജില്ലയിലെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ട പൊതു വികസനത്തിന്റെ ഭാഗമായി 12.6 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഗസ്റ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പാലങ്ങൾ, ദേശീയ പാത വിഭാഗങ്ങളിൽ ആണ് തുക അനുവദിച്ചത്.
ഇതോടൊപ്പം രണ്ട് പാലം പ്രവൃത്തികൾക്കുള്ള ഫണ്ടും അനുവദിച്ചു. എ കെ.ജി ഫ്ലൈ ഓവർ പുനരുദ്ധാരണത്തിനായി 3.01 കോടി രൂപയും കല്ലുത്താൻ കടവ് പാലത്തിന് 48.6 ലക്ഷം രൂപയും അനുവദിച്ചതായി മന്ത്രി പറഞ്ഞു. ഇവയെല്ലാം നഗരത്തിലെ പശ്ചാത്തല വികസനത്തിന് ഏറെ ഗുണകരമാകും. പാലങ്ങളുടെ ഭദ്രത ഉറപ്പുവരുത്താനും നഗര സൗന്ദര്യവൽക്കരണത്തിനും സഹായകരമാവും. കോഴിക്കോട് നഗരത്തിലെ പ്രധാന പാലങ്ങളുടെ മുഖച്ഛായ മാറ്റുകയാണ് സർക്കാർ. നഗരത്തെ ടൂറിസ്റ്റ് സിറ്റി ആക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പദ്ധതികളെന്ന് മന്ത്രി പറഞ്ഞു.
നഗരത്തിലെ പ്രധാന റോഡിന്റെ ബി.സി ഓവർലേ ട്രാഫിക് സേഫ്റ്റി പ്രവൃത്തികൾക്കായി 9.11 കോടി രൂപ അനുവദിച്ചു. സി.എച്ച് ഫ്ലൈ ഓവറിന് 4.22 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. അതിന്റെ പ്രവൃത്തി നവംബർ മാസത്തിന് മുൻപ് തന്നെ പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആലുവയിലെ കാലടി പാലത്തിന് 1.8 കോടിയും കാസർകോഡ് ജില്ലയിലെ തൃക്കരിപ്പൂർ കാക്കടവ് പാലത്തിന് 52 ലക്ഷം രൂപയും തിരുവനന്തപുരം ജില്ലയിലെ വർക്കല കുരുനിലക്കോട് പാലത്തിന് 23 ലക്ഷം രൂപയും അനുവദിച്ചതായി മന്ത്രി പറഞ്ഞു.
പട്ടികവർഗ്ഗ പിന്നോക്ക ജനവിഭാഗങ്ങളുള്ള മേഖലകളിൽ പാലങ്ങൾ കൊണ്ടുവരുന്നതിന്റെയും പശ്ചാത്തല സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി പൈലറ്റ് പദ്ധതി നടപ്പാക്കാൻ പ്രത്യേക ഫണ്ട് ബജറ്റിൽ മാറ്റി വച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗമാണ് തുക മാറ്റിവെച്ചത്. ഇതിന്റെ ആദ്യ പദ്ധതി മലപ്പുറം ജില്ലയിലെ നിലമ്പൂർ മണ്ഡലത്തിൽ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. പോത്തുകൽ - ഇരുട്ടു കുത്തി എന്നീ കോളനികളിലേക്കുള്ള പാലമാണ് നിർമ്മിക്കുന്നത്. ഇതിനായി 5.76 കോടി രൂപ അനുവദിച്ചു. പ്രവൃത്തി ഈ വർഷം ആരംഭിക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സർക്കാർ അധികാരത്തിൽ വന്ന ശേഷം 100 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കണം എന്നാണ് ലക്ഷ്യം വെച്ചത്. എന്നാൽ രണ്ട് വർഷം കൊണ്ട് തന്നെ 65 പാലം പൂർത്തിയാക്കിയതായി മന്ത്രി പറഞ്ഞു. പാലങ്ങളുടെ അടിഭാഗം ഭംഗിയായി പരിപാലിക്കുന്നതിനും പദ്ധതി തയ്യാറാക്കും. വയോജനങ്ങൾക്കും കുട്ടികൾക്കുമുള്ള പാർക്ക്, ടർഫ് ഗ്രൗണ്ട് തുടങ്ങിയവ നിർമിക്കാൻ പദ്ധതി തയ്യാറാക്കും. 2023-24 വർഷത്തിനുള്ളിൽ ഇവ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.