കൊടുവള്ളി-മാനിപുരം റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണി
കാപ്പാട്-തുഷാരഗിരി സംസ്ഥാനപാതയില്‍ കൊടുവള്ളി-മാനിപുരം റോഡില്‍ നടപ്പാതയില്ലാത്തതും ഓവുചാലിന് സ്ലാബ് ഇല്ലാത്തതും കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. മുത്തമ്പലം മുതല്‍ കാവില്‍ വരെയുള്ള ഭാഗത്ത് ഓവുചാലിനോട് ചേര്‍ന്നാണ് ടാറിംഗ് നടത്തിയിരിക്കുന്നത്. വലിയ വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് മാറിനില്‍ക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണ്. ഓവുചാല്‍ സ്ലാബിടാതെ കിടക്കുന്നതിനാല്‍ ഇവിടേക്ക് മാറിനില്‍ക്കുന്നതും വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണിയാകുകയാണ്. മഴക്കാലമായതോടെ ഓവുചാല്‍ നിറഞ്ഞൊഴുന്ന അവസ്ഥയില്‍ ഇതില്‍ വീണ് അപകടമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണിയില്ലാതെ യാത്ര ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. മാനിപുരം എയുപി സ്‌കൂള്‍, ഒതയോത്ത് മദ്രസ, അങ്കണവാടികള്‍ എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികളും ദിവസേന കടന്നുപോകുന്ന പാതയാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡ് നവീകരിച്ചതോടെയാണ് ഓവുചാലിനോട് ചേര്‍ന്ന് ടാറിംഗ് നടത്തിയത്. എന്നാല്‍ ഓവുചാലിന് മുകളില്‍ സ്ലാബിടാന്‍ അധികൃതര്‍ നടപടിയെടുത്തില്ല. സമീപകാലത്ത് നിരവധി ഇരുചക്ര വാഹനങ്ങളും കാറുകളും അപകടത്തില്‍പ്പെട്ടിട്ടുണ്ട്.
ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന് ജനകീയ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.