തോർത്ത് കഴുത്തിൽ കുരുങ്ങിയ പത്തുവയസുകാരൻ മരിച്ചു
കോഴിക്കോട്:
തോർത്ത് മുണ്ട് കഴുത്തിൽ കുരുങ്ങി അവശനിലയിലായ പത്തുവയസുകാരൻ മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് ആറാംമൈലിൽ പൂവംപറമ്പത്ത് ഫയാസിന്റെ മകൻ അഹലനെയാണ് വെള്ളിയാഴ്ച രാവിലെ കുളിമുറിയിൽ അവശനിലയിൽ കണ്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ച കുട്ടിയാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി മജിസ്ട്രേട്ടെത്തി ചികിത്സയിലായിരുന്ന കുട്ടിയുടെ മൊഴിയെടുത്തിരുന്നു.വെള്ളിയാഴ്ച രാവിലെ പൊറോട്ട വാങ്ങി നൽകി പള്ളിയിൽ പോകാൻ തയ്യാറായിരിക്കാൻ പറഞ്ഞശേഷം സർവീസിന് കൊടുത്ത വാഹനം കൊണ്ടുവരാൻ പിതാവ് പുറത്ത് പോയതായിരുന്നു.
മാതാവ് എണ്ണ തേയിച്ചാണ് മകനെ കുളിമുറിയിലേക്ക് കുളിക്കാൻ വിട്ടത്. സാധാരണ കുറച്ചേറെ സമയം കുളിക്കാറുണ്ടെന്ന് രക്ഷിതാക്കൾ മൊഴി നൽകിയതായി മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു. അബദ്ധത്തിൽ പറ്റിയതല്ലെന്നും സാമൂഹ്യ മാധ്യമങ്ങളിലെ വീഡിയോ അനുകരിച്ചതാവാനാണ് സാധ്യതയെന്നാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റുമോർട്ടത്തിലും ആത്മഹത്യയെന്നാണ് സൂചന.
ശരീരത്തിൽ മറ്റ് പരിക്കുകളൊന്നുമില്ല. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇൻസ്പെക്ടർ ബെന്നിലാലുവിന്റെ നേതൃത്വത്തിൽ എസ്.ഐ.അജിത്കുമാർ, സി.പി.ഒമാരായ രാകേഷ്, മോഹൻദാസ് എന്നിവരാണ് കേസന്വേഷിക്കുന്നത്. അഹലൻ്റെ മാതാവ് : സൽമ. സഹോദരി: അലൈന.