പാലാഴിയിൽ ഓട്ടോ ഡ്രൈവർ ഓടയിൽ മരിച്ച നിലയിൽ
കോഴിക്കോട്:
പാലാഴിയിൽ മധ്യവയസ്‌കനായ ഓട്ടോ ഡ്രൈവർ ഓടയിൽ വീണു മരിച്ചു. പാലാഴി കൈപ്പുറത്ത് ശശീന്ദ്രൻ (63) ആണ് മരിച്ചത്. പാലാഴിയിലെ ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു. ഇന്നലെ രാത്രി വീട്ടിൽ നിന്നും പുറത്ത് പോയതായിരുന്നു. രാത്രി വൈകിയിട്ടും തിരിച്ചെത്താതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും രാത്രി മുഴുവൻ തിരച്ചിൽ നടത്തി.
ഇന്ന് രാവിലെയാണ് നാട്ടുകാർ ഓടയിൽ മരിച്ച നിലയിൽ ശശീന്ദ്രനെ കണ്ടെത്തുന്നത്. പാലാഴി - പുഴമ്പ്രം റോഡരുകിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയിൽ പെയ്ത മഴയിൽ ഓടകളെല്ലാം നിറഞ്ഞു കവിഞ്ഞിരുന്നു. നടക്കുമ്പോൾ ഓട തിരിച്ചറിയാതെ അതിൽ വീണതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പന്തീരാങ്കാവ് പോലീസ് കേസെടുത്തു.
റോഡരുകിലെ ഓടയ്ക്ക് സ്ലാബില്ലാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. മൂന്ന് മാസം മുൻപ് ഇതേ ഓടയിൽഒരാൾ തല കറങ്ങി ഓടയിൽ വീണ് മരിച്ചിരുന്നു. അന്ന് ഓടയ്ക്ക് സ്ലാബിടുമെന്ന പ്രഖ്യാപനം ഉണ്ടായതല്ല നടപടിയില്ലാത്തതാണ് ഒരാളുടെ ജീവൻ കൂടി നഷ്ടപ്പെടുത്തിയത്.
കോവിഡ് കാലവും ഓട്ടോക്ക് തകരാറും കാരണം ശശീന്ദ്രൻ മാസങ്ങളായി വീട്ടിലായിരിക്കുകയായിരുന്നെന്ന് ബന്ധു പറഞ്ഞു. സുലോചനയാണ് ശശീന്ദ്രൻ്റെ ഭാര്യ. അർജ്ജുൻ, ഡോ. അമിത എന്നിവർ മക്കളും പ്രസാന മരുമകളുമാണ്.പന്തീരാങ്കാവ് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ക്കരിക്കും.