മേയര്‍ ആര്യ രാജേന്ദ്രനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ കെ മുരളീധരനെതിരെ കേസെടുത്തു
താമരശ്ശേരി ന്യൂസ്
തിരുവനന്തപുരം:
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ കെ. മുരളീധരൻ എം.പിക്കെതിരെ
പൊലീസ് കേസെടുത്തു. മേയറുടെ പരാതിയില്‍ മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഐപിസി 354 എ, 509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കോര്‍പറേഷനുമുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിലാണ് കെ മുരളീധരന്‍ എംപി മേയര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് മേയര്‍ മ്യൂസിയം പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ മുരളീധരൻ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാലും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മേയർ വ്യക്തമാക്കിയിരുന്നു.
മുരളീധരന്റെ വിവാദ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 'എം.പി. പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന കസേരയിലാണ് ആര്യാ രാജേന്ദ്രന്‍ ഇരിക്കുന്നത്. അതുകൊണ്ട് അവരോട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍... എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്നു മാത്രമാണ് അവരോടു പറയാനുള്ളത്. കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട് ശരിയാ. പക്ഷെ വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തു മാത്രം കിളുത്തതാണ്. മഴ കഴിയുമ്പോഴേക്കും സംഭവം തീരും. ''