കോവിഡ് വാക്‌സിൻ മൂന്നു ഡോസ് വേണ്ടെന്ന് ഐഎംഎ ഗവേഷണ സെൽ
കോഴിക്കോട്:
കോവിഡ് വാക്‌സിൻ മൂന്നു ഡോസ് വേണ്ടെന്നും രണ്ടു ഡോസ് പര്യാപ്‌തമാണെന്നും ഐഎംഎ ഗവേഷണ സെൽ. മൂന്നാം ഡോസ് രോഗപ്രതിരോധത്തിൽ വർധനയുണ്ടാക്കുന്നില്ലെന്നാണ് പഠനങ്ങളെന്ന് ഗവേഷണസെൽ വൈസ് ചെയർമാൻ ഡോ രാജീവ് ജയദേവൻ ഐഎംഎ മുഖപത്രമായ ‘നമ്മുടെ ആരോഗ്യ’ത്തിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നത്. അർബുദം, വൃക്കരോഗം മുതലായവയുള്ളവരിൽ രണ്ടു ഡോസ് കൊടുത്തിട്ടും പ്രതിരോധം കുറവായാൽ മൂന്നു ഡോസ് എടുക്കാം എന്ന് പൊതുവേ അംഗീകരിച്ചിട്ടിട്ടുണ്ട്.
ആദ്യഡോസിൽ നമ്മുടെ ശരീരത്തിൽ നിരവധി ശ്രേണികളിൽ രോഗപ്രതിരോധ സംവിധാനം ഉണർന്നു പ്രവർത്തിക്കുന്നു. പ്രതിദ്രവ്യം ഇതിൽ ഒന്നുമാത്രം. അതോടൊപ്പം ഉൽപ്പാദിപ്പിക്കപ്പെടുന്ന മെമ്മറി കോശങ്ങൾ വർഷങ്ങളോളം ശരീരത്തിൽ നിലനിൽക്കും. രണ്ടാമത്തെ ഡോസിൽ മെമ്മറി കോശങ്ങൾ ഉടൻ ഉണർന്നു പ്രവർത്തിക്കും. പ്രതിദ്രവ്യം ഞൊടിയിടയിൽ ഉൽപ്പാദിപ്പിക്കുന്ന പ്ലാസ്‌മ ബ്ലാസ്‌റ്റുകൾ ഉണ്ടാക്കും. വൈറസ് ‘വേഷംമാറി’ വന്നാൽ പോലും ശരീരത്തെ മെമ്മറി കോശത്തിന് സംരക്ഷിക്കാൻ കഴിയും. അതുകൊണ്ടാണ് ഗുരുതരരോഗം, മരണം എന്നിവ തടയുന്നതിൽ വാക്‌സിൻ 90 ശതമാനത്തിലേറെ ഫലപ്രാപ്തി കാണിക്കുന്നത്