About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2021 | ഒക്ടോബർ 29 1197 തുലാം 13| റബീഉൽ അവ്വൽ 22 വെള്ളി | പൂയം  |



🔳ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളാ തീരത്തിന് സമീപത്ത് കൂടി പോകാന്‍ സാധ്യതയെന്ന് മന്ത്രി രാജന്‍. ബുറേവി ചുഴലിക്കറ്റിന്റേതിന് സമാനമായ സഞ്ചാരപാതയാണ് നിലവില്‍ കാണിക്കുന്നത്. അറബിക്കടലില്‍ ഒരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത് മറ്റ് കാലാവസ്ഥ ഏജന്‍സികളുടെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചു കൊണ്ടാണെന്നും കൂടുതല്‍ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നാണ് സൂചനകളെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ ഒന്നാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 14,287 കോവിഡ് രോഗികളില്‍ 7,738 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 803 മരണങ്ങളില്‍ 708 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 542 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 110 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ 1,55,180 സജീവരോഗികളില്‍ 78,199 രോഗികളും കേരളത്തിലാണുള്ളത്.


🔳സംസ്ഥാനത്ത് കോവിഡ് 19 വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധം പേര്‍ ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിനെതിരായ വലിയ പോരാട്ടം നടക്കുന്ന ഈ വേളയില്‍ ഇത്രയും പേര്‍ക്ക് സമ്പൂര്‍ണ വാക്‌സിനേഷന്‍ നല്‍കി സുരക്ഷിതരാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും മാത്രമല്ല 94 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനുമായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

🔳ജീവനക്കാരുടെയും സന്ദര്‍ശകരുടെയും സഞ്ചാരം നിയന്ത്രിക്കുന്നതിനുള്ള 'അക്സസ് കണ്ട്രോള്‍ സംവിധാനം' സെക്രട്ടേറിയേറ്റില്‍ സ്ഥാപിക്കും. കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ കെല്‍ട്രോണാണ് പദ്ധതി നടപ്പിലാക്കുക.  1,95,40,633 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 


🔳ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരുവര്‍ഷമാകുന്ന വേളയിലാണ് ജാമ്യം ലഭിച്ചത്.

🔳സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല. കൂടിയാലോചനയില്ലാതെയാണ് മത്സരപ്രഖ്യാപനമെന്ന് ചെന്നിത്തല വിമര്‍ശിച്ചു. നേതൃത്വം ഏകപക്ഷീയമായി മുന്നോട്ട് പോയാല്‍ സമവായത്തിന് നില്‍ക്കാതെ യോജിച്ച് കടുത്ത മത്സരത്തിനിറങ്ങാനാണ് എ-ഐ ഗ്രൂപ്പുകളുടെ ആലോചന. അധ്യക്ഷന്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കെ ഇനിയുള്ള പുനസംഘടന എങ്ങിനെ സുതാര്യമാകുമെന്നാണ് ഗ്രൂപ്പുകളുടെ ചോദ്യം.

🔳പ്രതിപക്ഷ നേതാവെന്ന നിലയില്‍ തനിക്കുള്ള പൊലീസ് സുരക്ഷ വെട്ടിചുരുക്കിയതില്‍ പ്രതികരണവുമായി വിഡി സതീശന്‍. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ തന്റെ ഔദ്യോഗിക വസതിയും ഔദ്യോഗിക കാറും തിരികെ കൊടുക്കാന്‍ തയ്യാറാണെന്ന് സതീശന്‍ പറഞ്ഞു. വര്‍ഷങ്ങളായി പ്രതിപക്ഷ നേതാവിന് കേരളത്തില്‍ ഒരു സ്റ്റാറ്റസുണ്ടെന്നും അതിടിച്ചു താഴ്ത്താനാവും സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ ഇതുെകാണ്ടൊന്നും എന്റെ സ്ഥാനം താഴില്ലെന്നും സതീശന്‍ പറഞ്ഞു.


🔳ഇടത് മുന്നണിയുമായി തെറ്റിയ ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് തന്നെ. കോണ്‍ഗ്രസിലേക്കുള്ള മടക്കത്തെപറ്റി ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നും  രാവിലെ എ കെ ആന്റണിയെ കണ്ട ശേഷം ചെറിയാന്‍ ഫിലിപ്പ് മാധ്യമങ്ങളെ കാണുമെന്നും റിപ്പോര്‍ട്ടുകള്‍. ഇരുപത് വര്‍ഷത്തിന് ശേഷമാണ് ചെറിയാന്‍ ഫിലിപ്പ് തിരികെ കോണ്‍ഗ്രസിലെത്തുക.

🔳ശബരിമലയില്‍ വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്തിയ നടപടിയില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കേരളാ ഹൈക്കോടതി. വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ ദേവസ്വം ബഞ്ചിന്റെ അനുമതി വേണമെന്നും അല്ലാത്ത നടപടി നിയമ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. 2011 മുതല്‍ വെര്‍ച്ചല്‍ ക്യൂവിനു ഹൈക്കോടതി അനുമതി തന്നിട്ടുണ്ടെന്നും ആയതിനാല്‍ വെര്‍ച്ചല്‍ ക്യൂ സംവിധാനം ഇപ്പോള്‍ നിര്‍ത്തലാക്കാന്‍ സാധ്യമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ അങ്ങനെ ഒരു വിധിയുണ്ടോ എന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ അധികാരത്തില്‍ കൈകടത്തിയില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍, കോടതി പറയുന്ന പരിഷ്‌കാരങ്ങള്‍ നടത്താന്‍ തയ്യാറെന്നും വ്യക്തമാക്കി.

🔳ദില്ലിയിലെ കേരള ഹൗസില്‍ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്നത് വിവാദത്തിലായി. പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ചട്ടം മറികടന്ന് ഡിവൈഎഫ്ഐക്കായി കോണ്‍ഫറന്‍സ് മുറി അനുവദിച്ചെന്നാണ് ആരോപണം. കേരള ഹൗസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് ഇന്നലെ കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്നത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന മന്ത്രി മുഹമ്മദ് റിയാസും യോഗത്തില്‍ പങ്കെടുത്തിരുന്നു. കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്ന്  യൂത്ത് കോണ്‍ഗ്രസ് ദില്ലി വക്താവ് വിനീത് തോമസ് അറിയിച്ചു.

🔳പ്രളയഭീതിയുണര്‍ത്തി എരുമേലിയില്‍ അതിതീവ്രമഴ. എരുമേലിയിലെ എയ്ഞ്ചല്‍വാലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി.  എരുമേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ ഏയ്ഞ്ചല്‍വാലി ജംഗ്ഷന്‍, പള്ളിപടി , വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. സമീപത്തെ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി.

🔳സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. ഇതേത്തുടര്‍ന്ന് പത്തനംതിട്ടയിലെ കക്കി-ആനത്തോട് അണക്കെട്ടില്‍ ജലനിരപ്പ് വാണിങ് ലെവലിലെത്തി. ഇവിടെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ നിയന്ത്രിത അളവില്‍ ജലം തുറന്നു വിടുമെന്ന് അറിയിച്ചിട്ടുണ്ട്. പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ല ഭരണകൂടം അറിയിച്ചു.

🔳തമിഴ് സൂപ്പര്‍താരം രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ചെന്നൈ അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തെ വിദഗ്ധ പരിശോധനയ്ക്ക് വിധേനനാക്കിയിട്ടുണ്ട്. എന്നാല്‍ ഭയപ്പെടാനൊന്നുമില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വിശദീകരണവുമായി എത്തിയിട്ടുണ്ട്.

🔳വിജയിച്ചാലും പരാജയപ്പെട്ടാലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി ബിജെപി കാലങ്ങളോളം തുടരുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. എന്നാല്‍ കോണ്‍ഗ്രസോ രാഹുല്‍ ഗാന്ധിയോ ഇക്കാര്യം തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

🔳ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്.

🔳ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ അറസറ്റില്‍ നിന്ന് സംരക്ഷണം തേടി എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ സമര്‍പ്പിച്ച അപേക്ഷ ബോംബെ ഹൈക്കോടതി തീര്‍പ്പാക്കി. കേസ് രജിസ്റ്റര്‍ ചെയ്താല്‍ അറസ്റ്റിന് മൂന്ന് ദിവസം മുമ്പ് സമീര്‍ വാങ്കഡെയ്ക്ക് നോട്ടീസ് നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്നും ഏത് ദിവസവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നുവെന്നും അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി സമര്‍പ്പിച്ച അപേക്ഷയില്‍ സമീര്‍ വാങ്കഡെ കോടതിയെ ബോധിപ്പിച്ചിരുന്നു. കേസന്വേഷണം സിബിഐയ്‌ക്കോ അല്ലെങ്കില്‍ ഏതെങ്കിലും കേന്ദ്ര ഏജന്‍സികള്‍ക്കോ കൈമാറണമെന്നും വാങ്കഡെ ആവശ്യപ്പെട്ടിരുന്നു.

🔳അഗ്നി-5 ന്റെ എട്ടാം പരീക്ഷണം വിജയമായതോടെ ഇന്ത്യന്‍ പ്രതിരോധ ആത്മവിശ്വാസം ഭൂഖണ്ഡത്തിന്റെ അതിരോളം ഉയര്‍ന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ആദ്യ ആണവ-ഭൂഖണ്ഡാന്തര മിസൈലാണ് അഗ്നി -5. ഇതിന്റെ ദൂരപരിധിയില്‍ ഏഷ്യ പൂര്‍ണമായും യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങള്‍ ഭാഗികമായും ഉള്‍പ്പെടും എന്നത് ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള മുന്നറിയിപ്പ് കൂടിയായി പ്രതിരോധ വിദഗ്ധര്‍ കാണുന്നു.

🔳മാതൃ കമ്പനിയുടെ പേരില്‍ മാറ്റം വരുത്തി ഫേസ്ബുക്ക്. മെറ്റ (Meta) എന്നാണ് കമ്പനിക്ക് നല്‍കിയിരിക്കുന്ന പുതിയ  പേര്. അതേസമയം നിലവില്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നീ ആപ്പുകളുടെയും സേവനങ്ങളുടെയും പേരില്‍ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം വരുത്തുന്നതെന്നും കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ബ്രാന്‍ഡ് നെയിം മാറ്റത്തോടെ സ്മാര്‍ട്ട്ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ ഉത്പന്നങ്ങളുടെ നിര്‍മാണത്തിലേക്ക് കടക്കാന്‍ സക്കര്‍ബര്‍ഗ് ആഗ്രഹിക്കുന്നുവെന്നാണ് വിവരം.

🔳ഐപിഎല്ലില്‍ പുതിയ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന മെഗാ താരലേലത്തിന് മുന്നോടിയായി ഓരോ ടീമുകള്‍ക്കും നാല് താരങ്ങളെ വീതം നിലനിര്‍ത്താമെന്ന് ഐപിഎല്‍ ഭരണസമിതി തീരുമാനിച്ചു. മൂന്ന് ഇന്ത്യന്‍ താരങ്ങളേയും ഒരു വിദേശതാരത്തേയും അല്ലെങ്കില്‍ രണ്ടുവീതം ഇന്ത്യന്‍, വിദേശ താരങ്ങളേയും നിലനിര്‍ത്താം എന്നതാണ് വ്യവസ്ഥയെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഓരോ ടീമിനും ലേലത്തില്‍ ചെലവഴിക്കാവുന്ന പരമാവധി തുക കഴിഞ്ഞ സീസണിലെ 85 കോടിയില്‍ നിന്ന് 90 കോടിയായി ഉയര്‍ത്തിയിട്ടുമുണ്ട്.

🔳ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്ത ഓസ്ട്രേലിയക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ലങ്ക ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം മൂന്ന് ഓവറും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തി ഓസീസ് മറികടന്നു. ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് ഓസീസ് അനായാസം ലക്ഷ്യത്തിലെത്തിയത്. 42 പന്തില്‍ 65 റണ്‍സെടുത്ത വാര്‍ണറാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. സ്‌കോര്‍ ശ്രീലങ്ക 20 ഓവറില്‍ 154-6, ഓസ്ട്രേലിയ 17 ഓവറില്‍ 155-3.

🔳മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗാരി കിര്‍സ്റ്റന്‍ പാക് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ട്. പരിശീലക സ്ഥാനത്തേക്ക് കിര്‍സ്റ്റന്റെ പേര് പാക് ക്രിക്കറ്റ് ബോര്‍ഡ് സജീവമായി പരിഗണിക്കുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. 2007 മുതല്‍ 2011 വരെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന കിര്‍സ്റ്റനു കീഴിലാണ് ഇന്ത്യ 2011 ലെ ഏകദിന ലോകകപ്പ് നേടിയത്.


🔳രാജ്യത്ത് ഇന്നലെ 14,287 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 13,165 പേര്‍ രോഗമുക്തി നേടി. മരണം 803. ഇതോടെ ആകെ മരണം 4,57,221 ആയി. ഇതുവരെ 3,42,45,530 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.55 ലക്ഷം കോവിഡ് രോഗികള്‍.


🔳മഹാരാഷ്ട്രയില്‍ ഇന്നലെ 1,418 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,061 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.


🔳ആഗോളതലത്തില്‍ ഇന്നലെ 4,46,739 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 64,277 പേര്‍ക്കും ഇംഗ്ലണ്ടില്‍ 39,842 പേര്‍ക്കും റഷ്യയില്‍ 40,096 പേര്‍ക്കും തുര്‍ക്കിയില്‍ 25,528 പേര്‍ക്കും ജര്‍മനിയില്‍ 26,610 പേര്‍ക്കും ഉക്രെയിനില്‍ 26,071 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 24.62 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.81 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,406 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,148 പേരും റഷ്യയില്‍ 1,159 പേരും ബ്രസീലില്‍ 342 പേരും മെക്സിക്കോയില്‍ 386 പേരും ഉക്രെയിനില്‍ 576 പേരും റൊമാനിയായില്‍ 403 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49.94 ലക്ഷം.