About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2021 | നവംബർ 29| 1197 വൃശ്ചികം 14 | ആഖിർ 24| തിങ്കൾ | ഉത്രം


🔳ലോകാരോഗ്യ സംഘടന അത്യന്തം അപകടകാരിയെന്ന് വിശേഷിപ്പിച്ച കൊവിഡ് വകഭേദം ഒമിക്രോണ്‍ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. ബെല്‍ജിയത്തിന് പിന്നാലെ ജര്‍മനിയിലും ഇറ്റലിയിലുമായി മൂന്ന് കേസുകളാണ് സ്ഥിരീകരിച്ചത്. രണ്ട് കേസുകള്‍ സ്ഥിരീകരിച്ച ബ്രിട്ടന്‍ കടുത്ത നടപടികളുമായി രംഗത്തെത്തി. ഇസ്രയേല്‍ രാജ്യാതിര്‍ത്തികള്‍ അടച്ചു. ബെല്‍ജിയത്തിന് പിന്നാലെ ജര്‍മനിയില്‍ രണ്ടുപേരിലും ഇറ്റലിയില്‍ ഒരാളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ യൂറോപ്യന്‍ രാജ്യങ്ങളിലും ആശങ്ക ഏറുകയാണ്.

🔳ഒമിക്രോണ്‍ വൈറസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. രാജ്യത്തെത്തുന്നവര്‍, എയര്‍ സുവിധ പോര്‍ട്ടലില്‍ കഴിഞ്ഞ രണ്ടാഴ്ചത്തെ യാത്രാവിവരം നല്‍കണം. 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് ഫലം ഉള്‍പ്പെടുത്തണം. നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് സ്വയം സാക്ഷൃപ്പെടുത്തണം. വിവരങ്ങളില്‍ തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകും.

🔳കൊവിഡിന്റെ ഒമിക്രോണ്‍ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയരാകണം. ഫലം കിട്ടിയ ശേഷമേ വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പാടുള്ളു. നെഗറ്റീവായാലും ഒരാഴ്ച വീട്ടില്‍ നിരീക്ഷണം നിര്‍ബന്ധമാണ്. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. പോസിറ്റീവാകുന്നവരുടെ സാമ്പിള്‍ ജീനോം സീക്വന്‍സിംഗിന് വിധേയമാക്കും. ഇവരെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റും. കപ്പല്‍ മാര്‍ഗം എത്തുന്നവര്‍ക്കും നിബന്ധനകള്‍ ബാധകമാണ്. നിബന്ധനകള്‍ ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

🔳ഒമിക്രോണ്‍ ഇതിനോടകം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്ക, ബ്രിട്ടണ്‍, ജര്‍മ്മനി, ഓസ്ട്രിയ, ഹോങ്കോങ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് യാത്ര വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും ശക്തമാക്കി. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗം സാഹചര്യം പരിശോധിച്ച് മാത്രമേ ഡിസംബര്‍ 15ന് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ വീണ്ടും തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമാകൂ.

🔳വിവാദ കാര്‍ഷിക നിയമങ്ങളില്‍ സര്‍ക്കാരിനെതിരെ സര്‍വ്വകക്ഷി യോഗത്തില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം. നിയമം പിന്‍വലിക്കേണ്ടി വന്നത് കേന്ദ്രസര്‍ക്കാരിന്റെ ഏകാധിപത്യ ശൈലിക്കേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ചെറിയൊരു ശതമാനമാണ് നിയമങ്ങളെ എതിര്‍ത്തതെന്ന് സര്‍ക്കാര്‍ തിരിച്ചടിച്ചു. പാര്‍ലമെന്റ് സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പ്രതിപക്ഷ നിരയില്‍ ഭിന്നത ദൃശ്യമായി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ വിളിച്ച യോഗം തൃണമൂല്‍ കോണ്‍ഗ്രസ് ബഹിഷ്‌ക്കരിക്കും. കോണ്‍ഗ്രസിന് എല്ലാ പാര്‍ട്ടികളുടെയും നേതൃത്വം അവകാശപ്പെടാനാവില്ലെന്നാണ് തൃണമൂല്‍ നിലപാട്.

🔳സവര്‍ക്കറെ എതിര്‍ക്കുന്നവര്‍ അദ്ദേഹം ഒരു വിപ്ലവകാരായായിരുന്നുവെന്ന കാര്യം മറന്നുപോകരുതന്നെ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സവര്‍ക്കറുടെ ചിന്താഗതികള്‍ രാഷ്ട്ര വികസനവും ഇന്ത്യയിലെ ജനങ്ങളുടെ ഐക്യവും ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഗാന്ധിജിക്കും മുന്‍പെ തൊട്ടുകൂടായ്മയെ എതിര്‍ത്ത നേതാവാണ് സവര്‍ക്കറെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ കമ്മീഷണര്‍ ഉദയ് മാഹുര്‍ക്കര്‍ രചിച്ച സവര്‍ക്കറെ കുറിച്ചുള്ള പുസ്തകം കൊച്ചിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

🔳പത്തനംതിട്ടയില്‍ പാര്‍ട്ടിക്കുള്ളില്‍ കുലംകുത്തികളുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി. ഏരിയാ സമ്മേളനത്തിലെ ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴായിരുന്നു ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ പരാമര്‍ശം. കുലം കുത്തികള്‍ അടുത്ത സമ്മേളനം കാണില്ലെന്നും ഉദയഭാനു മുന്നറിയിപ്പ് നല്‍കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരായ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് ജില്ലാ സെക്രട്ടറിയുടെ കുലംകുത്തി പരാമര്‍ശം. 2016ലും 2021ലും വീണാ ജോര്‍ജ്ജിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ പാര്‍ലമെന്ററി മോഹമുള്ളവരാണെന്നാണ് ഉദയഭാനുവിന്റെ ആക്ഷേപം.

🔳ഹലാല്‍ വിവാദത്തിലെ വര്‍ഗ്ഗീയ പ്രചാരണങ്ങളെ തള്ളി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ഹലാല്‍ ഭക്ഷണം കഴിക്കുക മുസ്ലീം ജനവിഭാഗം മാത്രമായിരിക്കുമെന്ന പരിഹാസത്തിന്റെ ഭാഗമാണ് നിലവിലെ വിവാദമെന്ന് കാന്തപുരം പറഞ്ഞു. ഹലാല്‍ ബോര്‍ഡ് വച്ച ഒരിടത്തും തുപ്പിയ ഭക്ഷണമല്ല വിളമ്പുന്നതെന്നും വിവാദങ്ങളിലൂടെ വര്‍ഗീയത ഉണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും കാന്തപുരം പറഞ്ഞു.

🔳ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത എല്‍എല്‍ബി വിദ്യാര്‍ത്ഥിനി മോഫിയയുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മോഫിയയുടെ വീട്ടില്‍ എത്തിയ ഗവര്‍ണര്‍ ആലുവ പൊലീസിന്റെ നടപടിയെയും വിമര്‍ശിച്ചു. രാജ്യത്തെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേതെങ്കിലും ചിലയിടങ്ങളില്‍ ആലുവയില്‍ സംഭവിച്ചത് പോലുള്ളത് ആവര്‍ത്തിക്കപ്പെടുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിലുള്ള സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നുവെന്നും സ്ത്രീധനമെന്ന സമ്പ്രദായം ഇല്ലാതാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചോദിക്കുകയോ ചെയ്താല്‍ സര്‍വകലാശാലാ ബിരുദം തിരിച്ചെടുക്കുന്ന നിയമം അനിവാര്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

🔳മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി, വിതരണ കമ്പനികള്‍ തന്നെ മൂന്‍കൂര്‍ വഹിക്കണമെന്ന ബെവ്കോയുടെ നിര്‍ദ്ദേശം വിവാദമാകുന്നു. പുതിയ തീരുമാനം ചെറിയ കമ്പനികളെ , കേരള വിപണിയില്‍ നിന്ന് അകറ്റുമന്നും കുത്തക കമ്പനികള്‍ മദ്യവില്‍പ്പന കയ്യടക്കമെന്നും ആക്ഷേപം ഉയരുന്നു. എന്നാല്‍ വിതരണ കമ്പനികളുടെ യോഗത്തില്‍ വച്ച നിര്‍ദ്ദേശം മാത്രമാണിതെന്നും, ഉത്തരവിറക്കിയിട്ടില്ലെന്നും ബെവ്കോ വിശദീകരിച്ചു

🔳പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ശേഖരത്തിലെ 35 പുരാവസ്തുക്കളും വ്യാജമെന്ന് സ്ഥിരീകരണം. പിടിച്ചെടുത്ത പുരാവസ്തുക്കള്‍ പരിശോധിച്ച പുരാവസ്തു വകുപ്പ് ക്രൈംബ്രാഞ്ചിന് റിപ്പോര്‍ട്ട് നല്‍കി. താളിയോലകള്‍ക്ക് മൂല്യമില്ല. തംബുരു, വിളക്ക്, ഓട്ട് പാത്രങ്ങള്‍ എന്നിവയ്ക്കും മൂല്യമില്ലെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്.

🔳കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ഇന്നും കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് അവധി.

🔳മാംഗ കലാകാരനാവാന്‍ പ്രയത്നിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ സംഭവബഹുലമായൊരു ഏട് വരച്ചുകാട്ടിയ ജപ്പാനീസ് ചിത്രം റിങ് വാന്‍ഡറിങ്ങ് 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം സ്വന്തമാക്കി. മസാകാസു കാനെകോയാണ് ചിത്രം അണിയിച്ചൊരുക്കിയത്. മികച്ച സംവിധായകനുള്ള രജതമയൂരം വാക്ലേവ് കാണ്ട്രാന്‍ങ്കയ്ക്ക്. ചിത്രം സേവിങ് വണ്‍ ഹു വാസ് ഡെഡ്. ഗോദാവരി എന്ന ചിത്രത്തിലെ അഭിനയത്തിന് ജിതേന്ദ്ര ജോഷി മികച്ച നടനായും ഷാര്‍ലെറ്റിലെ അഭിനയത്തിന് ആഞ്ചലീന മൊളിന മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

🔳ബജ്‌റംഗദള്‍  ഭീഷണിയെ തുടര്‍ന്ന്  സ്റ്റാന്‍ഡ് അപ് കോമഡി കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന  കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയുടെ  അവസ്ഥ രാജ്യത്തിന് നാണക്കേടാണെന്ന് ശശി തരൂര്‍ എംപി.  ആവിഷ്‌കാര സ്വാതന്ത്ര്യം പല രൂപത്തില്‍ അടിച്ചമര്‍ത്തപ്പെടാറുണ്ട്.,ഒരു സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്റെ വേദിയെ ഭീഷണിപ്പെടുത്തുന്നത് അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണെന്ന് ശശി തരൂര്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു. സംഘപരിവാര്‍ സംഘടനകളുടെ നിരന്തരമായ ഭീഷണികള്‍ക്ക് പിന്നാലെ സ്റ്റാന്‍ഡ് അപ് കോമഡി കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖി പ്രഖ്യാപിച്ചിരുന്നു.  വിദ്വേഷം ജയിക്കുകയും കലാകാരന്‍ തോല്‍ക്കുകയും ചെയ്തുവെന്നാണ് മുനവര്‍ പ്രതികരിച്ചത്.

🔳പ്രശസ്ത കൊറിയോഗ്രാഫര്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. 72 വയസായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. എണ്ണൂറോളം സിനിമകള്‍ക്ക് അദ്ദേഹം നൃത്ത സംവിധാനം ചെയ്തിട്ടുണ്ട്. തിരുടാ തിരുടി എന്ന ചിത്രത്തിലെ മന്‍മദരാസ, എസ്എസ് രാജമൗലവിയുടെ മഗധീര എന്ന ചിത്രത്തിലെ ധീരാ ധീരാ ഗാനങ്ങളും ബാഹുബലി, മഹാത്മ, അരുന്ധതി, സൂര്യവംശം, പൂവെ ഉനക്കാകെ എന്നുതുള്‍പ്പടെ നിരവധി ചിത്രങ്ങളിലെ ഹിറ്റ്ഗാനങ്ങള്‍ക്ക് നൃത്ത സംവിധാനമൊരുക്കിയത് മാസ്റ്ററായിരുന്നു. ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

🔳തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കൂറുമാറ്റത്തില്‍ ആശങ്കയില്ലെന്ന് സൂചിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ആര്‍ക്കും ഏത് പാര്‍ട്ടിയിലും ചേരാം , ആരെയും ഒന്നിനും നിര്‍ബന്ധിക്കില്ല എന്നാണ് താരിഖ് അന്‍വര്‍ അഭിപ്രായപ്പെട്ടത്.

🔳എയര്‍ടെല്ലിനും വോഡാഫോണ്‍ ഐഡിയക്കും പിന്നാലെ റിലൈന്‍സ് ജിയോയും ടെലികോം താരിഫ് ഉയര്‍ത്തി. പ്രീ പെയ്ഡ് ടെലികോം നിരക്കുകള്‍ 20 ശതമാനം വരെയാണ് വര്‍ധിപ്പിച്ചത്. ഡിസംബര്‍ ഒന്ന് മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക..

🔳ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. സീസണിലെ മൂന്നാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് 1-1ന് തുല്യത നേടുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് സമനിലയോടെ മടങ്ങുന്നത്. ആഷിഖ് കുരുണിയന്റെ ഗോളില്‍ മുന്നിലെത്തിയ ബാംഗ്ലൂര്‍ എഫ്‌സി ആഷിഖിന്റെ തന്നെ സെല്‍ഫ് ഗോളില്‍ ജയം കൈവിടുകയായിരുന്നു.

🔳കാണ്‍പൂര്‍ ടെസ്റ്റില്‍ 284 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ന്യൂസിലന്‍ഡിനെ തുടക്കത്തിലെ സമ്മര്‍ദത്തിലാക്കി ടീം ഇന്ത്യ. നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ കിവീസിന് നാല് റണ്‍സെടുക്കുന്നതിനിടെ ഒരു വിക്കറ്റ് നഷ്ടമായി. അവസാന ദിവസം ഒമ്പത് വിക്കറ്റ് കയ്യിലിരിക്കേ ജയിക്കാന്‍ കിവികള്‍ക്ക് 280 റണ്‍സ് വേണം. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ശ്രേയസ് അയ്യരുടെ മാസ്റ്റര്‍ ക്ലാസിന് പിന്നാലെ വാലറ്റവും തിളങ്ങിയപ്പോള്‍ ന്യൂസിലന്‍ഡിന് മുന്നില്‍ 284 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ടീം ഇന്ത്യ വച്ചുനീട്ടുകയായിരുന്നു. 49 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇന്ത്യ 234-7 എന്ന നിലയില്‍ ഡിക്ലെയര്‍ ചെയ്തു. ശ്രേയസ് അയ്യര്‍ 65 റണ്‍സെടുത്തപ്പോള്‍ വൃദ്ധിമാന്‍ സാഹ 61 റണ്‍സെടുത്തു.

🔳ഫ്രഞ്ച് ലീഗ് വണ്ണില്‍ വിജയം തുടര്‍ന്ന് പിഎസ്ജി. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹാട്രിക് അസിസ്റ്റ് നേടിയ  മത്സരത്തില്‍ സെയ്ന്റ് എറ്റീനെ 3-1ന് തോല്‍പ്പിച്ചു. മാര്‍ക്വീന്യോസ് ഇരട്ടഗോള്‍ നേടിയപ്പോള്‍ എയ്ഞ്ചല്‍ ഡി മരിയ ഒരു ഗോള്‍ കണ്ടെത്തി.

🔳ആഗോളതലത്തില്‍ ഇന്നലെ 3,78,279 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 14,868 പേര്‍ക്കും ഇംഗ്ലണ്ടില്‍ 37,681 പേര്‍ക്കും റഷ്യയില്‍ 33,548 പേര്‍ക്കും തുര്‍ക്കിയില്‍ 21,655 പേര്‍ക്കും ഫ്രാന്‍സില്‍ 31,648 പേര്‍ക്കും ജര്‍മനിയില്‍ 38,444 പേര്‍ക്കും പോളണ്ടില്‍ 20,576 പേര്‍ക്കും നെതര്‍ലാന്‍ഡില്‍ 22,133 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 26.17 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.01 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 4,110 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 71 പേരും റഷ്യയില്‍ 1,224 പേരും    ഉക്രെയിനില്‍ 400 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52.16 ലക്ഷമായി.

🔳വാട്ട്സ്ആപ്പിന്റെ പേയ്മെന്റ് ഫീച്ചറായ വാട്ട്സ്ആപ്പ് പേ ഇന്ത്യയിലെ 40 ദശലക്ഷം ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകും. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ 40 ദശലക്ഷം ഉപയോക്താക്കളിലേക്ക് വാട്ട്സ്ആപ്പ് പേ പേയ്മെന്റ് സേവനം വിപുലീകരിക്കുന്നതിന് മെസേജിംഗ് ആപ്പിന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. വാട്ട്സ്ആപ്പിനുള്ളില്‍ ലഭ്യമായ പേയ്മെന്റ് ഫീച്ചറാണ് വാട്ട്സ്ആപ്പ് പേ. ഇത് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

🔳1983ല്‍ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ബഹുഭാഷാ ചിത്രമാണ് '83'. രണ്‍വീര്‍ സിംഗ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ കബീര്‍ ഖാന്‍ ആണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യതയായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രം മലയാളത്തില്‍ അവതരിപ്പിക്കുന്നത് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

🔳നീരജ് മാധവ് , അപര്‍ണ ബാലമുരളി  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ചാര്‍ലി ഡേവിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'സുന്ദരി ഗാര്‍ഡന്‍സ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ടൊവീനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചത്. അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലിം അഹമ്മദ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.