About

News Now

നടുറോഡിൽ യുവതിക്ക് ക്രൂരമർദ്ദനം: ഭർത്താവ് പിടിയിലായി

 

കോഴിക്കോട് 
നടുറോഡിൽ യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. കോഴിക്കോട് എരഞ്ഞിപ്പാലം കാട്ടുവയൽ കോളനിയിലെ നിധീഷ് (38) ആണ് പിടിയിലായത്. കൽപ്പറ്റയിൽ വെച്ച് നടക്കാവ് പോലീസാണ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ 
വധശ്രമത്തിന് കേസെടുത്തിരുന്നു. മത്സ്യകട നടത്തുന്ന നടക്കാവ് സ്വദേശി ശാമിലിയെയാണ് ഭർത്താവ് നിധീഷ് ക്രൂരമായി ആക്രമിച്ചത്. 
യുവതിയുടെ മുഖത്ത് ആസിഡൊഴിക്കുമെന്നും കൊല്ലുമെന്നും കൂടെയുള്ളവരെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
2000 രൂപ ആവശ്യപ്പെട്ടത് നല്‍കാതിരുന്നതോടെ മീന്‍കടയിലെത്തി ഭര്‍ത്താവ് തന്നെ മര്‍ദിക്കുകയായിരുന്നെന്ന് യുവതി പറയുന്നത്. മീന്‍തട്ട് തട്ടിത്തെറിപ്പിച്ചു. സ്കൂട്ടർ തകർത്തു. കരിങ്കല്ലെടുത്ത് തന്‍റെ ദേഹത്ത് എറിഞ്ഞതായും കഴുത്തിന് പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തതായി യുവതി പറഞ്ഞു. ആക്രമണത്തില്‍ യുവതിയുടെ മുഖത്തും ചെവിയിലും ഉള്‍പ്പെടെ പരിക്കേറ്റിരുന്നു.


സംഭവശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുന്നതിനിടെയാണ് പിടിയിലായത്.
നടക്കാവ് എസ്.എച്ച്.ഒ.ഹരിപ്രസാദ്, എസ്.ഐമാരായ കൈലാസ് നാഥ്, മനോജ്.എസ്.  ,സീനിയർ സിവിൽ പോലീസ് ഓഫീസർ നജീബ്, ശ്രീകാന്ത്, സിവിൽ പോലീസ് ഓഫീസർ വിമൽ എന്നിവരാണ് കേസ് അന്വേഷിച്ചത്.