ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2021 | നവംബർ 09 | 1197 തുലാം 24 | ആഖിർ 4| ചൊവ്വ | പൂരാടം
🔳പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി വീണ്ടും കേരള ഹൈക്കോടതി. ഇത് എന്തെല്ലാം കാരണങ്ങള്‍ കൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ജി.എസ്.ടി കൗണ്‍സിലിനോട് കോടതി നിര്‍ദേശിച്ചു. വിശദീകരണം പത്തുദിവസത്തിനുള്ളില്‍ കോടതി മുന്‍പാകെ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
🔳റഫാല്‍ കരാറില്‍ പുതിയ തെളിവുകള്‍ പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട്. കരാറിനായി ദസോ എവിയേഷന്‍ 65 കോടി രൂപ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തക്ക് നല്‍കിയെന്നാണ് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ യുദ്ധ വിമാന കരാറില്‍ സുഷേന്‍ ഗുപ്തയെന്നയാള്‍ ഇടനിലക്കാരനായിരുന്നുവെന്ന് മീഡിയപാര്‍ട്ട് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
🔳കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേരെയുള്ള നിലപാടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കേണ്ടി വരുമെന്ന് മാലിക് പറഞ്ഞു. കര്‍ഷകരോട് സംസാരിക്കാന്‍ തയ്യാറാകണം, കേന്ദ്ര നിലപാടാണ് ശരിയെന്ന് അവരെ ബോധിപ്പിക്കണം എന്നിരുന്നാലും കര്‍ഷകരുടെ വേദന കാണാന്‍ കഴിയാത്തത് കൊണ്ട് പിന്‍മാറുന്നു എന്ന് പറയണം. ഇത് നിങ്ങളെ വലിയവനാക്കുകയേയുള്ളൂ എന്നും പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹം പറഞ്ഞ മറുപടി എന്താണെന്ന് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും മാലിക് പറഞ്ഞു. പുതിയ പാര്‍ലമെന്റ് നിര്‍മാണത്തേയും അദ്ദേഹം വിമര്‍ശിച്ചു, ലോകാത്തരമായ കോളേജുകള്‍ പണിയുകയായിരുന്നു പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പകരം കേന്ദ്രം ചെയ്യേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
🔳മുല്ലപ്പെരിയാര്‍ ബേബി ഡാമിനരികിലെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉന്നതതല യോഗത്തിന്റെ മിനുട്‌സ് വനംമന്ത്രിക്ക് കൈമാറിയില്ല. ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് വിളിച്ച യോഗത്തിലെ തീരുമാനപ്രകാരമാണ് അനുമതി നല്‍കിയത്. വനം-വന്യജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയും യോഗത്തില്‍ പങ്കെടുത്തിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണെങ്കിലും സര്‍ക്കാരിനെ അറിയിക്കാതെ നയപരമായ വിഷയത്തില്‍ ഉത്തരവ് ഇറക്കിയതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടിലാണ്. മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കി ഉത്തരവിറക്കിയ വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നടപടിക്രമങ്ങളില്‍ ഗുരുതര പിഴവുള്ളതായി പരിശോധനയില്‍ കണ്ടെത്തി. ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായതിനാല്‍ ഇദ്ദേഹത്തിനെതിരേ വകുപ്പുതല അച്ചടക്ക നടപടി വേണമെങ്കില്‍, സ്വീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ്.
🔳മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കുമെന്ന് തമിഴ്‌നാട്. നവംബര്‍ 30-ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തുമെന്ന് ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകനാണ് പറഞ്ഞത്. ജലനിരപ്പ് ഉയര്‍ത്താത്തതിലെ തമിഴ്നാട്ടിലെ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാറിലെ കാര്യങ്ങള്‍ സുപ്രീം കോടതി പറയുന്നത് അനുസരിച്ചാണ് നടക്കുകയെന്നും അണക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേരളവുമായി പ്രശ്‌നങ്ങള്‍ക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🔳നാനോ സയന്‍സ് മേധാവി നന്ദകുമാര്‍ കളരിക്കലിനെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ എംജി സര്‍വ്വകലാശാലയില്‍ ദളിത് ഗവേഷക വിദ്യാര്‍ത്ഥി ദീപ പി മോഹന്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. തന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുവെന്നും ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളും സര്‍വകലാശാല ഉറപ്പുനല്‍കിയതായും ദീപ അറിയിച്ചു. നാനോ സയന്‍സില്‍ ഗവേഷണം നടത്താനുള്ള അഡ്മിഷന്‍ ലഭിച്ചിട്ടും അതിനുള്ള സൗകര്യം സര്‍വകലാശാലാ അധികൃതര്‍ നിഷേധിച്ചുവെന്നും ഹൈക്കോടതി ഉത്തരവുകള്‍ അടക്കം ഉണ്ടായിട്ടും തനിക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും, തന്റെ അക്കാദമിക് കരിയറിലെ പത്ത് വിലപ്പെട്ട വര്‍ഷമാണ് നഷ്ടമായതെന്നും ആരോപിച്ചാണ് അവര്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ നിരാഹാരസമരം തുടങ്ങിയത്.
🔳ഏതെങ്കിലും വിധത്തിലുള്ള മാടമ്പിത്തരങ്ങളുടെ ഇടിമുറികളായി നമ്മുടെ ഗവേഷണ കേന്ദ്രങ്ങളും കലാലയങ്ങളും മാറാതിരിക്കാന്‍ അധ്യാപകര്‍ ജാഗ്രത പാലിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. ജാതി അധിക്ഷേപത്തില്‍ എം.ജി സര്‍വകലാശാലയില്‍ നിരാഹാര സമരം നടത്തിവന്ന ഗവേഷക വിദ്യാര്‍ഥിനി ദീപാ മോഹനന്‍ സമരം അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ ഫെയ്‌സ്ബുക്കിലൂടെയുള്ള പ്രതികരണം.
🔳ഇന്ധനവില വര്‍ധനയ്ക്ക് എതിരായ വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ ആക്രമിച്ച സംഭവത്തില്‍ ടോണി ചമ്മണിയടക്കമുള്ള നേതാക്കള്‍ കീഴടങ്ങി. പ്രകടനമായി മരട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയാണ് ടോണി ചമണിയും കൂട്ടുപ്രതികളായ കോണ്‍ഗ്രസ് പ്രവത്തകരും കീഴടങ്ങിയത്. സ്റ്റേഷനിലേക്ക് പ്രവേശിക്കും മുന്‍പ് ഇവര്‍ ജോജു ജോര്‍ജിന്റെ കോലം കത്തിച്ചിരുന്നു.
🔳ശ്രീനിവാസന്‍ നായകനായ കീടം സിനിമയുടെ എറണാകുളത്തെ ഷൂട്ടിംഗ് സെറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. നടന്‍ ജോജു ജോര്‍ജ്ജിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് സിനിമാ ചിത്രീകരണം നടക്കുന്ന പുത്തന്‍കുരിശ് പിഡബ്ല്യൂഡി റസ്റ്റ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് റസ്റ്റ് ഹൗസിന് മുന്നില്‍ പൊലീസ് തടഞ്ഞു. കുന്നത്ത് നാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സിനിമാ സെറ്റുകളിലേക്കുള്ള മാര്‍ച്ച് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക പ്രതിപക്ഷനേതാവ് വി.ഡി.സതീശന് കത്തയച്ചിട്ടുണ്ട്.
🔳ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയും ഗതാഗതം തടഞ്ഞും സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയുമുള്ള സിനിമ ചിത്രീകരണം എറണാകുളം ജില്ലയില്‍ ഇനി അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. ജില്ലയില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സിനിമ ചിത്രീകരണം മുന്നറിയിപ്പില്ലാതെ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അറിയിച്ചു. സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തിനെതിരെയും യൂത്ത് കോണ്‍ഗ്രസ് പ്രചാരണവും പ്രക്ഷോഭവും ആരംഭിക്കുമെന്നും ടിറ്റോ ആന്റണി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
🔳ഗതാഗതം മുടക്കിയുള്ള സിനിമ ചിത്രീകരണം തടയുമെന്ന യൂത്ത് കോണ്‍ഗ്രസ് പ്രസ്താവന തള്ളി കോണ്‍ഗ്രസ് എറണാകുളം ഡിസിസി പ്രസിഡന്റ്. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
🔳എറണാകുളം പാലാരിവട്ടത്ത് മുന്‍ മിസ് കേരള അടക്കം മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍.തൃശ്ശൂര്‍ മാള സ്വദേശി അബ്ദുള്‍ റഹ്‌മാനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചതിനും, മനപൂവ്വമല്ലാത്ത നരഹത്യയ്ക്കുമാണ് കേസ് എടുത്തത്.
🔳നടി കെ.പി.എ.സി ലളിത കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. എന്നാല്‍ കരള്‍ മാറ്റിവയ്‌ക്കേണ്ടി വരുമെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചേ അതുസംബന്ധിച്ച് തീരുമാനമുണ്ടാകൂവെന്നും റിപ്പോര്‍ട്ടുകള്‍.
🔳ഗുജറാത്ത് തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ പാക്കിസ്ഥാനെ പ്രതിഷേധമറിയിച്ച് ഇന്ത്യ. പാക് ഹൈക്കമ്മീഷനിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. പാക് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കുനേരെയുണ്ടായ പാക്ക് വെടിവെപ്പില്‍ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. പാക്ക് നാവിക ഉദ്യോഗസ്ഥന്‍ വെടിവച്ചുവെന്നാണ് നിഗമനം. എന്നാല്‍ അതേ സമയം, ഗുജറാത്ത് തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പാകിസ്ഥാന്‍ നിഷേധിച്ചു. ജല്‍പാരി എന്ന ബോട്ടിനെയോ വെടിവെപ്പിനെയോ കുറിച്ച് അറിയില്ലെന്ന് പാകിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി.
🔳മണിപ്പൂരിലെ കോണ്‍ഗ്രസ് നേതാക്കളും മുന്‍ എംഎല്‍എമാരുമായ രണ്ട് പേര്‍ ബിജെപിയില്‍ ചേര്‍ന്നു. രാജ്കുമാര്‍ ഇമോ സിങ്ങ്, യാംതോങ്ങ് ഹാവോകിപ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി സര്‍ബാനന്ദ സൊനോവാള്‍, പാര്‍ട്ടി നേതാവ് സാമ്പിത് പത്ര എന്നിവര്‍ ഇരുവരേയും ബി.ജെ.പി അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
🔳പഞ്ചാബ് സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി പി.സി.സി. അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ധു. ചരണ്‍ജിത് സിങ് ഛന്നിയുടെ സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് സിദ്ധു കുറ്റപ്പെടുത്തി. ബേഹ്ബല്‍ കലാന്‍ വെടിവെപ്പു കേസില്‍ മുന്‍ ഡി.ജി.പി സുമേധ് സിങ് സൈനിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെതിരെ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വൈകിയതാണ് സിദ്ധുവിനെ പ്രകോപിപ്പിച്ചത്.
🔳മലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ കാളിന്ദി കുഞ്ജിനടുത്തുള്ള യമുനാനദിയില്‍ വിഷപ്പത രൂപപ്പെട്ടു. യമുനാനദിയുടെ പലഭാഗങ്ങളും വിഷപ്പതയില്‍ മൂടപ്പെട്ട് കിടക്കുകയായിരുന്നു. നദിയിലെ ഉയര്‍ന്ന അമോണിയ തോതും ഫോസ്‌ഫേറ്റ് അംശവുമാണ് വിഷപത രൂപപ്പെടാനുള്ള പ്രധാന കാരണം. വ്യാവസായിക മാലിന്യം നദിയിലേക്ക് പുറന്തള്ളിയതാണ് അമോണിയുടെ തോതും ഫോസ്‌ഫേറ്റിന്റെ അംശവും നദിയില്‍ ഉയരാനുള്ള പ്രധാന കാരണം.
🔳ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം. നാട്ടുകാരനായ ഒരാളെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാന്‍ ആണ് കൊല്ലപ്പെട്ടത്. ശ്രിനഗറിലെ ബോഹ്‌റികടാല്‍ മേഖലയില്‍ വച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ ജമ്മുകശ്മീര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം ഉണ്ടായ സ്ഥലത്ത് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
🔳43 രാജ്യങ്ങളിലായി ലോകത്തെ 4.5 കോടി മനുഷ്യര്‍ പട്ടിണിയുടെ വക്കത്താണെന്ന് ഐക്യരാഷ്ട്ര സഭാ ഭക്ഷ്യ ഏജന്‍സിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം 4.2 കോടി മനുഷ്യരായിരുന്നു ഭക്ഷ്യക്ഷാമം മൂലം പട്ടിണിയുടെ വക്കിലെത്തിയത്. താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയും നിരന്തര വരള്‍ച്ചയും കാരണം 30 ലക്ഷം പേര്‍ കൂടി ക്ഷാമത്തിലായതോടെയാണ് പട്ടിണിയെ അഭിമുഖീകരിക്കുന്നവരുടെ എണ്ണം കൂടിയതെന്ന് ലോക ഭക്ഷ്യ പദ്ധതി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡേവിഡ് ബീസ്ലി മാധ്യമങ്ങളോട് പറഞ്ഞു. ആഭ്യന്തര സംഘര്‍ഷങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, കൊവിഡ്-19 രോഗം എന്നിവയാണ് ലോകത്തെ മനുഷ്യരില്‍ നല്ലൊരു പങ്കിനെയും പട്ടിണിയുടെ വക്കിലേക്ക് വലിച്ചെറിഞ്ഞത്.
🔳ടി20 ലോകകപ്പില്‍ നിന്ന് ഇന്ത്യ വിജയത്തോടെ വിടവാങ്ങി. ഫലം അപ്രസക്തമായ സൂപ്പര്‍ 12 പോരാട്ടത്തില്‍ നമീബിയയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ക്യാപ്റ്റനെന്ന നിലയിലുള്ള വിരാട് കോലിയുടെ അവസാന ടി20 മത്സരം അവിസ്മരണീയമാക്കിയത്. 133 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 15.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ജഡേജ 16 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അശ്വിന്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. 56 റണ്‍സെടുത്ത രോഹിത് ശര്‍മ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍ 54 റണ്‍സെടുത്തു. ഇരു ടീമുകളും നേരത്തെ സെമി കാണാതെ പുറത്തായിരുന്നതിനാല്‍ മത്സരഫലം അപ്രസക്തമായിരുന്നു. എങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ കോലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും വിയജത്തോടെ യാത്രയയപ്പ് നല്‍കാന്‍ ആയെന്ന സന്തോഷത്തോടെ ടി20 ലോകകപ്പിലെ പോരാട്ടം ഇന്ത്യ അവസാനിപ്പിച്ചു.
🔳ട്വന്റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനിടെ പരിക്കേറ്റ ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയ് ലോകകപ്പില്‍ നിന്ന് പുറത്ത്. ശനിയാഴ്ച നടന്ന മത്സരത്തിനിടെ റണ്ണിനായി ഒടുന്നതിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. റോയിക്ക് പകരം ജെയിംസ് വിന്‍സിനെ ടീമിലെടുക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
🔳24 വര്‍ഷത്തിനുശേഷം പാകിസ്ഥാന്‍ പര്യടനം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ഓസീസ് ടീം പാകിസ്ഥാനില്‍ എത്തുക. മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനവും ഒരു ട്വന്റി 20യും അടങ്ങുന്നതാണ് പര്യടനം. 1998ന് ശേഷം ആദ്യമായാണ് സമ്പൂര്‍ണ പര്യടനത്തിനായി ഓസീസ് ടീം പാകിസ്ഥാനില്‍ എത്തുന്നത്. അടുത്തിടെ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും സുരക്ഷാകാരണങ്ങളാല്‍ പാക് പര്യടനം ഉപേക്ഷിച്ച സാഹചര്യത്തില്‍ ഓസ്ട്രേലിയയുടെ തീരുമാനം ശ്രദ്ധേയമാണ്.
🔳ആഗോളതലത്തില്‍ ഇന്നലെ 3,35,118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 32,906 പേര്‍ക്കും ഇംഗ്ലണ്ടില്‍ 32,322 പേര്‍ക്കും റഷ്യയില്‍ 39,400 പേര്‍ക്കും തുര്‍ക്കിയില്‍ 27,824 പേര്‍ക്കും ജര്‍മനിയില്‍ 20,580 പേര്‍ക്കും ഇന്ത്യയില്‍ 7,841 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 25.09 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.86 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 4,726 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 265 പേരും റഷ്യയില്‍ 1,190 പേരും ഉക്രെയിനില്‍ 473 പേരും റൊമാനിയായില്‍ 240 പേരും ഇന്ത്യയില്‍ 304 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50.69 ലക്ഷമായി.
🔳ടാറ്റയുടെ പുതുനേതൃത്വത്തിനുകീഴില്‍ ജനുവരി 23ന് എയര്‍ ഇന്ത്യ വീണ്ടും സര്‍വീസ് തുടങ്ങിയേക്കും. ദേശാസാത്കരണത്തിന്റെ നീണ്ട 68 വര്‍ഷത്തിനുശേഷം ഈയിടെയാണ് എയര്‍ ഇന്ത്യയെ ടാറ്റ വീണ്ടും സ്വന്തമാക്കിയത്. ഉടമസ്ഥവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഇന്ത്യ സാറ്റ്സ്(50ശതമാനം ഓഹരി)എന്നിവയുടെ പ്രവര്‍ത്തനം നിശ്ചിത സമയത്തിനകം ആരംഭിക്കേണ്ടതുണ്ട്. അതേസമയം, മെഗാ എയര്‍ലൈനായി പ്രവര്‍ത്തിക്കുമോയെന്നകാര്യത്തില്‍ ഇതുവരെ വ്യക്തതവന്നിട്ടില്ല.