മർദ്ദിച്ച സംഭവത്തിൽ നവവരനെതിരെ പീഡന പരാതിയുമായി ഭാര്യ
മലപ്പുറം:
മുത്തലാഖ് ആവശ്യപ്പെട്ട് നവവരനെ മർദ്ദിച്ച സംഭവത്തിൽ പരാതിയുമായി ഭാര്യ. ഭർത്താവ് ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും, പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് യുവതിയുടെ പരാതി. കൂടാതെ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായും പരാതിയിൽ പറയുന്നുണ്ട്. മലപ്പുറം പൊലീസ് മേധാവിക്കാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഭർത്താവ് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നും വിവാഹശേഷം ശാരീരികമായും മാനസികമായും ക്രൂര പീഡനമാണ് താൻ അനുഭവിച്ചതെന്ന് യുവതി പറയുന്നത്. പ്രകൃതിവിരുദ്ധ പീഡനം എതിർത്തപ്പോൾ ക്രൂരമായി പീഡിപ്പിച്ചു. പരപുരുഷ ബന്ധം ആരോപിച്ച് മറ്റുള്ളവരുടെ മുന്നിൽവെച്ച് അപമാനിച്ചു. ബന്ധുവീടുകളിൽ പോകാനോ അവരുമായി സംസാരിക്കാനോ അനുവദിച്ചില്ല. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന് പുറമെ മാതാപിതാക്കളും സഹോദരിയും മർദ്ദിച്ചിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ നൽകാത്തതിന് വിവാഹസമയത്ത് ധരിച്ചിരുന്ന ആഭരണങ്ങൾ ഭർത്താവും വീട്ടുകാരും ചേർന്ന് പിടിച്ചുവാങ്ങിയതായും പരാതിയിൽ പറയുന്നത്.
മലപ്പുറം കോട്ടക്കലിലാണ് 30കാരനായ യുവാവിനെ ഭാര്യ വീട്ടുകാർ ക്രൂരമായി മർദിച്ചെന്ന പരാതി ഉയർന്നത്. സംഭവത്തിൽ യുവാവിന്‍റെ ഭാര്യയുടെ ബന്ധുക്കളായ ആറുപേർ അറസ്റ്റിലായിരുന്നു. മർദ്ദനത്തിൽ പരുക്കേറ്റ കോട്ടക്കൽ സ്വദേശി അബ്ദുൾ അസീബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.