About

News Now

മൂന്നു കുട്ടികളെ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായത് 'കുപ്രസിദ്ധ പയ്യൻ'

 

കോഴിക്കോട്:

 കോഴിക്കോട് ടൗണ്‍ പോലീസ് മൂന്നു കുട്ടികളെ തട്ടികൊണ്ടു പോയ കേസിൽഅറസ്റ്റ് ചെയ്തത് 'കുപ്രസിദ്ധ പയ്യനെ.'

കോഴിക്കോട് സുന്ദരിയമ്മ കൊലക്കേസിൽ അറസ്റ്റിലായി പിന്നീട് കോടതി വെറുതെ വിട്ട ചക്കുംകടവ് നായ്പാലം സ്വദേശിയായ ജയേഷ് എന്ന ജബ്ബാറിനെയാണ് കുട്ടികളെ തട്ടികൊണ്ടു പോയ കേസിൽ പോലീസ് പിടികൂടിയത്. മധുപാൽ സംവിധാനം ചെയ്ത കുപ്രസിദ്ധ പയ്യൻ എന്ന സിനിയിൽ ടോവിനോ തോമസ് ചെയ്ത കഥാപാത്രം ജയേഷിൻ്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു. 

 കുറ്റിച്ചിറയില്‍ നിന്നും  പന്ത്രണ്ടും ,പത്തും, എട്ടും വയസ്സുള്ള  കുട്ടികളെ തട്ടിക്കൊണ്ടു പോയ പോയ കേസിലാണ് ജയേഷ്   പിടിയിലായത്. ഒക്റ്റോബർ 26 നായിരുന്നു കേസിനാസ്പദമായ സംഭവം. ട്യൂഷന്‍ ക്ലാസിലേക്ക് പോയ കുട്ടികളെ ഇയാൾ വളര്‍ത്തു മീനിനെ വാങ്ങി തരാം എന്ന് പറഞ്ഞു കുറ്റിച്ചിറയില്‍ നിന്നും ഗുജറാത്തി സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടി കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ്.

ഇതില്‍ രണ്ടു കുട്ടികള്‍ ഗുജറാത്തി സ്ട്രീറ്റില്‍ നിന്നും ഓടി പോവുകയും 10 വയസ്സുകാരനെ ഇയാള്‍ നിര്‍ത്തിയിട്ട ഗുഡ്സ് വണ്ടിയില്‍ കയറ്റി ഇരുത്തുകയുമായിരുന്നു. ഒരു  കാര്‍ വരുമെന്നും അതില്‍ കയറി നമുക്ക് ബീച്ചിലൂടെ കറങ്ങാം എന്നും പറഞ്ഞതിനെ തുടർന്ന് കുട്ടി പേടിച്ച് ഗുഡ്സില്‍ നിന്ന് ഇറങ്ങി ഓടി ഓടിരക്ഷപ്പെടുകയായിരുന്നു. അന്വേഷണത്തിനിടെ കുട്ടികളുടെ മൊഴിയില്‍ നിന്നും  സിസിടിവി പരിശോധനയിലൂടെയും പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ചൊവ്വാഴ്ച (09/11/2021)  രാത്രി മുഖദാറില്‍ വെച്ചാണ് ജയേഷിന്നെ  പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. ടൗണ്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ ഷൈജു. സി. സുനില്‍കുമാര്‍,  സീനിയര്‍ സിപിഒ സജേഷ് കുമാര്‍, സിപിഒ മാരായ, പ്രബീഷ്,  ഷിജിത്ത് എന്നിവരാണ് ഇയാളെ പിടികൂടിയത്.

കേരളമാകെ ചർച്ച ചെയ്ത പ്രമാദമായ കേസിൽ കോടതി കുറ്റകാരനല്ലെന്ന് കണ്ട് ,വെറുതെ വിട്ട ആളെ മറ്റൊരു കേസിൽ അറസ്റ്റിലായത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. കേരള പോലീസിനെ ഏറെ ചീത്ത പേരുണ്ടാക്കിയ കേസായിരുന്നു വട്ടകിണറിലെ സുന്ദരിയമ്മ വധകേസ്. 2012 ജൂലൈ 21ന് പുലർച്ചെയാണ് സുന്ദരിയമ്മയ്ക്ക് വെട്ടേൽക്കുന്നതും പിന്നീട് മരണമടയുന്നതും.

 ലോക്കൽ പോലീസിൽ നിന്നും അന്വേഷണം ക്രൈംബ്രാഞ്ച് എറ്റെടുക്കുകയും അനാഥനായ ജയേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ച തിരക്കഥ കോടതിയിൽ പൊളിഞ്ഞ തോടെ ജയേഷിനെ വെറുതെ വിട്ടു. ഒന്നര വർഷത്തോളം കാലം ഇതിനകം ജയേഷ് ജയിലിലായിരുന്നു

കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. ഇ.പി. പൃഥ്വിരാജിനോട് ഒരു ലക്ഷം രൂപ പിഴയടക്കാനും ആ പണം ജയേഷിനെ നൽകാനും അന്ന് കോടതി വിധിച്ചിരുന്നു. ഇപ്പോൾ അന്നത്തെ നിരപരാധി മറ്റൊരു കേസിൽ അറസ്റ്റിലായതോടെ സുന്ദരിയമ്മ കേസ് വീണ്ടും ചർച്ചയാകുകയാണ്. ഒൻപത് വർഷം കഴിഞ്ഞിട്ടും  സുന്ദരിയമ്മയുടെ യഥാർത്ഥ കൊലപാതകി ആരാണെന്നത് ദുരൂഹമായി തുടരുകയാണ്.