About

News Now

കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം:കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഡിസിസിയുടെ അച്ചടക്ക നടപടി


 

കോഴിക്കോട്:  

കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കോഴിക്കോട് ഡിസിസിയുടെ അച്ചടക്ക നടപടി. കേസിലെ രണ്ട് പ്രധാന പ്രതികളെ സസ്‌പെന്റ് ചെയ്തു. ഡിസിസി മുന്‍ അധ്യക്ഷന്‍ രാജീവന്‍ മാസ്റ്ററോട്  പരസ്യമായി ഖേദം പ്രകടിപ്പിക്കാനും നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.  

കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട്ടെ സ്വകാര്യ ലോഡ്്ജില്‍ ചേര്‍ന്ന എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യ യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രധാന പ്രതിയും ചേവായൂര്‍ ബാങ്ക് പ്രസിഡണ്ടുമായ  പ്രശാന്ത് കുമാറിനെയും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട്  രാജീവന്‍ തിരുവച്ചിറയെയുമാണ് സസ്‌പെന്റ് ചെയ്തത്.  ഇരുവരും  ആക്രമണത്തിന് നേതൃത്വം നല്‍കിയെന്ന്  ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന്  ഡിഡിസി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.  വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ അസഭ്യ വര്‍ഷവും കയ്യേറ്റവും ഏറ്റുവാങ്ങേണ്ട സാഹചര്യമുണ്ടായിട്ടും ജാഗ്രതപുലര്‍ത്താതിരുന്ന ഡിസിസി മുന്‍ അധ്യക്ഷന്‍ യു. രാജീവന്‍  പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. യു. രാജീവന്റെ നേതൃത്വത്തിലായിരുന്നു ഗ്രൂപ്പ് യോഗം ചേര്‍ന്നത്.   


ആക്രമണം നടത്തിയ പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷിനെ പരസ്യമായി താക്കീത് ചെയ്യും.  ബുധനാഴ്ച രാത്രി ഡിസിസിക്ക് കിട്ടിയ അന്വേഷണ റിപ്പോര്‍ട്ടും ശുപാര്‍ശയും കെപിസിസിക്ക് കൈമാറിയിരുന്നു. കെപിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദശപ്രകാരമാണ് നടപടി.   അക്രമത്തിരായ മാധ്യമപ്രവര്‍ത്തകര്‍, പ്രസ് ക്ലബ് ഭാരവാഹികള്‍ എന്നിവരില്‍ നിന്ന് കമ്മീഷന്‍ വിശദമായി മൊഴിയെടുത്തിരുന്നു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചു.  ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സി.വി. കുഞ്ഞികൃഷ്ണന്റെയും ജോണ്‍ പൂതക്കുഴിയുടെയും നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് ഡിസിസി പ്രസിഡണ്ടിന് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എല്ലാ പ്രതികളുടെയും വീടുകളില്‍ റെയ്ഡ് നടത്തിയിട്ടുണ്ടെന്നും ഉടന്‍ പിടിയിലാവുമെന്നാണ് കസബ പൊലീസ് പറയുന്നത്. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍.വി. നമ്പ്യാരെയാണ് കോണ്‍ഗ്രസ് സംഘം കയ്യേറ്റത്തില്‍ പരുക്കേറ്റത്. മാധ്യമ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ച സംഘം മാധ്യമ പ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.