യുവാവിന്റെ മരണം കൊലപാതകം; അറസ്റ്റിലായത് സഹോദരന്‍
കൊച്ചി:
ആശുപത്രിയില്‍ കുഴഞ്ഞുവീണെന്ന് പറഞ്ഞ് എത്തിച്ച യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിയിച്ച് പൊലീസ്. സംഭവത്തില്‍ സഹോദരനെ അറസ്റ്റ് ചെയ്തു. പുത്തന്‍കുരിശ് മറ്റക്കുഴി ഐരാറ്റില്‍ വീട്ടില്‍ ശ്രീകാന്ത് (33) നെയാണ് പുത്തന്‍കുരിശ് പോലിസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 16ന് രാത്രി എട്ട് മണിയോടെയാണ് ശ്രീകാന്തിന്റെ സഹോദരന്‍ ശ്രീനാഥ് മരിച്ചത്. അനിയന്‍ പെട്ടെന്ന് കുഴഞ്ഞുവീണു എന്ന് പറഞ്ഞാണ് ശ്രീനാഥിനെ ചേട്ടന്‍ ശ്രീകാന്ത് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശ്രീകാന്ത് പോലിസ് സ്റ്റേഷനില്‍ അറിയിച്ചതും ഇതു തന്നെയാണ്. ഇന്‍ക്വസ്റ്റിനിടയ്ക്ക് പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ട മുറിവാണ് കൂടുതല്‍ അന്വേഷണത്തിന് പ്രേരിപ്പിച്ചത്.
തുടര്‍ന്ന് ശ്രീനാഥിന്റെ മൃതദേഹം മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്തിരുന്നു. ഹൃദയത്തിന്റെ വാല്‍വിനേറ്റ മുറിവാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായത്. ഇതോടെ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ശ്രീകാന്ത് അറസ്റ്റിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ശ്രീകാന്ത് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയെ ശ്രീനാഥ് ഉപദ്രവിക്കുന്നത് കണ്ട് ചെറിയ കത്രികയെടുത്ത് ശ്രീകാന്ത് സഹോദരന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. വലുപ്പം കുറഞ്ഞ കത്രിക ഉപയോഗിച്ച് ആഴത്തില്‍ കുത്തേറ്റതോടെ രക്തം വരാന്‍ തുടങ്ങി. കുത്തേറ്റ ഉടന്‍ ശ്രീനാഥ് കുഴഞ്ഞുവീഴുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. തുടര്‍ന്ന് നെഞ്ചിലെ രക്തം തുടച്ചുകളയുകയും ചെയ്തു. ചെറിയ കത്രികയായിരുന്നതിനാല്‍ നെഞ്ചിലെ മുറിവ് ഒറ്റനോട്ടത്തില്‍ ശ്രദ്ധയില്‍പ്പെടുന്നത് ആയിരുന്നില്ല.
ശ്രീനാഥ് അനക്കമറ്റ് കിടന്നതോടെ പ്രതി വസ്ത്രങ്ങള്‍ മാറ്റിയശേഷം ആംബുലന്‍സ് വരുത്തിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് കത്രികയും രക്തം പുരണ്ട വസ്ത്രങ്ങളും വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു.