വേങ്ങരയിൽ ഹാന്‍സ് നിര്‍മ്മിച്ച് പായ്ക്കുചെയ്യുന്ന ഫാക്ടറി:നാലുപേര്‍ പിടിയില്‍
മലപ്പുറം:
കേരളത്തിൽ നിരോധിച്ച ഹാന്‍സ് നിര്‍മ്മിച്ച് പായ്ക്കുചെയ്യുന്ന ഫാക്ടറി കണ്ടെത്തി. റെയ്ഡില്‍ നാലുപേര്‍ പിടിയില്‍. പരിശോധനയില്‍ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളും യന്ത്രങ്ങളും പിടിച്ചെടുത്തു.
വേങ്ങര കണ്ണമംഗലം വട്ടപ്പൊന്തയില്‍ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിയിലാണ് പരിശോധന നടത്തിയത്.പൊലീസ് സംഘം എത്തിയ സമയത്തും ഫാക്ടറി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര വലിയോറ സ്വദേശി കാങ്കടകടവന്‍ അഫ്‌സല്‍, (30), തിരൂരങ്ങാടി എ ആര്‍ നഗര്‍ സ്വദേശി കഴുങ്ങും തോട്ടത്തില്‍ മുഹമ്മദ് സുഹൈല്‍ ( 25) ഇതര സംസ്ഥാന തൊഴിലാളി ഡല്‍ഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് മലപ്പുറം ഡി വൈ എസ് പി പ്രതീപിന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് പിടികൂടിയത്.
5 ലക്ഷത്തോളം വില വരുന്ന 3 യൂണിറ്റുകളാണ് 5 മാസത്തോളമായി രാവും പകലും ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ബാംഗ്ലൂരില്‍ നിന്നും ഉണക്ക മത്സ്യം കൊണ്ടുവരുന്ന വണ്ടികളിലാണ് അസംസ്‌കൃത വസ്തുക്കള്‍ ഇവിടെ എത്തിച്ചിരുന്നത്.