കോഴിക്കോടൻ ഓട്ടോക്കാരുടെ സത്യസന്ധത വീണ്ടും: പത്തു വയസ്സുകാരൻ്റെ പ്രിയപ്പെട്ട വസ്തു തിരികെ കിട്ടി
കോഴിക്കോട്: ഓട്ടോയിൽ മറന്നു പോയി തിരിച്ചുകിട്ടില്ലെന്ന് കരുതിയ പത്തു വയസ്സുകാരൻ്റെ പ്രിയപ്പെട്ട വസ്തു തിരികെ കിട്ടി. കോഴിക്കോട്ടെ കെ എല്‍ 11 എ വൈ 9257 എന്ന ഓട്ടോയുടെ ഡ്രൈവര്‍ ആഷിഖ് തന്റെ ഓട്ടോയില്‍നിന്നും കിട്ടിയ ബാഗ് ഇന്ന് വൈകിട്ട്, ഉടമയ്ക്ക് തിരികെ എത്തിച്ചു കൊടുത്തു.
കോഴിക്കോട് നടക്കാവിലെ ക്രസന്റ് പ്ലാറ്റിനം ഫ്‌ളാറ്റില്‍ താമസിക്കുന്ന ഡോ. ഷാനു ഷൈജലിന്റെ മകനായ ഹൈസം സെനിത് എന്ന പത്തു വയസ്സുകാരന്റെ പ്രിയപ്പെട്ട ഒരു വസ്തു ഓട്ടോയില്‍ വെച്ച് നഷ്ടപ്പെട്ടത്.
ചാത്തമംഗലത്തിനടുത്തുള്ള വീട്ടില്‍ കഴിയുന്ന കുട്ടിക്ക് നല്‍കാനായി, അവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍നിന്നും അവന്റെ പ്രിയപ്പെട്ട വസ്തു അടങ്ങിയ ബാഗ്, കുടുംബ സുഹൃത്തായ മുഹമ്മദ് ഷാലിജ് കൊണ്ടുവരുമ്പോഴാണ് ഓട്ടോ യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്.
പത്തുവയസ്സുകാരന് ഏറെ അടുപ്പമുണ്ടായിരുന്ന ആ വസ്തു നഷ്ടപ്പെട്ട വിവരം തുടര്‍ന്ന് ഷാലിജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഈ പോസ്റ്റ് നടി മാല പാര്‍വതി അടക്കം നിരവധി പേര്‍ ഷെയര്‍ ചെയ്തു. തുടർന്ന് കോഴിക്കോട് ബാഗിനായി തിരച്ചിലിലായിരുന്നു.
ഇന്ന് വൈകിട്ട് കോഴിക്കോട് നടക്കാവിലെ ഫ്‌ളാറ്റിനടുത്തു വെച്ച് ബാഗ് ആഷിഖ് കുട്ടിയെ ഏല്‍പ്പിച്ചു. ബാഗ് കിട്ടിയതോടെ അവനേറെ സന്തോഷവാനായതായി ഓട്ടോ ഡ്രൈവർ ആഷിഖ്.