ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2021 | നവംബർ 12 | 1197 തുലാം 27 | ആഖിർ 7| വെള്ളി | അവിട്ടം
🔳2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും എംപിയുമായ വരുണ്‍ ഗാന്ധി. കങ്കണാ റണാവത്തിന്റെ പരാമര്‍ശത്തെ ഭ്രാന്തെന്നോ രാജ്യദ്രോഹമെന്നോ ആണ് താന്‍ വിളിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ''മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെ അപമാനിക്കുന്നു, ഗാന്ധി ഘാതകരെ പ്രകീര്‍ത്തിക്കുന്നു. മംഗള്‍ പാണ്ഡെ, റാണി ലക്ഷ്മി ഭായി, ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങി ലക്ഷക്കണക്കിന് വരുന്ന സ്വാതന്ത്ര്യസമര പോരാളികളുടെ ത്യാഗത്തെ അപമാനിച്ചുവെന്നും വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
🔳റിസര്‍വ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന് സ്കീം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ആര് ബി ഐ നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരായ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് ഈ സ്കീം. ഉപഭോക്താക്കള്‍ക്ക് അവരുടെ പരാതികള്‍ രേഖപ്പെടുത്താന്‍ ഒരു പോര്‍ട്ടലും ഒരു ഇമെയിലും ഒരു വിലാസവുമായിരിക്കും ഇനി. ഇതോടെ 'ഒരു രാജ്യം-ഒരു ഓംബുഡ്സ്മാന്' എന്ന അടിസ്ഥാന തത്വം കൂടി പദ്ധതിയുടെ ഭാഗമായി നടപ്പിലാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
🔳യോഗ്യരായ എല്ലാവര്ക്കും കൊവിഡ് ആദ്യ ഡോസ് നല്‍കുന്നത് പൂര്‍ത്തീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. കാലാവധി പൂര്‍ത്തിയാക്കിയ 12 കോടി പേര് രണ്ടാം ഡോസ് എടുക്കാനുണ്ടെന്നും ഇക്കാര്യത്തില്‍ ശ്രദ്ധ വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞു. കൊവിഡ് വ്യാപനം അവസാനിച്ചെന്ന് കരുതരുതെന്നും യോഗത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു. പല രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ കൂടുന്നുണ്ട്. 80 ശതമാനം വാക്സിന് നല്‍കിയിട്ടും സിങ്കപ്പൂര്‍,ബ്രിട്ടന്, റഷ്യ, ചൈന എന്നിവിടങ്ങളിലെല്ലാം കേസുകള്‍ കൂടുകയാണെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
🔳എല്‍.കെ. അദ്വാനിക്ക് ജന്മദിനാശംസ അറിയിച്ചതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലുണ്ടായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍ എം.പി. മനുഷ്യത്വത്തെ ബഹുമാനിക്കാനും ആദരിക്കാനുമാണ് ഗാന്ധിജി പഠിപ്പിച്ചതെന്നും ഇനിയും അദ്വാനിക്കും മോദിക്കും ജന്മദിനാശംസകള് അറിയിക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
🔳മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്കിയ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിറക്കി സര്‍ക്കാര്‍. വനംവകുപ്പ് സെക്രട്ടറിയാണ് റദ്ദാക്കല്‍ ഉത്തരവിറക്കിയത്. മന്ത്രിസഭ അറിയാതെയാണ് ഉത്തരവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വിവാദ ഉത്തരവിറക്കിയ ഉദ്യോഗസ്ഥന് ബെന്നിച്ചന് തോമസിനെ സസ്പെന്റ് ചെയ്ത് കൊണ്ടുള്ള ഉത്തരവുമിറക്കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായ ബെന്നിച്ചന് തോമസ് ഔദ്യോഗിക കൃത്യനിര്‍വഹണം ലംഘിച്ചുവെന്നാണ് ഉത്തരവില്‍ പറയുന്നത്.
🔳സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനും തടയാനും പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്. അക്രമോത്സുകമായ ബിജെപി ശൈലിയിലേക്ക് കോണ്‍ഗ്രസും മാറുന്നു. ജോജുവിനെ ആക്രമിച്ച ശേഷം ജോജു മാപ്പ് പറയണം എന്ന സ്ഥിതിയിയായി. എംഎഫ് ഹുസൈനെതിരെ ബിജെപി എടുത്ത ശൈലി കോണ്‍ഗ്രസുകാര്‍ നടത്തുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.
🔳അക്രമ രാഷ്ട്രീയവും ക്രമസമാധാന പ്രശ്നങ്ങളും നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍.രാഷ്ട്രീയ നേതൃത്വം ഈ വസ്തുത തിരിച്ചറിയണം. കേവല രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി മാത്രം പ്രശ്നങ്ങളെ അവലോകനം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട് കൊല്ലപ്പെട്ട ബിജെപി പ്രവര്ത്തകന് ബിജുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഐടി സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് രാജീവ് ചന്ദ്രശേഖര്‍ കേരളത്തിലെത്തുന്നത്.
🔳പി ജയരാജന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാകും. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആണ് തീരുമാനം. മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നോര്‍ക്ക വൈസ് ചെയര്മാന് ആകും. ശോഭനാ ജോര്‍ജിനെ ഔഷധി ചെയര്പേഴ്സന് ആക്കാനും തീരുമാനമായി.
🔳വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ആന്റണി പെരുമ്പാവൂര്‍ - മോഹന്‍ലാല്‍ - പ്രിയദര്ശന് ടീമിന്റെ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനത്തിന് ശേഷം സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ചിത്രം തീയേറ്ററര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. ഡിസംബര്‍ 2നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. യാതൊരു ഉപാധികളുമില്ലാതെയാണ് ആന്റണി പെരുമ്പാവൂര്‍ മരക്കാരിന്റെ തീയേറ്റര്‍ റിലീസിന് സന്നദ്ധത അറിയിച്ചെന്ന് സിനിമ - സാംസ്കാരി മന്ത്രി സജി ചെറിയാന് അറിയിച്ചു. ഇക്കാര്യത്തില്‍ ആന്റണി പെരുമ്പാവൂരിനോട് പ്രത്യേകം നന്ദി പറയുന്നതായും സജി ചെറിയാന് പറഞ്ഞു. സിനിമാരംഗത്തെ എല്ലാ സംഘടനകളേയും ഒരുമിച്ച് നിര്‍ത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്.
🔳ഇരകളെ വേട്ടയാടിയ കാര്യത്തില്‍ 1984-ലെ സിഖ് വിരുദ്ധ കലാപവും 2002-ലെ ഗുജറാത്ത് കലാപവും സമാനമായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് എം.പി. എഹ്സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രിക്കു വേണ്ടി ഹാജരായതായിരുന്നു സിബല്‍. ഗുജറാത്ത് കലാപം അന്വേഷിക്കാന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം ഒരു അന്വേഷണവും നടത്തിയില്ലെന്നും സിബല്‍ ആരോപിച്ചു.
🔳കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി പഞ്ചാബ് നിയമസഭ. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് നടപടി. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി രണ്‍ദീപ് സിങ് നാഭയാണ് പ്രമേയം അവതരിപ്പിച്ചത്.
🔳അസമിലെ കരിംഗഞ്ച് ജില്ലയില്‍ സിമന്റുമായി പോകുകയായിരുന്ന ട്രക്ക് ഓട്ടോയിലിടിച്ച് ഓട്ടോയാത്രക്കാരായ 10 പേര് മരിച്ചു. നാല് സ്ത്രീകളും രണ്ട് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അസം-ത്രിപുര ഹൈവേയിലെ ബെയ്തഖാല്‍ എന്ന സ്ഥലത്താണ് അപകടം നടന്നത്. ഛാഠ് പൂജ കഴിഞ്ഞ് തിരിച്ചുവരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് പേര് അപകട സ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു.
🔳അരുണാചല്‍പ്രദേശ് മേഖലയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ചേര്‍ന്ന് ചൈന നിര്‍മ്മിച്ച ഗ്രാമവുമായി ബന്ധപ്പെട്ട യുഎസ് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഇന്ത്യ. നിയമ വിരുദ്ധമായ അധിനിവേശം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
🔳ടി20 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയ- ന്യൂസിലന്‍ഡ് പോരാട്ടം. രണ്ടാം സെമി ഫൈനലില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന് ജയിച്ചതോടെയാണ് ഓസ്ട്രേലിയ കലാശപ്പോരിന് യോഗ്യത നേടിയത്. ദുബായില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് മുഹമ്മദ് റിസ്വാന്റെയും ഫഖര്‍ സമന്റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസീസ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഒരു ഘട്ടത്തില്‍ അഞ്ചിന് 96 റണ്‍സെന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ട ഓസീസിന് ആറാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്ത മാര്‍ക്കസ് സ്റ്റോയ്നിസ് - മാത്യു വെയ്ഡ് സഖ്യമാണ് അവിശ്വസനീയ ജയം സമ്മാനിച്ചത്. സ്റ്റോയ്നിസ് 31 പന്തില്‍ നിന്ന് 40 റണ്‍സോടെയും വെയ്ഡ് 17 പന്തില്‍ നിന്ന് 41 റണ്‍സോടെയും പുറത്താകാതെ നിന്നു.
🔳കോവിഡ് വീണ്ടും യൂറോപ്പിനെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന കോവിഡ് കേസുകളും മരണങ്ങളും മേഖലയെ വീണ്ടും കോവിഡിന്റെ കേന്ദ്രമായി മാറ്റിയേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പ്രതിദിന കോവിഡ് കേസുകളും കോവിഡ് മരണവും തുടര്‍ച്ചയായി വര്‍ധിക്കുന്ന ഏക മേഖലയും യൂറോപ്പാണ് എന്നത് വിഷയത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു.
🔳ആഗോളതലത്തില്‍ ഇന്നലെ 4,84,007 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 39,082 പേര്‍ക്കും ഇംഗ്ലണ്ടില്‍ 42,408 പേര്‍ക്കും റഷ്യയില്‍ 40,759 പേര്‍ക്കും തുര്‍ക്കിയില്‍ 24,898 പേര്‍ക്കും ജര്‍മനിയില്‍ 50,133 പേര്‍ക്കും ഉക്രെയിനില്‍ 24,747 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 25.26 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.89 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 6,356 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 537 പേരും റഷ്യയില്‍ 1,237 പേരും ഉക്രെയിനില്‍ 652 പേരും റൊമാനിയായില്‍ 303 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50.94 ലക്ഷമായി.