സത്യത്തെ നുണ വിഴുങ്ങുന്ന കാലം: ടി.എം. ഹർഷൻ
താമരശ്ശേരി:
സത്യത്തെ നുണ വിഴുങ്ങുന്ന കാലമാണിതെന്ന് മാധ്യമ പ്രവർത്തകൻ ടി.എം. ഹർഷൻ.
വസ്തുതകൾക്കപ്പുറം നുണകളെ പ്രചരിപ്പിക്കുകയാണ്. ഇവ തിരുത്താൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
താമരശേരി സാംസ്കാരിക വേദി സിപിഐഎം താമരശേരി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് വാർത്തകൾ നേരും നെറിയും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹർഷൻ.
ഇന്ത്യയിൽ നവ മാധ്യമങ്ങളും മുഖ്യധാര മാധ്യമങ്ങളും ഒരേപോലെ നുണപ്രചരണം നടത്തുകയാണ്.
25 കോടി പേർ നവ മാധ്യമങ്ങളെ ആശ്രയിക്കുന്നവരാണ്. ഇവരെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് വലത് പക്ഷം നടത്തുന്നത്
2016ൽ ട്രംമ്പിൻ്റെ തെരഞ്ഞെടുപ്പ് കാലം മുതലാണ് നവ മാധ്യമങ്ങളിലൂടെയുള്ള നുണ പ്രചരണ സജീവമാകുന്നത്. അതേ പോലെ ഇന്ത്യയിലെ തെരഞ്ഞെടുപ്പിലും നവ മാധ്യമങ്ങളെ ഉപയോഗിച്ച് കള്ളം പ്രചരിപ്പിച്ച് നേട്ടം കൊയ്തു.
കേരളത്തിൽ നുണ പ്രചരണം കഴിഞ്ഞ ശബരിമല കാലത്ത് നവമാധ്യമങ്ങളിലൂടെ വ്യാപകമായി നടത്തി.
മൂലധനശക്തികളുടെ താത്പര്യമാണ് മാധ്യമങ്ങളിൽ നടക്കുന്നത്. മാധ്യമങ്ങൾക്ക് എഡിറ്റർമാരില്ല, ഇന്ന് മുതലാളിമാർ മാത്രമാണുള്ളത്. ഹിന്ദി മാധ്യമങ്ങൾ ഹിന്ദു മാധ്യമങ്ങളായി മാറി കഴിഞ്ഞിരിക്കുന്നു. എന്ത് നുണയും പ്രചരിപ്പിക്കാൻ കഴിയുന്ന നവ മാധ്യമങ്ങളുണ്ട്. പലരും വാട്സാപ്പ് യൂണിവേഴ്സിറ്റികളെയാണ് നുണ പ്രചരണത്തിന് ഉപയോഗിക്കുന്നത്. ലോകമാകെ 8 ലക്ഷം മാധ്യമ പ്രവർത്തകർക്ക് തൊഴിൽ നഷ്ടപ്പെട്ടത് മുതലാളിമാരുടെ ഇംഗിതത്തിന് വിധേയരായി പ്രവർത്തിക്കാത്തത് കൊണ്ടാണെന്നും ഹർഷൻ പറഞ്ഞു.
മാധ്യമങ്ങളെ ബോധവത്കരിച്ച് തെറ്റ് തിരിത്തിക്കാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് അവഗണിക്കുന്നതാണെന്ന് ഡോ. പ്രേംകുമാർ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളെ വിലക്കെടുത്താണ് വലുതുപക്ഷം പ്രചാരവേലകൾ നടത്തുന്നത്. ഇതിനെ തടുക്കാൻ ഇടതുപക്ഷവും സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടൽ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സലീം, ഡോ. വാസു എന്നിവർ സംസാരിച്ചു. ചെയർമാൻ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.ടി.കെ. അരവിന്ദാക്ഷൻ സ്വാഗതവും പി.കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു