About

News Now

വിദ്യാലയങ്ങൾ ഇന്ന് തുറക്കും: ജില്ലാതലപ്രവേശനോത്സവം ഉദ്ഘാടനം വളയത്ത്

 


കോഴിക്കോട്

ഒന്നരവര്‍ഷത്തെ അടച്ചിടലിന് ശേഷം ഇന്ന് (നവംബര്‍ ഒന്ന്) വിദ്യാലയങ്ങൾ തുറക്കും. സ്കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം വളയം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിക്കും.

സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് കുട്ടികളുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് സ്‌കൂളുകള്‍ തുറക്കുന്നത്. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചും ഷിഫ്റ്റുകള്‍ ഏര്‍പ്പെടുത്തിയുമാണ് ക്ലാസുകള്‍ പുനരാരംഭിക്കുക.

1270 സ്കൂളുകളാണ് ജില്ലയിൽ തുറക്കുന്നത്.

തെര്‍മ്മല്‍ സ്‌കാനിംഗ്, സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയവ ക്ലാസ്സുകളിലും വിദ്യാലയങ്ങളിലും ഒരുക്കിയിട്ടുണ്ട്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

ആദ്യ രണ്ടാഴ്ച ക്ലാസ്സുകള്‍ ഉച്ചവരെയായാണ് ക്രമീകരിച്ചിരിക്കുന്നത്. പൊതുഅവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാണ്. 1000 കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ ആകെ കുട്ടികളുടെ 25 ശതമാനം മാത്രം ഒരു സമയത്ത് സ്‌കൂളില്‍ വരുന്ന രീതിയിലാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്.  കുട്ടികളെ ബാച്ചുകളായി തിരിച്ചാണ് ക്ലാസുകള്‍ നടക്കുക. ഓരോ ബാച്ചിനും തുടര്‍ച്ചയായി മൂന്നുദിവസം സ്‌കൂളില്‍ വരാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. അടുത്ത ബാച്ച് അടുത്ത മൂന്നു ദിവസം സ്‌കൂളിലേക്കെത്തും. ഭിന്നശേഷിയുള്ള കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല എന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.


കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനും തിരികെ കൊണ്ടു പോകാനുമായി വരുന്ന രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ള കുട്ടികളും രോഗികളുമായി സമ്പര്‍ക്കമുള്ള കുട്ടികളും സ്‌കൂളില്‍ ഹാജരാകേണ്ടതില്ല എന്ന് നിര്‍ദ്ദേശമുണ്ട്.  രോഗലക്ഷണം, പ്രാഥമിക സമ്പര്‍ക്കം, പ്രാദേശിക നിയന്ത്രണം ഉള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍, ജീവനക്കാര്‍ എന്നിവര്‍ സ്‌കൂളില്‍ ഹാജരാകേണ്ടതില്ല.