ലോറിയിൽ കടത്തിയ 205 കിലോ കഞ്ചാവുമായി പെരിന്തൽമണ്ണയിൽ മൂന്നുപേർ അറസ്റ്റിൽ
മലപ്പുറം:
ലോറിയിൽ ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ 205 കിലോഗ്രാം കഞ്ചാവുമായി പെരിന്തൽമണ്ണയിൽ മൂന്നുപേർ അറസ്റ്റിലായി. കോയമ്പത്തൂർ മധുക്കര സ്വദേശി മുഹമ്മദ് ആഷിഖ് (25), കുനിയംപുത്തൂർ സ്വദേശി മുരുകേശൻ (48), ആലുവ സ്വദേശി പുത്തൻ മാളിയേക്കൽ നൗഫൽ എന്ന നാഗേന്ദ്രൻ (48) എന്നിവരാണ് അറസ്‌റ്റിലായത്. പിടികൂടിയ കഞ്ചാവിന് അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയോളം രൂപ വില വരും.
ഓഗസ്‌ത് ഏഴിന് പെരിന്തൽമണ്ണ സവിത തിയറ്ററിനുസമീപം മോഷണംപോയ ലോറിയെ പിന്തുടർന്നുള്ള അന്വേഷണമാണ് കഞ്ചാവ് സംഘത്തിൽ എത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കോയമ്പത്തൂർ മധുക്കര സ്വദേശി മുഹമ്മദ് ആഷിഖിനെ തിരിച്ചറിഞ്ഞു. ആഷിഖിനെയും കൂടെയുണ്ടായിരുന്ന നൗഫൽ എന്ന നാഗേന്ദ്രനേയും സിഐ സുനിൽ പുളിക്കൽ, എസ്ഐ സി കെ നൗഷാദ് എന്നിവരടങ്ങുന്ന സംഘം പിടികൂടി.
ചോദ്യംചെയ്യലിൽ ഇവർ പെരിന്തൽമണ്ണയിൽനിന്ന് ലോറി മോഷണം നടത്തിയത് സമ്മതിച്ചു. ഒഡീഷയിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന ഇവരുൾപ്പെടുന്ന സംഘത്തെകുറിച്ചും ചോദ്യംചെയ്യലിൽ സൂചന ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽവച്ച് ലോറി പിടികൂടുന്നത്. പെരിന്തൽമണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാർ, സിഐ സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.