ഭക്തിസാന്ദ്രമായി കാർത്തികവിളക്കും പൊങ്കാല മഹോത്സവവും
താമരശ്ശേരി:
ജ്ഞാനത്തിന്റെയും ആഗ്രഹസാഫല്യത്തിൻ്റെയും ,ശുഭത്വ ത്തിൻ്റെയും പ്രതീകമായ കാർത്തിക നക്ഷത്രവും പൗർണമിയും ഒരുമിച്ചു വന്ന തൃക്കാർത്തിക ദിനത്തിൽ രാരോത്ത് മാട്ടുവായി ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ആത്മ സമർപ്പണത്തിന്റെ പൊങ്കാല മഹോത്സവം നടന്നു. രാവിലെ 7 മണിക്ക് ഹരീഷ് നമ്പൂതിരിയുടെ കാർമികത്വത്തിൽ ക്ഷേത്രസന്നിധിയിൽ പ്രപഞ്ചത്തിൻെറ പ്രതീകമായ മൺകലം ശരീരമായി സങ്കല്പ്പിച്ച് അതില് അരിയാകുന്ന മനസ്സ് തിളച്ച് അതിൻ്റെ അഹംബോധം നശിക്കുകയും ശർക്കര ആകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്ന പൊങ്കാല സമർപ്പണം നടന്നു. ചടങ്ങിൽ അഡ്വ. അജിത്കുമാർ ഭക്തർക്ക് സ്വാഗതം പറഞ്ഞു. ഗോവിന്ദൻകുട്ടി മാസ്റ്റർ മാർഗ നിർദ്ദേശങ്ങൾ നൽകി.