കോഴിക്കോട്ടെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് റെയ്ഡിൽ പിടിച്ചത് രണ്ട് ലക്ഷത്തോളം രൂപ
കോഴിക്കോട്:
ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. കക്കോടി സബ് രജിസ്‌ട്രാർ ഓഫീസിൽ നിന്ന് 1.84 ലക്ഷം രൂപയും മുക്കം സബ് രജിസ്‌ട്രാർ ഓഫീസിൽ നിന്ന് 10910 രൂപയും ചാത്തമംഗലം സബ് രജിസ്‌ട്രാർ ഓഫീസിൽനിന്ന് 3770 രൂപയുമാണ് പിടിച്ചത്.
സബ്‌രജിസ്‌ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ആധാരമെഴുത്തുകാർ പണം എത്തിച്ച് നൽകുന്നു എന്ന വിവരത്തെ തുടർന്നാണ് സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തിയത്. ഭൂമി രജിസ്‌ട്രേഷൻ നടത്താൻ കൂടുതൽ ആധാരമെഴുത്തുകാർ നിശ്ചിത തുകയിലുമധികം ഈടാക്കി വൈകിട്ടോടെ ഉദ്യോഗസ്ഥർക്ക് എത്തിച്ച് നൽകുന്നുവെന്നായിരുന്നു വിജിലൻസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പകൽ മുന്നരയ്‌ക്ക് ശേഷമായിരുന്നു പരിശോധന നടത്തിയത്.
കോഴിക്കോട് ജില്ലയിലെ മൂന്നിടത്ത് നടത്തിയ പരിശോധനയിലും ക്രമക്കേട് കണ്ടെത്തി. മുക്കത്ത് ആധാരം എഴുത്തുകാരൻ കൊണ്ടുവന്ന 1.84 ലക്ഷം രൂപയാണ് പിടിച്ചത്. ചാത്തമംഗലത്ത് ആധാരമെഴുത്തുകാരനിൽ നിന്ന് 3770 രൂപയും പിടിച്ചു. മുക്കത്ത് കണക്കിൽ കാണിക്കാത്ത 7410 രൂപയും അനധികൃതമായി സൂക്ഷിച്ച 3500 രൂപയും കണ്ടെടുത്തു. ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് അടുത്ത ദിവസങ്ങളിൽ വിശദമായ പരിശോധന നടത്തിയ ശേഷമാകും തുടർനടപടികളെന്ന് വിജിലൻസ്.
വിജിലൻസ് നോർത്ത് റേഞ്ച് എസ്‌പി പി.സി. സജീവന്റെ നിർദേശപ്രകാരം യൂണിറ്റ് ഡിവൈഎസ്‌പി സുനിൽകുമാർ, ഇൻസ്‌പെക്ടർമാരായ ശിവപ്രസാദ്, ജയൻ, മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രജിസ്ട്രാർ ഓഫീസുകളിൽ പരിശോധന നടത്തിയത്.