About

News Now

ദുരഭിമാന ആക്രമണം;വധുവിന്‍റെ അച്ഛനും അമ്മയും ക്വട്ടേഷന്‍ സംഘവും ഉൾപ്പെടെ ഏഴ് പേർ പിടിയിലായി


 കോഴിക്കോട്: 

പ്രണയ വിവാഹവുമായി  ബന്ധപ്പെട്ട് ദുരഭിമാന ആക്രമണം നടത്തിയ കേസില്‍ വധുവിന്‍റെ അച്ഛനും അമ്മയും ക്വട്ടേഷന്‍ സംഘവും ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിലായി. കോഴിക്കോട് വെള്ളിമാടുകുന്നില്‍ വരന്‍റെ ബന്ധുവിനെ ആക്രമിച്ച കേസിലെ പ്രതികളെയാണ് ചേവായൂര്‍ പൊലീസ് പിടികൂടിയത്. പ്രണയ വിവാഹത്തിന് സഹായം നൽകിയെന്നാരോപിച്ചാണ് വരന്‍റെ ബന്ധുവിനെ ക്വട്ടേഷന്‍ സംഘം ആക്രമിച്ചത്.

പെണ്‍കുട്ടിയുടെ രക്ഷിതാക്കളായ തലക്കുളത്തൂർ പാലോറ മൂട്ടിൽ അജിത, അനിരുദ്ധൻ എന്നിവരും ഇവർ ക്വട്ടേഷന്‍ ഏൽപ്പിച്ച നടുവിലക്കണ്ടി വീട്ടിൽ സുഭാഷ്, സൗപർണിക വീട്ടിൽ അരുണ്‍, കണ്ടംകയ്യിൽ അശ്വന്ത്, കണിയേരി മീത്തൽ അവിനാശ്, പുലരി വീട്ടിൽ ബാലു എന്നിവരുമാണ് അറസ്റ്റിലായത്. ചേവായൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്. ഡിസംബർ 11നാണ് വധുവിനെ സഹായിച്ചു എന്ന പേരിൽ വരന്‍റെ സഹോദരിയുടെ ഭർത്താവ് കയ്യാലത്തൊടി റിനീഷിനെ ക്വട്ടേഷൻ സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ റിനീഷ് കോഴിക്കോട് മെഡിക്കഷൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

ക്വട്ടേഷൻ കൊടുത്തത് ദുരഭിമാനത്തെ തുടർന്നാണെന്ന് പൊലീസ് പറഞ്ഞു. മുൻപ് രണ്ട് തവണ ക്വട്ടേഷൻ നൽകിയെങ്കിലും അപ്പോള്‍ കൃത്യം നിർവ്വഹിക്കാനായില്ല. കോഴിക്കോട് ജില്ലയിൽ ക്വട്ടേഷൻ സംഘങ്ങൾ കൂടി വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് എസിപി കെ. സുദർശൻ  പറഞ്ഞു.