ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2021 | ഡിസംബർ 6 | 1197 വൃശ്ചികം 21| അവ്വൽ 01 | തിങ്കൾ | പൂരാടം|
🔳കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ ഒമ്പത് പേര്‍ക്കും മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്കും ഡല്‍ഹിയില്‍ ഒരാള്‍ക്കുമാണ് ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ജയ്പൂരിലെ ഒരു കുടുംബത്തിലെ 9 പേര്‍ക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കഴിഞ്ഞ 15 ന് എത്തിയ കുടുംബത്തിനാണ് വൈറസ് ബാധ. മഹാരാഷ്ട്രയിലെ ചിഞ്ച് വാഡില്‍ നിന്നുള്ള ആറു പേര്‍ക്കും പുണെയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്നലെ രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം ഇരുപത്തിയൊന്നായി.
🔳ആര്‍എസ്എസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശേരിയില്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് ഉയര്‍ത്തിയ മുദ്രാവാക്യം അംഗീകരിക്കാന്‍ കഴിയാത്തത് ആണെന്നും ഹലാലിന്റെ പേരില്‍ വിദ്വേഷപ്രചാരണം നടത്തുന്നുവെന്നും ഇത് തിരിച്ചറിഞ്ഞു നാടിനെ ബോധവല്‍ക്കരിക്കണം എന്നും പിണറായി വിജയന്‍ പറഞ്ഞു. മതനിരപേക്ഷത തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്ഷേപിക്കുന്നത്. വര്‍ഗീയതയില്‍ അഭിരമിക്കുന്നവരാണ് ആര്‍എസ്എസുകാര്‍, സംഘടന വളരാന്‍ വര്‍ഗീയ കലാപങ്ങളെ ആശ്രയിക്കുന്നവരാണ് അവര്‍. കേരളത്തില്‍ ഇത് നടക്കാത്തത് ഈ നാടിന്റെ പ്രത്യേകത കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
🔳തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലിന് ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നിലവിലുള്ള പ്രസിഡന്റ് മമ്പറം ദിവാകരന്റെ പാനലിനെ പരാജയപ്പെടുത്തിയാണ് യുഡിഎഫിന്റെ ജയം. മത്സരം നടന്ന 12 സീറ്റിലും യുഡിഎഫ് ജയിച്ചു.
🔳തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കുനേരെ ഒളിയമ്പുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കേരളത്തിന്റെ തെരുവുകളിലേക്ക് നോക്കണം. ഇന്നലെകളില്‍ കണ്ട നൈരാശ്യം പിടിച്ച കോണ്‍ഗ്രസല്ല. ഇവിടെ ആര്‍ക്കും മാറി നില്‍ക്കാനാകില്ല'- സുധാകരന്‍ വ്യക്തമാക്കി.മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പുതിയ സംസ്ഥാന നേതൃത്വവുമായി സഹകരിക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് സുധാകരന്റെ വിമര്‍ശനം.
🔳തളിപ്പറമ്പില്‍ സിപിഎമ്മിന് തലവേദനയായി മാറിക്കഴിഞ്ഞ കോമത്ത് മുരളീധരന് മുന്നറിയിപ്പും സിപിഐക്ക് വിമര്‍ശനവുമായി നേതാക്കള്‍. തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ച് വരുന്നതാണ് കോമത്തിന് നല്ലതെന്നും അല്ലെങ്കില്‍ ഒറ്റപ്പെടുമെന്നും ഇ പി ജയരാജന്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ സകല കുറ്റങ്ങളും നടത്തുന്നവര്‍ക്ക് കേറി കൂടാന്‍ പറ്റിയ സ്ഥലമാണ് ഇപ്പോള്‍ സിപിഐ എന്നായിരുന്നു എം വി ജയരാജന്‍ വിമര്‍ശിച്ചത്. തളിപ്പറമ്പില്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ വിശദീകരണയോഗത്തിലായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും കോമത്തിനും സിപിഐക്കുമെതിരെ രംഗത്തെത്തിയത്. മുന്‍ ഏരിയ കമ്മറ്റിയംഗം കോമത്ത് മുരളീധരനെ പുറത്താക്കിയതോടെ 18 അംഗങ്ങളും കുടുംബങ്ങളും പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നിരുന്നു. വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രി എംവി ഗോവിന്ദന്റെ ഭാര്യ ശ്യാമള ടീച്ചര്‍ക്കുണ്ടായ വീഴ്ച ചോദ്യം ചെയ്തതിനാണ് തനിക്കെതിരെ നടപടിയെടുത്തത് എന്നാണ് മുരളീധരന്‍ ആരോപിക്കുന്നത്.
🔳വഖഫ് ബോര്‍ഡ് നിയമന വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സമസ്ത നേതാക്കളുമായി നാളെ ചര്‍ച്ച നടത്തും. സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗ സംഘമാണ് ചര്‍ച്ചയ്ക്ക് എത്തുക. തിരുവനന്തപുരത്ത് വച്ചാണ് ചര്‍ച്ച. ഈ മാസം 9ന് ലീഗിന്റെ വഖഫ് സംരക്ഷണ സമ്മേളനം നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ സമസ്തയുമായി ചര്‍ച്ച നടത്തുന്നത്. അതേസമയം, പ്രതിഷേധം ഉയര്‍ത്തിയ ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളെയൊന്നും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല.
🔳നാഗാലാന്റില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 12 ഗ്രാമീണരടക്കം 14പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷം. സാധാരണക്കാര്‍ കൊല്ലപ്പെട്ട വെടിവെപ്പില്‍ പ്രതിഷേധിച്ചെത്തിയ പ്രദേശവാസികള്‍ സംഘടിച്ച് സര്‍ക്കാര്‍ കേന്ദ്രങ്ങളും വാഹനങ്ങളും ആക്രമിച്ചു. മോണ്‍ നഗരത്തിലെ അസം റൈഫിള്‍സിന്റെ ക്യാമ്പും നാട്ടുകാര്‍ ആക്രമിച്ചു. ക്യാമ്പിന് തീയിടാന്‍ ശ്രമം നടന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അസം റൈഫിള്‍സ് വൃത്തങ്ങള്‍ അറിയിച്ചു. പ്രതിഷേധക്കാരെ വിരട്ടി ഓടിക്കാന്‍ ആകാശത്തേക്ക് വെടിവെച്ചു.
🔳നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 14പേര്‍ കൊല്ലപ്പട്ട സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. നാഗാലാന്‍ഡില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. പൗരന്മാരും, ജവാന്മാരും സുരക്ഷിതരല്ലാത്ത നാട്ടില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
🔳പുതുച്ചേരിയേയും തകര്‍ത്ത് കേരളം സന്തോഷ്് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക്. ഇന്നലെ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-1 നായിരുന്നു കേരളത്തിന്റെ ജയം.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യജയം. ഒഡീഷ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷമാണ് മൂന്നും ഗോളും പിറന്നത്. അല്‍വാരോ വാസ്‌ക്വെസ്, കെ പ്രശാന്ത് എന്നിവരാണ് ഗോള്‍ നേടിയത്. നിഖില്‍ രാജ് മുരുകേഷ് കുമാറാണ് ഒഡീഷയുടെ ഏകഗോള്‍ നേടിയത്.
🔳ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ കളി മുന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ചിന് 140 എന്ന നിലയിലാണ് ആതിഥേയര്‍. രണ്ട് ദിനം അവശേഷിക്കെ ഇന്ത്യയുടെ ലീഡ് മറികടക്കാന്‍ ഇനിയും 400 റണ്‍സ് കൂടി വേണം. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ഇത്രയും വലിയ സ്‌കോര്‍ മറികടക്കുക പ്രയാസമാണ്. ഹെന്റി നിക്കോള്‍സ്, രചിന്‍ രവീന്ദ്ര എന്നിവരാണ് ക്രീസില്‍. ആര്‍ അശ്വിന്‍ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേലിന് ഒരു വിക്കറ്റുണ്ട്. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 276ന് 7 എന്ന സ്‌കോറില്‍ ഡിക്ലെയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 10 വിക്കറ്റ് നേടിയ അജാസ് പട്ടേല്‍ രണ്ടാം ഇന്നിംഗ്സില്‍ നാല് പേരെ പുറത്താക്കി.
🔳പാകിസ്ഥാന്‍ പര്യടനത്തിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡിന് ഇടം കണ്ടെത്താനായില്ല. പരിക്കിനെ തുടര്‍ന്നാണ് താരത്തെ ഒഴിവാക്കിയത്്. ഏകദിന ടീമിനെ ഷായ് ഹോപ്പും ടി20 ടീമിനെ നിക്കോളാസ് പുരാനും നയിക്കും. ഏകദിനത്തില്‍ ഡെവോണ്‍ തോമസാണ് പൊള്ളാര്‍ഡിന്റെ പകരക്കാരന്‍. ടി20യില്‍ റോവ്മാന്‍ പവലും പകരക്കാരനാവും. അതേസമയം, ആന്ദ്രേ റസ്സല്‍, എവിന്‍ ലൂയിസ് എന്നിവരേയും പാകിസ്ഥാന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
🔳ആഗോളതലത്തില്‍ ഇന്നലെ 4,08,878 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 24,853 പേര്‍ക്കും ഇംഗ്ലണ്ടില്‍ 43,992 പേര്‍ക്കും റഷ്യയില്‍ 32,602 പേര്‍ക്കും തുര്‍ക്കിയില്‍ 19,357 പേര്‍ക്കും ഫ്രാന്‍സില്‍ 42,252 പേര്‍ക്കും ജര്‍മനിയില്‍ 35,983 പേര്‍ക്കും പോളണ്ടില്‍ 22,389 പേര്‍ക്കും നെതര്‍ലണ്ട്സില്‍ 23,078 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 26.60 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.11 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 3,863 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 140 പേരും റഷ്യയില്‍ 1,206 പേരും പോളണ്ടില്‍ 251 പേരും ഉക്രെയിനില്‍ 278 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52.70 ലക്ഷമായി.