About

News Now

ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍: റെയില്‍വേ, മിസോറാം, മണിപ്പൂര്‍, ഒഡിഷ ടീമുകള്‍ സെമിയില്‍


കോഴിക്കോട്: 

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേസും മിസോറാമും മണിപ്പൂരും ഒഡിഷയും സെമിഫൈനലിലെത്തി.   ചൊവ്വാഴ്ച (7.12.2021) കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തിലാണ് സെമിഫൈനല്‍ മത്സരങ്ങള്‍. ഫൈനല്‍ ഒമ്പതിന് (9.12.2021) നടക്കും. തിങ്കളാഴ്ച (6.12.2021) കളിയില്ല.

മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ കരുത്തരുടെ പോരാട്ടത്തില്‍ ക്യാപ്റ്റന്‍ സുപ്രിയ റൗട്രേയ് യുടെ ഹാട്രിക്കില്‍ റെയില്‍വേ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഗോവയെ തകര്‍ത്തത്. മത്സരത്തിന്റെ 33-ാം മിനുട്ടില്‍ സുഷ്മിത ജാദവിലൂടെ ആദ്യം ഗോളടിച്ചത് ഗോവയാണ്. ഒന്നാം പകുതിയുടെ ഇൻജ്വറി ടൈമിൽ സുപ്രിയയുടെ ആദ്യ ഗോളിലൂടെ റെയില്‍വേ തിരിച്ചടിച്ചു. ഇതോടെ 1-1 സ്‌കോര്‍ നിലയിലാണ് ഇരു ടീമുകളും ഇടവേളയ്ക്ക് പിരിഞ്ഞത്. 

രണ്ടാം പകുതിയില്‍ 56-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കിക്കും സുപ്രിയ വലയിലെത്തിച്ചു. രണ്ടു മിനിറ്റിനകം മൂന്നാം ഗോളും കണ്ടെത്തിയ സുപ്രിയ ഹാട്രിക് പൂര്‍ത്തിയാക്കി. 69-ാം മിനുട്ടില്‍ മംമ്തയിലൂടെ റെയില്‍വേ സ്‌കോര്‍ പട്ടിക തികച്ചു. രണ്ടാം പകുതിയിലെ ഇൻജ്വറി ടൈമിൽ സുഷ്മിതയിലൂടെ തന്നെ ഗോവ ഒരു ഗോള്‍ കൂടി തിരിച്ചടിച്ചെങ്കിലും 4-2 ജയവുമായി റെയില്‍വേ സെമി ബെര്‍ത്ത് ഉറപ്പിച്ചു.

കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ മിസോറാം ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയത്. എലിസബത്ത് വാന്‍ലാല്‍മാവി (10, 87), ലാല്‍നുസിയാമി (24, 66) എന്നിവരാണ് മിസോറമിനായി വലകുലുക്കിയത്. 47-ാം മിനുട്ടില്‍ കരണ്‍ പെയ്സ് മഹാരാഷ്ട്രയുടെ ആശ്വാസ ഗോള്‍ നേടി. രണ്ടാം മത്സരത്തില്‍ ഒഡിഷ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തമിഴ്‌നാടിനെ തോല്‍പ്പിച്ചാണ് സെമിയിലെ സ്ഥാനം ഉറപ്പാക്കിയത്.