കടവന്ത്രയിൽ മദ്യപാനിയായ ഭർത്താവിനെ ഭാര്യയും മകളും ചേർന്ന് കഴുത്തുഞെരിച്ചു കൊന്നു
കൊച്ചി:
മദ്യപാനിയായ ഭർത്താവിനെ ഭാര്യയും മകളും ചേർന്ന് കഴുത്തുഞെരിച്ചു കൊന്നു. കടവന്ത്ര മുട്ടത്ത് ലൈനിൽ താമസിച്ചിരുന്ന തമിഴ്നാട് ദിണ്ടിഗൽ സ്വദേശി ശങ്കരൻ ആണ് മരിച്ചത്. ഇയാളുടെ ഭാര്യ സെൽവി, മകൾ ആനന്ദി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് ശങ്കരനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ബോധരഹിതനായി കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചതെന്നാണ് പറഞ്ഞിരുന്നത്. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കഴുത്തിൽ ചെറിയ മുറിവ് ശ്രദ്ധയിൽപ്പെട്ടു. ഇതിനെ തുടർന്നാണ് സംശയം തോന്നിയ ഡോക്ടർമാർ കൂടുതൽ പരിശോധന നടത്തിയത്. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം ശ്വാസം മുട്ടി ആണെന്ന് കണ്ടെത്തി. ഇതിനെത്തുടർന്നാണ് ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തത്.
മദ്യപാനത്തെ തുടർന്ന് ശല്യപ്പെടുത്തിയിരുന്ന ശങ്കരനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇരുവരും സമ്മതിച്ചു. ഞായറാഴ്ചയും ശങ്കർ മദ്യപിച്ച ശേഷമാണ് എത്തിയത്. തുടർന്ന് സെൽവിയെ മർദ്ദിച്ചു. ഇതിൽ ദേഷ്യം തോന്നി ആണ് കൊലപ്പെടുത്തിയത്. ഷൂവിന്റെ ലൈസ് ഉപയോഗിച്ച് ആണ് കഴുത്ത് ഞെരിച്ച് കൊലപാതകം നടത്തിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.