പുതുപ്പള്ളിയിൽ ഭർത്താവിനെ വെട്ടിക്കൊന്ന് ഭാര്യ
കോട്ടയം:
ഭർത്താവിനെ വെട്ടിക്കൊന്ന് കുട്ടിയേയും എടുത്ത് വീടുവിട്ടിറങ്ങി യുവതി. പുതുപ്പള്ളിയിൽ ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് അരുംകൊല ഉണ്ടായത്. പുതുപ്പള്ളി പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടിൽ സിജി (49) യെ ആണ് ഭാര്യ കൊലപ്പെടുത്തിയത്. സിജിയെ വെട്ടിക്കൊന്ന ശേഷം ഭാര്യ റോസന്നയും ആറു വയസ്സുള്ള മകനും വീട്ടിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തിനടപടികൾ സ്വീകരിച്ചു.
പുലർച്ചെ നടന്ന കൊലപാതകം ഏറെ വൈകിയാണ് നാട്ടുകാർ അറിഞ്ഞത്. സിജിയെ വെട്ടേറ്റ നിലയിൽ വീട്ടിൽ കാണപ്പെടുകയായിരുന്നു. രാവിലെ എട്ടു മണിക്ക് ശേഷവും വീട് തുറക്കാതെ വന്നതോടെയാണ് അയൽവാസികൾ എത്തി പരിശോധിച്ചത്. ഈ സമയം സിജിയെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
റോസന്നയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസിന് ലഭിച്ച വിവരം. നാട്ടുകാരും അടുത്ത ബന്ധുക്കളുമാണ് ഇതു സംബന്ധിച്ച വിവരം സ്ഥലത്തെത്തിയ കോട്ടയം ഈസ്റ്റ് പോലീസിന് കൈമാറിയത്. നേരത്തെയും ഇവർ മകനൊപ്പം വീടുവിട്ടു ഇറങ്ങിപ്പോയിരുന്നു എന്ന് നാട്ടുകാരിൽ നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമവും കോട്ടയം ഈസ്റ്റ് പോലീസ് നടത്തിവരികയാണ്. പുതുപ്പള്ളി മേഖലയിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇവർ എവിടെ പോയി എന്ന് പോലീസ് അന്വേഷിക്കുന്നത്.
സിജിയുടെ ഇൻക്വസ്റ്റ് നടപടികൾ പോലീസ് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഓട്ടോ ഡ്രൈവർ ആണ് മരിച്ച സിജി. അഗതി മന്ദിരത്തിൽ നിന്നാണ് റോസന്നയെ സിജി വിവാഹം കഴിച്ചത്. ഏറെക്കാലമായി റോസന്നക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കുടുംബത്തെ ബാധിച്ചതായി അയൽവാസികൾ പറയുന്നത്.