ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 | ജനുവരി 29| 1197 മകരം 15| ആഖിർ 26| ശനി | മൂലം
🔳ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിനെതിരേ എല്‍ഡിഎഫിലും എതിര്‍പ്പ്. ഓര്‍ഡിനന്‍സ് അടക്കമുള്ള വിഷയങ്ങള്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഫെബ്രുവരിയില്‍ നിയമസഭ ചേരാനിരിക്കേ ഓര്‍ഡിനന്‍സിന്റെ ആവശ്യമില്ലായിരുന്നു. അദ്ദേഹം പറഞ്ഞു. ഭേദഗതി ഓര്‍ഡിനന്‍സ് സിപിഎമ്മിന്റെ മാത്രം ആവശ്യമാണെന്നും എല്‍ഡിഎഫിനു ബോധ്യപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
🔳അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്കുപോയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദുബായിലേക്ക് പോകും. ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കും. ദുബായ് എക്സ്പോയിലെ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്യും. അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഫെബ്രുവരി ഏഴാം തീയതി അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങി എത്തും. അമേരിക്കയില്‍നിന്ന് ഇന്നു തിരിച്ചെത്തുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്.
🔳എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ എഴുത്തു പരീക്ഷ ആദ്യം നടത്തുമെന്നും അതിനു ശേഷമാവും പ്രാക്ടിക്കല്‍ പരീക്ഷയെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പ്രാക്ടിക്കല്‍ പരീക്ഷ ആദ്യം നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക മുറി അനുവദിക്കും. പത്ത്, പ്‌ളസ് വണ്‍, പ്‌ളസ് ടു പരീക്ഷകള്‍ക്കുമുമ്പ് പാഠഭാഗങ്ങള്‍ തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
🔳കോവിഡ് രോഗിയുമായി ബന്ധമുള്ള എല്ലാവര്‍ക്കും ഇനി ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൊവിഡ് രോഗിയെ പരിചരിക്കുന്ന ആള്‍ക്ക് മാത്രം ക്വാറന്റീന്‍ മതിയാകും. രോഗനിര്‍ണയത്തിന് ടെലി കണ്‍സള്‍ട്ടേഷന്‍ പരമാവധി ഉപയോഗിക്കണം. മൂന്നാം തരംഗത്തില്‍ രോഗബാധിതര്‍ കൂടുന്നുണ്ടെങ്കിലും ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് മന്ത്രി അറിയിച്ചു.
🔳ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിനു ഭക്ഷണം തയ്യാറാക്കുന്നവര്‍ ബ്രാഹ്‌മണരായിരിക്കണമെന്ന ദേവസ്വം ബോര്‍ഡ് പരസ്യം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഇടപെട്ട് പിന്‍വലിപ്പിച്ചു. ഭക്ഷണം ഉണ്ടാക്കുന്നതിനാണ് ക്വട്ടേഷന്‍ വിളിച്ചത്. പ്രസാദ ഊട്ടുമായി ബന്ധപ്പെട്ട എല്ലാ ടെന്‍ഡര്‍ നടപടികളും റദ്ദാക്കിയതായി ദേവസ്വം അറിയിച്ചു.
🔳കേരള, മഹാത്മാഗാന്ധി സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ ഹൈക്കോടതി തടഞ്ഞു. കൊവിഡ് വ്യാപനം ചൂണ്ടിക്കാണിച്ച് എന്‍എസ്എസ് നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. കോടതി ഉത്തരവിനു പിറകേ എം ജി സര്‍വകലാശാല ഫെബ്രുവരി എട്ട് വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
🔳കൊവിഡ് വ്യാപനം തടയാന്‍ കടുത്ത നിയന്ത്രണങ്ങളുള്ള കണ്ണൂരില്‍ ജില്ല കളക്ടറുടെ ഉത്തരവു ലംഘിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പു നടത്തി. നൂറിലേറെ ക്യാംപസുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 90 ശതമാനത്തിലേറെ കോളേജുകളിലും എസ്എസ്ഫ്ഐ വന്‍ വിജയം നേടി. 20 പേരിലധികം കൂട്ടംകൂടരുതെന്ന വിലക്കുണ്ടായിട്ടും കോളജുകളില്‍ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ആഹ്ളാദ പ്രകടനങ്ങളുണ്ടായി.
🔳കോഴിക്കോട് വെള്ളിമാടുകുന്ന് ബാലികാസദനത്തിലെ ആറു പെണ്‍കുട്ടികള്‍ ഒളിച്ചോടിയതിനു സഹായിച്ച സംഘത്തെ പോലീസ് തെരയുന്നു. ഒളിച്ചോട്ടത്തിനിടെ കുട്ടികള്‍ ആദ്യം 500 രൂപയ്ക്കു ഫോണ്‍ വാങ്ങി. ആര്‍ക്കോ ഫോണ്‍ ചെയ്താണ് 500 രൂപ ഗൂഗിള്‍ പേ ചെയ്തത്. കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റെടുക്കാന്‍ പണമില്ലായിരുന്ന കുട്ടികള്‍ ഫോണ്‍ വിളിച്ചുപറഞ്ഞ് കണ്ടക്ടര്‍ക്ക് രണ്ടായിരം രൂപയാണ് ഗൂഗിള്‍ പേ ചെയ്യിച്ചത്. പണം നല്‍കി കുട്ടികളെ വശത്താക്കിയ സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.
🔳അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ തന്റെ ഫോണ്‍ അന്വേഷണസംഘത്തിനു കൈമാറാനാകില്ലെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. എങ്കില്‍ കോടതിക്കു കൈമാറിയാല്‍ മതിയെന്ന് പ്രോസിക്യൂഷന്‍. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി അവധിദിനമാണെങ്കിലും ഇന്നു ഹൈക്കോടതി പരിഗണിക്കും. ഫോണില്‍ മുന്‍ഭാര്യ മഞ്ജുവാര്യരുമായുള്ള സ്വകാര്യസംഭാഷണങ്ങളുണ്ടെന്നും അന്വേഷണസംഘം ദുരുപയോഗം ചെയ്താല്‍ തന്റെ സ്വകാര്യതയെ ബാധിക്കുമെന്നും ദിലീപ് വാദിച്ചു. തന്റെ മറ്റൊരു ഫോണില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറുമായുള്ള തെളിവുണ്ട്. അതു ഫൊറന്‍സിക് പരിശോധനയ്ക്കു കൊടുത്തിരിക്കുകയാണ്. നിരപരാധിത്വം തെളിയിക്കാന്‍ ഈ ഫോണ്‍ അനിവാര്യമാണ്. കോടതി ആവശ്യപ്പെട്ടാല്‍ ഹാജരാക്കാമെന്നും ദിലീപിന്റെ അഭിഭാഷകര്‍ മറുപടി നല്‍കി.
🔳അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ നടന്‍ ദിലീപ് ശ്രമിച്ചെന്ന കേസന്വേഷിക്കുന്ന പോലീസ്, നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മൊഴിയെടുത്തു. എറണാകുളം സബ് ജയിലിലെത്തിയാണ് മൊഴിയെടുത്തത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ നിജസ്ഥിതിയാണ് അന്വേഷണ സംഘം പരിശോധിച്ചത്.
🔳ആലുവായില്‍ മറിഞ്ഞ ട്രെയിന്‍ ബോഗികള്‍ നീക്കം ചെയ്ത് ഇന്നലെ രാത്രിയോടെ ഗതാഗതം പുനസ്ഥാപിച്ചു. പാളം തെറ്റിയ നാല് ബോഗികളും ട്രാക്കില്‍നിന്ന് നീക്കി. ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പടെ മണിക്കൂറുകളാണ് വൈകി ഓടിയത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയത്.
🔳ശബരിമലയില്‍ ഭക്തജനങ്ങള്‍ക്കിടെ തര്‍ക്കം ഉണ്ടാക്കിയതിന് രണ്ടു ശാന്തിക്കാരെ സസ്പെന്‍ഡ് ചെയ്തു. മാളികപ്പുറം ഉപദേവത ക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്ന രാജേഷ്, രാഹുല്‍ ചന്ദ്രന്‍ എന്നിവരെയാണ് ദേവസ്വം ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തത്.
🔳മുന്‍ മന്ത്രിയും എഐസിസി അംഗവുമായ രഘുചന്ദ്രബാലിന്റെ സഹോദരന്‍ രാജ ഗുരു ബാല്‍ ആത്മഹത്യ ചെയ്ത നിലയില്‍. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സഹോദരന്‍ രഘു ചന്ദ്രബാലും കുടുംബവുമാണ് തന്റെ മരണത്തിന് കാരണമെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. പോലീസുകാര്‍ക്കെതിരെയും ആരോപണമുണ്ട്.
🔳ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസില്‍ യുവതി പിടിയിലായി. തിരുവനന്തപുരം സ്വദേശിനിയും ആലപ്പുഴ സ്വദേശി ഷാരോണിന്റെ ഭാര്യയുമായ ഇന്ദു ഷാരോണ്‍ എന്ന മുപ്പത്തഞ്ചുകാരിയെയാണ് ചേര്‍ത്തല പൊലീസ് അറസ്റ്റു ചെയ്തത്. പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം രൂപ തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. കോണ്‍ഗ്രസിന്റെ മന്ത്രിയായിരുന്ന വി.എസ്. ശിവകുമാറിന്റെ പി.എ വാസുദേവന്‍നായരുടെ മകളാണെന്നും ഭര്‍ത്താവ് ഷാരോണ്‍ മണ്ണഞ്ചേരിയില്‍ കൊലക്കേസ് പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
🔳തിരുവനന്തപുരം വലിയതുറ പാലത്തിനടുത്ത് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഗോഡൗണിനു സമീപമാണ് മൃതദേഹം കിടന്നിരുന്നത്. പോലീസ് കേസെടുത്തു.
🔳ഞായറാഴ്ച ലോക്ഡൗണിനെതിരേ കെസിബിസി. വിശ്വാസികള്‍ ദേവാലയങ്ങളിലെ ആരാധനകളില്‍ പങ്കെടുക്കുന്ന ദിവസമാണു ഞായറാഴ്ച. മറ്റു പല മേഖലകളിലും നിയന്ത്രണങ്ങളോടെ പരിപാടികള്‍ അനുവദിക്കുമ്പോള്‍, ദേവാലയങ്ങള്‍ക്കുള്ള കടുത്ത നിയന്ത്രണം പുന:പരിശോധിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.
🔳ബിജെപി ഭരിച്ചിരുന്ന തിരുവില്വാമല പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ കെ. പത്മജ നറുക്കെടുപ്പിലൂടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ്, സിപിഎം അംഗങ്ങള്‍ സംയുക്തമായി അവതരിപ്പിച്ച അവിശ്വാസ പ്രമേയങ്ങള്‍ വിജയിച്ചതോടെയാണ് ബിജെപി ഭരണം അവസാനിച്ചത്. ഭരണ സമിതിയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ആറ് അംഗങ്ങള്‍ വീതവും സിപിഎമ്മിന് അഞ്ച് അംഗങ്ങളുമാണുള്ളത്.
🔳ആംബലുന്‍സില്‍ 48 കിലോ കഞ്ചാവു കടത്തിയ രണ്ടു പേര്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണയിലാണു സംഭവം. പുത്തന്‍പീടിയേക്കല്‍ ഉസ്മാന്‍, ഏറാട്ടുവീട്ടില്‍ ഹനീഫ എന്നിവരാണു പിടിയിലായത്.
🔳അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ അനുനയിപ്പിക്കാന്‍ പൊലീസെത്തി. പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ആരെ നിയമിക്കണമെന്ന അഭിപ്രായം ശേഖരിക്കാനാണ് അഗളി ഡിവൈ.എസ്.പി ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ മധുവിന്റെ വീട്ടിലെത്തിയത്.
🔳മുല്ലപ്പെരിയാര്‍ ഹര്‍ജികളില്‍ സുപ്രീംകോടതി പരിഗണിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് ഉന്നതതല യോഗത്തില്‍ തീരുമാനം. കേരളത്തിനും തമിഴ്നാടിനും യോജിപ്പും വിയോജിപ്പുമുള്ള വിഷയങ്ങള്‍ പ്രത്യേകം സുപ്രീംകോടതിയെ അറിയിക്കും. റൂള്‍ കര്‍വ്, ഗെയ്റ്റ് ഓപ്പറേഷന്‍ അടക്കമുള്ള നാലു വിഷയങ്ങള്‍ പരിഗണിക്കുന്നതില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും യോജിപ്പുണ്ട്. വിയോജിപ്പുള്ള സുരക്ഷ അടക്കമുള്ള വിഷയങ്ങളുടെ പട്ടികയും പ്രത്യേകം കോടതി അറിയിക്കും.
🔳കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിര്‍മിച്ച മൂന്നു കപ്പലുകള്‍ അതിര്‍ത്തി രക്ഷാസേനയ്ക്കു കൈമാറി. ഫ്ളോട്ടിങ് ബോര്‍ഡ് ഔട്ട്-പോസ്റ്റ് കപ്പലുകളാണ് രണ്ടാം സെറ്റ് അതിര്‍ത്തി സുരക്ഷാ സേനക്കു കൈമാറിയത്. ഇത്തരത്തിലുള്ള ഒമ്പത് കപ്പലുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡുമായി കരാറുള്ളത്. 46 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ളവയാണ് ഓരോ കപ്പലുകളും.
🔳കോവിഡ് ബൂസ്റ്റര്‍ ഡോസ് മൂക്കിലൂടെ നല്‍കുന്നതിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഡിസിജിഐ അനുമതി. ഭാരത് ബയോടെകിന്റെ ഇന്‍ട്രാ നേസല്‍ വാക്സീന് ഡ്രഗ് റെഗുലേറ്ററി ബോര്‍ഡ് പരീക്ഷണാനുമതി നല്‍കി. 900 ആളുകളില്‍ ആദ്യഘട്ട പരീക്ഷണം നടത്തും.
🔳മഹാരാഷ്ട്രയില്‍ പന്ത്രണ്ട് എംഎല്‍എമാരെ ഒരു വര്‍ഷത്തേക്ക് നിയമസഭ സസ്പെന്‍ഡ് ചെയത നടപടി സുപ്രീംകോടതി റദ്ദാക്കി. സ്പീക്കറെ കൈയ്യേറ്റം ചെയ്തെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തത്. ഒരു വര്‍ഷത്തേക്ക് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യാന്‍ നിയമസഭയ്ക്ക് അവകാശമില്ല. പരമാവധി ഒരു സമ്മേളന കാലത്തേക്ക് സസ്പെന്‍ഡ് ചെയ്യാമെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
🔳രാജ്യത്തെ ഏറ്റവും സമ്പത്തുള്ള പാര്‍ട്ടിയായി ബിജെപി. 2019 - 2020 ല്‍ 4847.78 കോടി രൂപയാണ് ബിജെപിയുടെ ആസ്തി. ബിഎസ്പിക്കു പിറകില്‍ മൂന്നമതാണ് കോണ്‍ഗ്രസിന്റെ സ്ഥാനം. ബിഎസ്പിക്ക് 698.33 കോടി രൂപയുടെ ആസ്തിയാണ്. 588.16 കോടിയാണ് കോണ്‍ഗ്രസിന്റെ ആസ്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
🔳സാമ്പത്തിക വിദഗ്ധന്‍ അനന്ത നാഗേശ്വരനെ പ്രധാനമന്ത്രിയുടെ പുതിയ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു. നേരത്തെ ഇദ്ദേഹം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ അംഗമായിരുന്നു. കേന്ദ്ര ബജറ്റിനും ഇക്കോണോമിക് സര്‍വേക്കും തൊട്ടുമുന്‍പാണ് തീരുമാനം. 2021 ഡിസംബര്‍ 17 മുതല്‍ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
🔳കേരളത്തില്‍ ഇന്നലെ 1,15,898 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടിപിആര്‍ 47.05. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,786 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,225 പേര്‍ രോഗമുക്തി നേടി.ഇതോടെ 3,33,447 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ 2323, കണ്ണൂര്‍ 2314, പത്തനംതിട്ട 2021, വയനാട് 1379, കാസര്‍ഗോഡ് 1121.
🔳രാജ്യത്ത് ഇന്നലെ 2,26,881 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 24,948, കര്‍ണാടക- 31,198, തമിഴ്‌നാട്- 26,533, ഗുജറാത്ത് - 12,131, ആന്ധ്രപ്രദേശ്-12,561, ഡല്‍ഹി- 4,044.
🔳ആഗോളതലത്തില്‍ ഇന്നലെ മുപ്പത്തിയഞ്ച് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ ആറ് ലക്ഷത്തിനു മുകളില്‍. ബ്രസീല്‍ - 2,51,884, ഇംഗ്ലണ്ട്- 89,176, ഫ്രാന്‍സ്- 3,53,503, ഇറ്റലി- 1,43,898, സ്പെയിന്‍ - 1,18,922, ജര്‍മനി-1,89,464363. ഇതോടെ ആഗോളതലത്തില്‍ 37 കോടിയിലധികം ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 7.20 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 9,613 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 2,183, റഷ്യ- 673, ബ്രസീല്‍ - 715, ഇറ്റലി- 378, മെക്സിക്കോ - 495. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56.66 ലക്ഷമായി.