ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 | ജനുവരി 17| 1197 മകരം 03 ആഖിർ 14| തിങ്കൾ | പുണർതം
സംസ്ഥാനത്തു കോവിഡ് വ്യാപനം അതിതീവ്രമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പതു ശതമാനം കവിഞ്ഞു. ഇന്നലെ 18,123 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 59,314 സാമ്പിളുകളാണു പരിശോധിച്ചത്. എല്ലാ ജില്ലകളിലും ആശുപത്രികളില്‍ രോഗികളുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധന. ആശുപത്രികളില്‍ ആവശ്യമായ ചികില്‍സാ സൗകര്യം ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. 1,03,864 പേരാണു കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്.
🔳ബുധനാഴ്ച മുതല്‍ സ്‌കൂളില്‍ കുട്ടികള്‍ക്കു വാക്സിന്‍ നല്‍കും. 15 വയസും അതിനുമുകളിലുമുള്ള വിദ്യാര്‍ഥികള്‍ക്കാണു വാക്സിന്‍ നല്‍കുക.
🔳കൈക്കൂലി കേസില്‍ ഗെയില്‍ മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്ടറും മലയാളിയുമായ ഇഎസ് രംഗനാഥനെ സിബിഐ അറസ്റ്റു ചെയ്തു. രംഗനാഥന്‍ അടക്കം ആറു പേരാണ് അറസ്റ്റിലായത്. ഗെയിലിന്റെ പെട്രോ- കെമിക്കല്‍ ഉത്പന്നങ്ങള്‍ വില കുറച്ചുനല്‍കാന്‍ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അറസ്റ്റിലായ നാലാം പ്രതിയും മലയാളിയുമായ രാമകൃഷ്ണന്‍ നായരാണ് ഇടനിലക്കാരില്‍നിന്ന് പണം വാങ്ങിയത്. രംഗനാഥന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത പണവും സ്വര്‍ണവും പിടിച്ചെടുത്തു.
🔳കെ റെയില്‍ പദ്ധതിയുടെ പേരില്‍ ഒരാളെയും കണ്ണീര്‍ കുടിപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗ്രാമങ്ങളില്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന് മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി നല്‍കും. എതിര്‍ക്കുന്നവര്‍ക്കു പിന്നില്‍ കോര്‍പ്പറേറ്റുകളാണെന്നും അദ്ദേഹം ആരോപിച്ചു.
🔳അന്‍വര്‍ സാദത്ത് എംഎല്‍എ മുഖ്യമന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസ് നല്‍കിയതിനാലാണ് കെ റെയിലിന്റെ വിശദ പദ്ധതിരേഖയായ ഡിപിആര്‍ സര്‍ക്കാര്‍ പുറത്തുവിട്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഡിപിആറിലെ അപകടങ്ങള്‍ പുറത്തറിഞ്ഞാല്‍ ജനരോഷമുണ്ടാകുമെന്നു ഭയന്നാണ് ഇത്രയുംകാലം ഡിപിആര്‍ രഹസ്യമാക്കി സൂക്ഷിച്ചത്. സുധാകരന്‍ പറഞ്ഞു.
🔳ഇടുക്കി എന്‍ജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കെഎസ്.യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി നിതിന്‍ ലൂക്കോസാണ് പിടിയിലായത്. നാലാം പ്രതിയാണ് നിതിന്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. അഞ്ചാം പ്രതിയെകൂടി പിടികൂടാനുണ്ട്.
🔳ധീരജിന്റെ കൊലപാതകത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പൊലീസില്‍ കീഴടങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുധാകരന്റെ അറിവോടെ നടന്ന കൊലപാതകമാണെന്ന് സുധാകരന്‍ തന്നെയാണ് പറയുന്നത്. ഇരന്നു വാങ്ങിയ കൊലപാതകമെന്ന് സുധാകരന്‍ പറഞ്ഞെന്നും കോടിയേരി.
🔳സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിനും പൊതുസമ്മേളനം ഉണ്ടാകില്ല. എന്നാല്‍ വെര്‍ച്വല്‍ സമ്മേളനം ഉണ്ടാകും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണവും കുറച്ചു. 21 മുതല്‍ 23 വരെയാണ് തൃശൂര്‍ ജില്ലാ സമ്മേളനം.
🔳തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്നും തെക്കുംകരയില്‍ നൃത്തം അവതരിപ്പിച്ചവര്‍ ന്യൂട്രോണ്‍ ബോംബുണ്ടാക്കിയിട്ടില്ലെന്നും സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്. കൊവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്നും 80 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
🔳തിരുവനന്തപുരത്ത് സിപിഎം സമ്മേളനത്തിനു മുന്നോടിയായി നടത്തിയ തിരുവാതിരക്കളിയില്‍ ക്ഷമചോദിച്ച് സമ്മേളനത്തിന്റെ സംഘാടക സമിതി കണ്‍വീനര്‍ എസ്. അജയന്‍. ധീരജ് കൊല്ലപ്പെട്ട ദിവസം തിരുവാതിര നടത്തിയതും പാട്ടിലെ വരികളും സഖാക്കള്‍ക്കു വേദനയുണ്ടാക്കിയതായി മനസിലാക്കുന്നുവെന്ന് സമ്മേളനത്തില്‍ നന്ദി പറയവേ അജയന്‍ പറഞ്ഞു.
🔳ഇന്നലെ രാവിലെ ടിക്കറ്റെടുത്ത പെയിന്റിംഗ് തൊഴിലാളിക്ക് 12 കോടി രൂപയുടെ ക്രിസ്മസ് പുതുവത്സര ബംപര്‍. കോട്ടയം കുടയംപടി സ്വദേശി സദനാണ് ഭാഗ്യശാലി. സ്ഥിരമായി ലോട്ടറി എടുക്കാറില്ല. ശെല്‍വല്‍ എന്ന ലോട്ടറി വില്‍പനക്കാരനില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. 'ഒരുപാട് കടമുണ്ട് അതെല്ലാം തീര്‍ക്കണം. മക്കള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം.' സദന്‍ പറഞ്ഞു.
🔳ശബരിമല തീര്‍ത്ഥാടനം നിയന്ത്രണങ്ങളോടെ തുടരുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. മുന്‍കൂട്ടി ബുക്ക് ചെയ്താണ് ദര്‍ശനത്തിന് എത്തുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ വേണ്ട എന്ന നിലപാടിലാണ് ദേവസ്വംബോര്‍ഡും സര്‍ക്കാരും. സ്പോട്ട്ബുക്കിംഗ് തുടരുകയാണ്. ഈ മാസം 19 വരെ ദര്‍ശനം തുടരും.
🔳താരസംഘടനയായ അമ്മ അതിജീവിതയ്ക്കൊപ്പമാണെന്നു പറയുന്നതു വെറുതേയാണെന്ന് നടി പത്മപ്രിയ. നടിയെ ആക്രമിച്ച സംഭവത്തിനു പിറകേ പുറത്തുപോയ നടിമാരെ തിരിച്ചെടുക്കണം. പുതിയ അപേക്ഷ നല്‍കണമെന്ന അമ്മയുടെ നിലപാട് ശരിയല്ലെന്നും പത്മപ്രിയ. കോഴിക്കോട് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പത്മപ്രിയ.
🔳നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഇന്നു വിധി പറയും. എട്ടു സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളിയതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
🔳കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തിയ ബിജെപി പരിപാടികള്‍ക്കെതിരെ പൊലീസ് കേസ്. പെരുമ്പാവൂരില്‍ നടത്തിയ ജനകീയ പ്രതിരോധ പരിപാടിക്കും കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടത്തിയ പരിപാടിക്കും എതിരെയാണ് കേസ്. കോഴിക്കോട്ട് കണ്ടാലറിയുന്ന ആയിരത്തിയഞ്ഞൂറ് പേര്‍ക്കെതിരെയാണ് കസബ പൊലീസ് കേസെടുത്തത്.
🔳മലപ്പുറം താനൂരില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുന്നുംപുറം സ്വദേശി പട്ടേരികുന്നത്ത് അര്‍ഷിദാ(19)ണ് താനൂര്‍ പൊലീസിന്റെ പിടിയിലായത്.
🔳പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 72 വയസായിരുന്നു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.
🔳രാജ്യത്തെ മതഭീകരവാദത്തിന്റെ ബുദ്ധികേന്ദ്രം കേരളത്തിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഇലക്ട്രോണിക് വോട്ടു യന്ത്രത്തിനെതിരേ ആദ്യം പ്രചാരണം നടത്തിയത് മതതീവ്രവാദികളാണ്. പിറകേ രാഷ്ട്രീയപാര്‍ട്ടികള്‍ അത് ഏറ്റെടുത്തു. കേരളത്തിലായിരുന്നു തുടക്കം. ജെഎന്‍യുവിലെ ഇടത് -ജിഹാദി മുന്നണി പൊളിച്ചപ്പോള്‍ അവര്‍ കേരളത്തിലെ യൂണിവേഴ്സിറ്റികളെ താവളമാക്കിയെന്നും സുരേന്ദ്രന്‍.
🔳കോട്ടയം പാലായില്‍ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കണ്ടക്ടറെ അറസ്റ്റു ചെയ്തു. സംക്രാന്തി സ്വദേശി തുണ്ടിപ്പറമ്പില്‍ അഫ്സല്‍ എന്ന മുപ്പതുകാരനാണ് പിടിയിലായത്. ഒത്താശ ചെയ്തുകൊടുത്ത കട്ടപ്പന സ്വദേശി എബിനേയും അറസ്റ്റു ചെയ്തു.
🔳മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍തൃസഹോദരന്റെ കാര്‍ സാമൂഹ്യ വിരുദ്ധര്‍ തല്ലിതകര്‍ത്തു. എസ്റ്റേറ്റിലെ വീടിനു സമീപം നിര്‍ത്തിയിട്ട കാറാണ് രാത്രിയില്‍ തല്ലിതകര്‍ത്തത്. യുഡിഎഫില്‍നിന്നും കൂറുമാറി എല്‍ഡിഎഫിലേക്കുപോയി പ്രസിഡന്റായ പ്രവീണകുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസിനു സമീപം നൂറുദിന റിലേ സമരം ആരംഭിച്ചിരുന്നു.
🔳വിനോദ സഞ്ചാരകേന്ദ്രമായ പൊന്മുടിയില്‍ നാളെ മുതല്‍ സന്ദര്‍ശകര്‍ക്കു വിലക്ക്. ഓണ്‍ലൈനിലൂടെ ബുക്കു ചെയ്തവര്‍ക്കു പണം തിരിച്ചുനല്‍കും. കോവിഡ് വ്യാപനംമൂലമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
🔳ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരില്‍നിന്നു രാജിവച്ച മൂന്നാമത്തെ മന്ത്രി ദാരാസിംഗ് ചൗഹാനും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. അപ്നാദള്‍ എംഎല്‍എ ആര്‍.കെ. വര്‍മയും രാജിവച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു.
🔳കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനാല്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ സഹോദരന്‍ മനോഹര്‍ സിങ്. ബസി പത്താന മണ്ഡലത്തിലാണ് മത്സരിക്കുക. ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ക്കു സ്ഥാനാര്‍ഥിത്വം എന്ന മാനദണ്ഡമനുസരിച്ചാണ് ചന്നിയുടെ സഹോദരന് ടിക്കറ്റ് നിഷേധിച്ചത്.
🔳ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലിനെതിരെ യുപി പൊലീസ് കേസെടുത്തു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യുപിയിലെ നോയിഡയില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയതിനാണ് കേസ്.
🔳ബിഹാറിലെ നളന്ദയില്‍ വ്യാജമദ്യ ദുരന്തത്തില്‍ 11 മരണം. സംസ്ഥാനത്തെ സമ്പൂര്‍ണ മദ്യനിരോധനം എടുത്തുകളയണമെന്ന് ഹിന്ദുസ്ഥാനി യുവമോര്‍ച്ച നേതാവും മുന്‍മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചി ആവശ്യപ്പെട്ടു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
🔳ഹരിയാനയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് 125 കോടി രൂപ തട്ടിയെടുത്ത ബിഎസ്എഫ് ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്ന് 14 കോടി രൂപ കണ്ടെടുത്തു. ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും ഏഴ് ആഡംബര കാറുകളും പിടിച്ചെടുത്തു. ഗുരുഗ്രാം മനേസറിലെ എന്‍എസ്ജി ആസ്ഥാനത്തെ ബിഎസ്എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് പ്രവീണ്‍ യാദവാണു തട്ടിപ്പുകേസില്‍ അറസ്റ്റിലായത്. ഇയാളുടെ ഭാര്യ മമതയേയും അറസ്റ്റു ചെയ്തിട്ടുണ്ട്.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലത്തെ കേരള ബ്ലാസ്റ്റേഴ്‌സ്-മുംബൈ സിറ്റി എഫ്‌സി മത്സരം മാറ്റിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. മത്സരത്തിന്റെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. ശനിയാഴ്ച്ച നടക്കേണ്ടിയിരുന്ന എടികെ മോഹന്‍ ബഗാന്‍-ബെംഗളുരു എഫ്‌സി മത്സരവും മാറ്റിവെച്ചിരുന്നു.
🔳ആഷസ് പരമ്പരയില്‍ ഒരു ടെസ്റ്റ് പോലും ജയിക്കാതെ തോല്‍വി സമ്മതിച്ച് ഇംഗ്ലണ്ട്. പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ 146 റണ്‍സിന് വിജയിച്ച ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നാല് മത്സരങ്ങളും വിജയിച്ചാണ് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയത്.
🔳രാജ്യത്ത് ഇന്നലെയും രണ്ടര ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 41,327 കര്‍ണാടക- 34,047 തമിഴ്നാട്- 23,975 പശ്ചിമബംഗാള്‍- 14,938 ഉത്തര്‍പ്രദേശ്- 17,185 ഡല്‍ഹി- 18,286.
🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ മൂന്ന് ലക്ഷത്തിനടുത്ത്. ഫ്രാന്‍സ്- 2,78,129, ഇറ്റലി- 1,49,512, അര്‍ജന്റീന- 65,241, ആസ്ട്രേലിയ- 86,060, ഇംഗ്ലണ്ട്- 70,924. ഇതോടെ ആഗോളതലത്തില്‍ 32.63 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 5.44 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 3,827 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 271, റഷ്യ- 686, ഇറ്റലി -248. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55.57 ലക്ഷമായി.
🔳സൗബിന്‍ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം 'കള്ളന്‍ ഡിസൂസ' ജനുവരി 21 ന് തിയേറ്ററുകളില്‍ എത്തും. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, വിജയ രാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ.റോയ് ഡേവിഡ്, പ്രേം കുമാര്‍, രമേശ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്ണ കുമാര്‍, അപര്‍ണ നായര്‍ എന്നിവരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
🔳അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയ്ന്‍ കൂട്ടുകെട്ടിലുള്ള കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വരാല്‍'. തിരക്കഥ - അനൂപ്മേനോന്‍. കണ്ണന്‍ താമരക്കുളത്തിന്റെ പൊളിറ്റിക്കല്‍ ഡ്രാമയാണ് 'വരാല്‍ '. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലൊരുങ്ങുന്ന, ഏറെ കാലികപ്രാധാന്യമുള്ള ഒരു പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും ഇത്. ഒരു വലിയ ക്യാന്‍വാസില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രത്തില്‍ സുരേഷ് കൃഷ്ണ, രണ്‍ജി പണിക്കര്‍, ശങ്കര്‍രാമകൃഷ്ണന്‍, ഹണി റോസ്, ഗൗരി നന്ദ, ബിനീഷ് ബാസ്റ്റിന്‍, കൊല്ലം തുളസി, സുധീര്‍, നിത പ്രോമി, മന്‍രാജ് തുടങ്ങിയവരും വേഷമിടുന്നുണ്ട്.