About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022  | ജനുവരി 18| 1197 മകരം 04 ആഖിർ 15| ചൊവ്വ  | പൂയം|


പന്ത്രണ്ടു വയസിനു മുകളിലുള്ള കുട്ടികള്‍ക്കു കോവിഡ് വാക്സിന്‍ കുത്തിവയ്പ്പ് മാര്‍ച്ച് മാസത്തോടെ ആരംഭിക്കും. പതിനഞ്ച് വയസിനു മുകളിലുള്ള കൗമാരക്കാരിലെ വാക്സിനേഷന്‍ അടുത്ത മാസത്തോടെ പൂര്‍ത്തിയാക്കും. വാക്സിനേഷന്‍ ഉപദേശക സമിതി തലവന്‍ ഡോ.എന്‍.കെ. അറോറ വ്യക്തമാക്കി.
🔳കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡുതല കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. എല്ലാ വാര്‍ഡുകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീം ശക്തിപ്പെടുത്തും. വോളണ്ടിയന്‍മാരെ സജീവമാക്കും. കുടുംബശ്രീ പ്രവര്‍ത്തകരെ കൂടി അവബോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.  
🔳ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന തൃശൂര്‍, കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. മൂന്നു ദിവസത്തെ ശരാശരി രോഗവ്യാപനം 30 ശതമാനത്തില്‍ കൂടുതലായ ഈ ജില്ലകളില്‍ എല്ലാ പൊതുപരിപാടികളും നിരോധിച്ചു. മതപരമായ പരിപാടികള്‍ക്കും ഇത് ബാധകമാണ്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളും ഓണ്‍ലൈനായി മാത്രമേ യോഗങ്ങളും പരിപാടികളും നടത്താവൂ.
🔳ദിലീപിന്റെ സുഹൃത്തും ആലുവായിലെ ഹോട്ടലുടമയുമായ തോട്ടുമുഖം കല്ലുങ്കല്‍ ലയിനിലെ ശരത് ജി നായരുടെ വീട്ടിലും ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജിന്റെ ഫ്ളാറ്റിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചുള്ള പുതിയ കേസില്‍ ഇവരെ പ്രതിചേര്‍ക്കാനാണു നീക്കം.
🔳നടിയെ ആക്രമിച്ച കേസിന്റെ മാധ്യമ വാര്‍ത്തകള്‍ തടയണമെന്നാവശ്യപ്പെട്ട് ദിലീപ്  ഹൈക്കോടതിയില്‍. മാധ്യമവിചാരണ നടത്തി തനിയ്ക്കെതിരെ ജനവികാരം ഇളക്കിവിടാന്‍ അന്വേഷണസംഘം ശ്രമിക്കുന്നു. രഹസ്യ വിചാരണ എന്ന നിര്‍ദ്ദേശം ലംഘിക്കുന്ന നടപടിയാണിത്. കോടതിയിലെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു.
🔳ബിജെപി നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. എസ്ഡിപിഐ ആലപ്പുഴ മുന്‍സിപ്പല്‍ ഏരിയ പ്രസിഡന്റ് ഷെര്‍നാസ് (39) ആണ് അറസ്റ്റില്‍ ആയത്. കേസില്‍ ഇതുവരെ 19 പേര്‍ അറസ്റ്റിലായി. മുഖ്യ പ്രതികളടക്കം കൂടുതല്‍ പേര്‍ ഇനിയും അറസ്റ്റിലാകാനുണ്ട്.
🔳തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ നഴ്സുമാര്‍ ജനുവരി 31 ന് അനിശ്ചിതകാല സമരം തുടങ്ങും. നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കുക, അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ടിനെതിരെയുള്ള നടപടി പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.
🔳കോട്ടയത്ത് യുവാവിനെ കൊന്ന് ഗുണ്ട മൃതദേഹം പോലീസ് സ്റ്റേഷനിലിട്ട സംഭവത്തിനു പിറകേ, ഗുണ്ടാവേട്ടയുടെ കണക്കു പുറത്തുവിട്ട് മുഖംരക്ഷിക്കാനുള്ള ശ്രമവുമായി പോലീസ്. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് 14,014  ഗുണ്ടകളെ പിടികൂടിയെന്നാണ് പോലീസിന്റെ അവകാശവാദം. ഗുണ്ടാനിയമപ്രകാരം 224 പേര്‍ക്കെതിരെ കേസെടുത്തു. 19,376 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 6,305 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തെന്നും പോലീസ്.
🔳സില്‍വര്‍ ലൈന്‍ ഡിപിആര്‍ പ്രസിദ്ധീകരിച്ചത് ജനങ്ങളുടെ ആശങ്ക മാറ്റാനെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രതിപക്ഷം ഡിപിആര്‍ പഠിച്ച് പോസിറ്റീവായ നിലപാടിലേക്കു വരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
🔳ഫെബ്രുവരി നാലു മുതല്‍ നടത്താനിരുന്ന 26 ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവച്ചു. കൊവിഡ്   വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണു മേള മാറ്റിവക്കാന്‍ തീരുമാനമാനിച്ചതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.
🔳കുടുംബശ്രീ തെരഞ്ഞെടുപ്പിനു കൊവിഡ് നിയന്ത്രണങ്ങളില്‍  ഇളവുകള്‍ നല്‍കി ദുരന്തനിവാരണ വകുപ്പ്.  പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഇളവ് നല്‍കി.
🔳കോട്ടയത്ത് പത്തൊമ്പത് വയസുകാരന്‍ ഷാന്‍ ബാബുവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് മൃതദേഹം  പൊലീസ് സ്റ്റേഷനിലിട്ട സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ഇയാളുടെ പേര് വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കൊല്ലപ്പെട്ട ഷാന്‍ ബാബുവിനെതിരെ കഞ്ചാവു കടത്തിന് കേസുണ്ടെന്ന് കോട്ടയം എസ്പി അറിയിച്ചു.
🔳മലപ്പുറം മാറാക്കരയില്‍ വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി പത്തു വയസുകാരന്‍ മരിച്ചു. കാടാമ്പുഴ കുട്ടാട്ടുമ്മല്‍ മലയില്‍ അഫ്നാനാണ് മരിച്ചത്. അടുക്കള ഭാഗത്ത് വാതിലിനരികില്‍ തൂക്കിയിട്ടിരുന്ന ചങ്ങല കുട്ടി കളിക്കാനെടുത്ത് കഴുത്തില്‍ കുരുങ്ങുകയായിരുന്നു.
🔳പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ആണ്‍വേഷത്തില്‍ കഴിയുന്ന യുവതി അറസ്റ്റില്‍. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27) ആണ് അറസ്റ്റിലായത്. മാവേലിക്കര സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയെന്നാണു കേസ്. 2016 ല്‍ 14 വയസുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചതിനു കാട്ടാക്കട സ്റ്റേഷനില്‍ സന്ധ്യക്കെതിരേ രണ്ടു പോക്സോ കേസുകളുണ്ട്. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.
🔳മലപ്പുറത്ത് വന്‍ മയക്ക്മരുന്നു വേട്ട. ചാപ്പനങ്ങാടിയില്‍ മൊത്തക്കച്ചവടക്കാരന്‍ മജീദിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ ഗ്രാം ഹാഷിഷ് ഓയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ചില്ലറ വില്പനക്കാര്‍ക്ക് ഹാഷിഷ് ഓയില്‍ ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ നല്‍കുന്ന ആളാണ് മജീദ്. ഇയാള്‍ നേരത്തെ കഞ്ചാവു കേസില്‍ ജയിലില്‍ കിടന്നിട്ടുണ്ട്.
🔳ബംഗലൂരുവില്‍നിന്നു എംഡിഎംഎ മയക്കുമരുന്നും കഞ്ചാവുമായി എത്തിയ സ്ത്രീ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘത്തെ ഇടുക്കി വണ്ടിപ്പെരയാറിനു സമീപം എക്സൈസ് പിടികൂടി. കുമളി അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ പരിശോധനക്കായി കൈകാണിച്ചിട്ടും വാഹനം നിര്‍ത്താതെ പോയ സംഘത്തെ പിന്തുടര്‍ന്നാണ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശികളായ ഡൈന, വിജേഷ്, നിതീഷ്, കിരണ്‍, പ്രകോഷ് എന്നിവരാണ് പിടിയിലായത്.
🔳കൊല്ലം കിഴക്കേ കല്ലടയില്‍ അടിപിടി കേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസുദ്യോഗസ്ഥരും പ്രതിയുടെ കുടുംബാംഗങ്ങളും തമ്മില്‍ കയ്യാങ്കളി. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ പൊലീസ് വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും  മര്‍ദനം അഴിച്ചുവിടുകയും ചെയ്തെന്നാണ് പ്രതിയുടെ കുടുംബാംഗങ്ങളുടെ പരാതി.
🔳ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ തിരുത്തി കച്ചവടക്കാരനെ കബളിപ്പിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. കൊല്ലം കരിക്കോട് താമസിക്കുന്ന ഷാജിനെയാണ് (52) പിടികൂടിയത്. ടിക്കറ്റിന്റെ നമ്പര്‍ തിരുത്തി സമ്മാനാര്‍ഹമായ ഭാഗ്യക്കുറിയാണെന്ന് ധരിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയത്.
🔳വയനാട് അമ്പലവയലില്‍ ഭാര്യക്കും മകള്‍ക്കും നേരെ ആസിഡൊഴിച്ചശേഷം ഒളിവില്‍ പോയ പ്രതി കണ്ണൂര്‍ സ്വദേശി സനലിനെ മരിച്ചനിലയില്‍ കണ്ടെത്തി. തലശ്ശേരി കൊടുവള്ളി റെയില്‍വേ ട്രാക്കിനടുത്താണ്  മൃതദേഹം കണ്ടെത്തിയത്. ആസിഡ് ആക്രമണത്തിന് ശേഷം സനല്‍ ബൈക്കില്‍ രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു.
🔳മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ വന്‍ മയക്കുമരുന്നു വേട്ട. മലപ്പുറത്ത് മൂന്നു കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഒരാള്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റിന്റെ പിടിയിലായി. ചട്ടിപ്പറമ്പ് സ്വദേശി മജീദാണ് പിടിയിലായത്. തൃശൂരില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. തൃശൂര്‍ പഴുവില്‍ സ്വദേശി മുഹമ്മദ് ഷെഹിന്‍ ഷായെ 33 ഗ്രാം എംഡിഎംഎ സഹിതം തൃപ്രയാര്‍ കിഴക്കേനടയില്‍വച്ചാണ് അറസ്റ്റു ചെയ്തത്. ഈ മയക്കുമരുന്നിന് രണ്ടു ലക്ഷത്തോളം രൂപ വിലവരും.
🔳പ്രണയത്തകര്‍ച്ച കാരണം പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത വിതുരയിലെ ആദിവാസി ഊരുകളില്‍ സമഗ്ര പദ്ധതി നടപ്പാക്കാന്‍ പൊലീസ്. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സിലിങ് നല്‍കും. വവിധ വകുപ്പുകളുമായി ചേര്‍ന്നായിരിക്കും പദ്ധതി. ലഹരി സംഘങ്ങളെ നിരീക്ഷിക്കാന്‍ തുടങ്ങിയതായും ഊരു സന്ദര്‍ശിച്ച റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ് പറഞ്ഞു.
🔳ഒമ്പതു വയസുകാരനെ പീഡിപ്പിച്ച പോക്സോ കേസ് പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവ്.  ഇരുപത്തി അയ്യായിരം രൂപ പിഴയും അടയ്ക്കണം. മണക്കാട് കാലടി സ്വദേശി വിജയകുമാറി (54)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
🔳പിങ്ക് പോലീസിന്റെ പരസ്യ വിചാരണയ്ക്ക് ഇരയായ എട്ടു വയസുകാരിയോടു ഡിജിപി അനില്‍കാന്ത് ക്ഷമ ചോദിച്ചെന്നു കുട്ടിയുടെ പിതാവ് ജയചന്ദ്രന്‍. കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയെ കണ്ടപ്പോഴാണ് ക്ഷമപറഞ്ഞതെന്നു ജയചന്ദ്രന്‍. എന്നാല്‍ ഡിജിപിയെ കണ്ടിട്ടില്ലെന്നും ഡിജിപി ക്ഷമ പറഞ്ഞിട്ടില്ലെന്നും ഡിജിപിയുടെ ഓഫീസ്. സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പോലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
🔳സുപ്രീം കോടതിയിലെ ഓണ്‍ലൈന്‍ ഹിയറിംഗ് അലങ്കോലമായി. അഭിഭാഷകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണു ഹിയറിംഗില്‍ പങ്കെടുത്തത്. മിക്കവര്‍ക്കും റേയ്ഞ്ച് ഇല്ലാത്തതിനാല്‍ ഹിയറിംസ് ഇടക്കിടെ തടസപ്പെട്ടു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു ഹിയറിംഗില്‍ പങ്കെടുക്കുന്നതു നിരോധിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ ബഞ്ച് പറയുകയും ചെയ്തു.
🔳തമിഴുനടന്‍ ധനുഷും ഐശ്വര്യ രജനീകാന്തും വിവാഹമോചിതരായി. 18 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. രണ്ടു മക്കളുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും വിവാഹമോചന വിവരം വെളിപ്പെടുത്തിയത്.
🔳ബിഹാറില്‍ ഭരണകക്ഷികളായ ജെഡിയുവും ബിജെപിയും തമ്മില്‍ പോര്. ജെഡിയു പരിധിവിട്ട് പെരുമാറരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍. സംസ്ഥാനത്തെ 76 ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ ജെഡിയു നേതാക്കള്‍ ട്വിറ്റര്‍ ഗെയിം കളിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.
🔳രാത്രി മുഴുവന്‍ ബാങ്കില്‍ ഒളിച്ചിരുന്ന് ലോക്കറുകളിലെ ലക്ഷങ്ങളുടെ സ്വര്‍ണ്ണവുമായി രാവിലെ മുങ്ങിയ മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. 1.6 കിലോഗ്രാം സ്വര്‍ണ്ണമാണ് ഇയാള്‍ കവര്‍ച്ച ചെയ്തത്. ഒഡീഷയിലെ കോരാപുട്ട് ജില്ലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്മിപൂര്‍ ശാഖയിലാണ് സംഭവം. ബാങ്കിലെ കരാര്‍ ജീവനക്കാരനായിരുന്ന ശേഖര്‍ കുല്‍ദീപാണ് അറസ്റ്റിലായത്.
🔳ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്‌കാരം തുടര്‍ച്ചയായ രണ്ടാം തവണയും റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി സ്വന്തമാക്കി. മുഹമ്മദ് സലായെയും ലയണല്‍ മെസ്സിയെയും മറികടന്നാണ് ലെവന്‍ഡോവ്സ്‌കി ഫിഫയുടെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. അതേസമയം ബാഴ്സലോണയുടെ അലക്സിയ പുതിയസാണ് ലോകത്തെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
🔳രാജ്യത്ത് ഇന്നലെ 2,15,788 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 31,111 കര്‍ണാടക- 27,156  തമിഴ്നാട്- 23,443 പശ്ചിമബംഗാള്‍- 9385, ഉത്തര്‍പ്രദേശ്- 15,622, ഡല്‍ഹി- 12,527.
🔳ആഗോളതലത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 33 കോടി കവിഞ്ഞു. ഇന്നലെ ഇരുപത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ മൂന്ന് ലക്ഷത്തിനടുത്ത്. ഇംഗ്ലണ്ട്- 84,426, ഫ്രാന്‍സ്- 1,02,144, ഇറ്റലി- 83,403, സ്പെയിനില്‍- 1,10,489  അര്‍ജന്റീന- 1,02,458, ആസ്ട്രേലിയ- 73,258. ഇതോടെ ആഗോളതലത്തില്‍ 33.09 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 5.64 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 3,827 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 271, റഷ്യ- 686,  ഇറ്റലി -248. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55.57 ലക്ഷമായി.
🔳ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ 2015ല്‍ 32 ശതമാനം മാത്രമുണ്ടായിരുന്ന ചൈനീസ് ബ്രാന്‍ഡുകളുടെ വിപണി വിഹിതം ഇന്ന് 99 ശതമാനമായി ഉയര്‍ന്നു. ഇക്കാലയളവില്‍ ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ വിഹിതം 68 ശതമാനത്തില്‍ നിന്ന് വെറും ഒരു ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം രണ്ടാം സ്ഥാനത്തുള്ള സാംസങ്  ഒഴികെ മറ്റ് നാല് ബ്രാന്‍ഡുകളും ചൈനയില്‍ നിന്നാണ്. 23 ശതമാനം വിപണി വിഹിതവുമായി ഷവോമി ആണ് രാജ്യത്തെ നമ്പര്‍ വണ്‍ ബ്രാന്‍ഡ്. സാംസങ് (17 ശതമാനം), വിവോ (15 ശതമാനം ), റിയല്‍മി (15 ശതമാനം ), ഓപ്പോ ( 10 ശതമാനം ) എന്നിവരാണ് ആദ്യ അഞ്ചില്‍ ഉള്ള മറ്റ് ബ്രാന്‍ഡുകള്‍.
🔳നിക്ഷേപം ആകര്‍ഷിക്കുന്ന കാര്യത്തില്‍ ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെ കടത്തിവെട്ടി തമിഴ്നാട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പത് മാസത്തില്‍, ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവ്, 304 പദ്ധതികളിലായി 1,43,902 കോടി രൂപയുടെ നിക്ഷേപമാണ് തമിഴ്നാട്ടിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 36,292 കോടി രൂപയാണ് നിക്ഷേപമായെത്തിയത്. ഈ വര്‍ഷം ഇതുവരെ അധികമായി സമാഹരിച്ചിരിക്കുന്നത് 1,07,610 കോടി രൂപ. നിക്ഷേപ സമാഹരണത്തില്‍ രണ്ടാം സ്ഥാനം ഗുജറാത്തിനും (77,892 കോടി രൂപ) മൂന്നാം സ്ഥാനം തെലുങ്കാനയ്ക്കുമാണ് (65,288 കോടി).
🔳അനൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന അണിയറയില്‍ ഒരുങ്ങുന്നു. സുരഭി ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍ തന്നെയാണ് നായകന്‍. ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഇരുപതോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്.