About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022  | ജനുവരി 19| 1197 മകരം 05 ആഖിർ 16| ബുധൻ  | ആയില്യം|



സംസ്ഥാനത്ത് കോളേജുകള്‍ അടച്ചേക്കും. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ആലോചിക്കുന്നത്. നാളെ വൈകുന്നേരം അഞ്ചിനു നടക്കുന്ന അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും. കോളജ് പഠനം ഓണ്‍ലൈനാക്കേണ്ടി വരുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു.

🔳കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍. എല്ലാ പൊതുപരിപാടികളും നിരോധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒരു സമയം പരമാവധി 50 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. വിവാഹത്തിനും മരണാനന്തര ചടങ്ങുകളിലും പരമാവധി അന്‍പതു പേര്‍. ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും അടച്ചിടണം. മതപരമായ ആഘോഷങ്ങള്‍ക്കും നിയന്ത്രണം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ നേരത്തെ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

🔳തിരുവനന്തപുരത്ത് ടിപിആര്‍ 48 ആയി ഉയര്‍ന്നു. കൊവിഡ് നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി ആന്റണി രാജു. രണ്ടിലൊരാള്‍ക്ക് എന്ന തോതില്‍ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണുള്ളത്. മാളുകളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കണം. വിവാഹത്തിനു പരമാവധി അമ്പതു പേര്‍. സര്‍ക്കാര്‍ യോഗങ്ങളെല്ലാം ഓണ്‍ലൈനില്‍ നടത്തണം. സംഘടനകളുടെ യോഗം അംഗീകരിക്കില്ല. ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി എടുക്കും. വാഹനങ്ങളിലെ യാത്രാ തിരക്ക് നിയന്ത്രിക്കുന്നതിനെക്കുറിച്ച്  ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരും.

🔳ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്നു നാവികര്‍ അപകടത്തില്‍ മരിച്ചു. 11 നാവികര്‍ക്കു പരിക്കേറ്റു. മുംബൈ ഡോക് യാര്‍ഡിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

🔳പട്ടിണി മരണം ഒഴിവാക്കാന്‍ രാജ്യത്ത് സമൂഹ അടുക്കളകള്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടു സുപ്രീം കോടതി. ഇതിനായി സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ ഭക്ഷ്യധാന്യങ്ങളും പണവും നല്‍കണം. ചീഫ് ജസ്റ്റീസ് എന്‍.വി രമണ അധ്യക്ഷനായുള്ള ബഞ്ചാണ് ഈ നിലപാടെടുത്തത്. ഭക്ഷ്യധാന്യം നല്‍കാം, എന്നാല്‍ കുടതല്‍ പണം നല്‍കാനാവില്ലെന്നു കേന്ദ്രം അറിയിച്ചു. കേസില്‍ രണ്ടാഴ്ചയ്ക്കകം വീണ്ടും വാദം കേള്‍ക്കും.

🔳യുപിഎ ഭരണകാലത്ത് ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സും സ്വകാര്യ കമ്പനിയായ ദേവാസും തമ്മിലുണ്ടാക്കിയ കരാറില്‍ തട്ടിപ്പിന്റെ വിഷമുണ്ടെന്ന് സുപ്രീംകോടതി. ദേവാസ് അടച്ചുപൂട്ടാനുള്ള ട്രൈബ്യൂണല്‍ ഉത്തരവ് ശരിവച്ചാണ് കോടതി പരാമര്‍ശം. 2005 ലാണു കരാര്‍ ഉണ്ടാക്കിയത്. തന്ത്രപ്രധാന എസ് ബാന്‍ഡ് സ്പെക്ട്രവും ആയിരം കോടി രൂപയ്ക്ക് കൈമാറാന്‍ ധാരണയായിരുന്നു. ആരോപണം ഉയര്‍ന്നതോടെ ഇടപാട് യുപിഎ സര്‍ക്കാര്‍ റദ്ദാക്കി. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ ഉള്‍പ്പടെയുള്ളവരെ സിബിഐ പ്രതികളാക്കിയിരുന്നു.

🔳യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഒരു അഴിമതികൂടി തെളിഞ്ഞിരിക്കുകയാണെന്ന് ബിജെപി. രാജ്യത്തിന്റെ പണം കൊള്ളയടിക്കാനുള്ള  യുപിഎ സര്‍ക്കാരിന്റെ നീക്കമാണു സുപ്രീം കോടതി പുറത്തുകൊണ്ടുവന്നതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചു.

🔳എസ്എസ്എല്‍സി,  പ്ലസ് ടു ചോദ്യ പേപ്പര്‍ മാതൃക പ്രസിദ്ധീകരിച്ചു. ഫോക്കസ് ഏരിയയില്‍നിന്ന് 70 ശതമാനം മാര്‍ക്കിനുള്ള ചോദ്യമായിരിക്കും പരീക്ഷക്ക് ഉണ്ടാകുക. 30 ശതമാനം മാര്‍ക്കിനുള്ള ചോദ്യം ഫോക്കസ് ഏരിയക്കു പുറത്തുനിന്നാണ്. എ ഗ്രേഡ്, എ പ്ലസ് ഗ്രേഡ് ലഭിക്കാന്‍ പാഠപുസ്തകം പൂര്‍ണമായും പഠിക്കണം. എസ്സി ഇആര്‍ടി നിശ്ചയിച്ച ഫോക്കസ് ഏരിയയാണ് വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ചത്.

🔳കോട്ടയത്ത് പത്തൊമ്പതുകാരനെ തട്ടിക്കൊണ്ടുപോയി കൊന്നതിനു കാരണം സാമൂഹിക മാധ്യമത്തിലെ ലൈക്കും കമന്റുമെന്ന് പൊലീസ്. പ്രതി ജോമോന്റെ കൂട്ടാളി പുല്‍ച്ചാടി ലുധീഷിനെ എതിര്‍ സംഘം മര്‍ദ്ദിച്ച ദൃശ്യത്തിന് ഷാന്‍ ബാബു ലൈക്കും കമന്റും ഇട്ടതാണ് കൊല്ലാന്‍ പ്രകോപനമായതെന്നാണ് പൊലീസ് പറയുന്നത്. ഷാന്റെ അമ്മയുടെ പരാതിയില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നും കോട്ടയം എസ്പി ഡി ശില്‍പ അവകാശപ്പെട്ടു.

🔳കോട്ടയം ഷാന്‍ വധക്കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

🔳ചുരുളി സിനിമയ്ക്ക് പൊലീസിന്റെ ക്ലീന്‍ചിറ്റ്. സംഭാഷണങ്ങളിലോ ദ്യശ്യങ്ങളിലോ നിയമലംഘനമില്ല. ഭാഷയും സംഭാഷണവും കഥാ സന്ദര്‍ഭത്തിന് യോജിച്ചതുമാത്രം. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ നിന്നുള്ള സൃഷ്ടി മാത്രമാണ് ചുരുളി സിനിമ. എഡിജിപി പത്മകുമാര്‍ സമിതി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.

🔳നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആറാം പ്രതിയെ തിരിച്ചറിഞ്ഞെന്ന്  അന്വേഷണ സംഘം. ആലുവയിലെ വ്യവസായി ശരത് ആണ് ആറാം പ്രതി. കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ചത്തേക്കു  മാറ്റി. മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ആലുവ ജുഡീഷ്യല്‍  മജിസ്ടേറ്റ് കോടതിയിലെടുക്കാന്‍ നടപടി ആരംഭിച്ചു.

🔳മലപ്പുറം കോട്ടക്കലില്‍ ഹണി ട്രാപ്പ് കേസില്‍ ഒരു സ്ത്രീയടക്കം ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് ലക്ഷം രൂപ തട്ടാനുള്ള ശ്രമത്തിനടിയിലാണ് പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫസീല, തിരൂര്‍ ബിപി അങ്ങാടി സ്വദേശി ഹസിം, തിരൂര്‍ സ്വദേശികളായ നിസാമുദ്ദീന്‍, റഷീദ്, മംഗലം സ്വദേശി ഷാഹുല്‍ ഹമീദ്, കോട്ടക്കല്‍ സ്വദേശികളായ മുബാറക്ക്, നസറുദീന്‍ എന്നിവരാണ് പിടിയിലായത്. ഫസീലയെയും യുവാവിനെയും ചേര്‍ത്ത് നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തി. അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തിയെന്നാണു കേസ്.  

🔳 കെ ഫോണ്‍ മേയ് മാസത്തോടെ. 140 നിയമസഭാ മണ്ഡലങ്ങളില്‍ ദാരിദ്ര്യരേഖയ്ക്കു താഴയുള്ള നൂറു കുടുംബങ്ങള്‍ക്കു വീതം കെ ഫോണ്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക് ഷന്‍ സൗജന്യമായി നല്‍കും. കേബിള്‍ സ്ഥാപിക്കുന്ന പണികള്‍ പൂര്‍ത്തിയായി വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

🔳വയനാട്ടില്‍ അഞ്ചംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റിലായി. അഞ്ചു പേര്‍ രക്ഷപ്പെട്ടു. ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘമാണ്  പിടിയിലായത്. കവര്‍ച്ചയ്ക്കായി സംഘം ഉപയോഗിച്ച രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു. കൊളവയലില്‍ നിന്നാണ് കൊയിലാണ്ടി സ്വദേശികളായ അരുണ്‍ കുമാര്‍, അഖില്‍, നന്ദുലാല്‍ വയനാട് സ്വദേശികളായ സക്കറിയ, പ്രദീപ് കുമാര്‍ എന്നിവരെ പിടികൂടിയത്. പാതിരിപ്പാലം ക്വട്ടേഷന്‍ ആക്രമണത്തിലെ പ്രതിയായ തൃശൂര്‍ സ്വദേശി നിഖിലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് രക്ഷപ്പെട്ടത്.

🔳മൂന്നാറിലെ തോട്ടം മേഖലകളില്‍ കടുവശല്യം. കാട്ടാനശല്യത്തിനു പിറകേയാണ് കടുവയിറങ്ങിയത്. കടലാര്‍ എസ്റ്റേറ്റില്‍ കടുവ പശുവിനെ കടിച്ചുകൊന്നു. പ്രദേശവാസിയായ പാല്‍ദുരൈയുടെ പശുവാണ് ചത്തത്. ജനങ്ങള്‍ക്കിടയില്‍ വലിയ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്.

🔳ആനക്കൊമ്പ് കേസിലെ മുഖ്യപ്രതി അജി ബ്രൈറ്റിനെ സിബിഐ അറസ്റ്റു ചെയ്തു. തിരുവനന്തപുരം പേട്ടയില്‍നിന്നാണ് പിടികൂടിയത്. ഇടമലയാര്‍ ആനക്കൊമ്പു കേസിലെ പ്രതിയാണ് ഇയാള്‍.

🔳നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ഭര്‍ത്താവ് സുഹൈല്‍ ഒന്നാം പ്രതിയാണ്. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിക്കാറുണ്ടെന്നു പോലീസ് ആലുവാ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

🔳കവി എസ്.വി ഉസ്മാന്‍ (76) അന്തരിച്ചു. ശ്വാസതടസംമൂലം ഒരാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

🔳വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാരിനെതിരെ ബലാത്സംഗകേസ്. നേരത്തെ മീടൂ ആരോപണം ഉന്നയിച്ച പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിലാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. കൊച്ചിയിലെ ഹോട്ടലിലും ആലുവയിലെ ഫ്ളാറ്റിലും പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

🔳 കോടഞ്ചേരി പഞ്ചായത്തിലെ നിര്‍മ്മാണത്തിലിരുന്ന മര്‍ക്കസ് നോളജ് സിറ്റിയിലെ കെട്ടിടം തകര്‍ന്ന് വീണ് 23 പേര്‍ക്ക് പരിക്ക്. മൂന്നു പേരുടെ നില ഗുരുതരമാണ്. അപകട സ്ഥലത്തുനിന്നും 21 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേരെ  സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോണ്‍ക്രീറ്റ് താങ്ങിയ തൂണുകള്‍ തെന്നിയതാണ് അപകടകാരണം.

🔳കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം തൃശൂര്‍ ജില്ലാ സമ്മേളന പരിപാടികള്‍ വെട്ടിക്കുറച്ചു. പതാക ജാഥ, ദീപശിഖാ പ്രയാണം എന്നിവ ഉണ്ടാകില്ല. പൊതുസമ്മേളനം വെര്‍ച്വല്‍ ആയിരിക്കും.  പ്രതിനിധി സമ്മേളനത്തില്‍ 175 പേര്‍ മാത്രമാണ് പങ്കെടുക്കുക. ഈ മാസം 21, 22, 23 തീയതികളിലാണ് ജില്ലാ സമ്മേളനം. ജില്ലയില്‍ രാഷ്ട്രീയ പരിപാടികള്‍ ജില്ലാ കളക്ടര്‍ നിരോധിച്ചിരിക്കേയാണ് സമ്മേളനം.

🔳ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ നിയന്ത്രണം. വെര്‍ച്വല്‍ ക്യൂ വഴി പ്രതിദിനം 3000 പേര്‍ക്കു മാത്രമേ ദര്‍ശനം അനുവദിക്കൂ.  ചോറൂണ് വഴിപാട് നിര്‍ത്തിവച്ചു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ കലാപരിപാടികള്‍ ഒഴിവാക്കി. വിവാഹത്തിന് 10 പേര്‍ മാത്രമേ പങ്കെടുക്കാവൂ.

🔳ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഈ മാസം ജനുവരി മാസം കാണിക്കയായി  ലഭിച്ചത് 4.32 കോടി രൂപ. 2 കിലോ 361 ഗ്രാം സ്വര്‍ണ്ണം ലഭിച്ചു. പതിന്നാല് കിലോ 460 ഗ്രാം വെളളിയും ലഭിച്ചു. നിരോധിച്ച ആയിരത്തിന്റെ 24 നോട്ടും അഞ്ഞൂറിന്റെ 77 നോട്ടും ലഭിച്ചിട്ടുണ്ട്.

🔳കൂര്‍ക്കഞ്ചേരിയില്‍ തൈപ്പൂയ ആഘോഷത്തിന്റെ  എഴുന്നള്ളിപ്പിനിടയില്‍ ആനയിടഞ്ഞു. ഊട്ടോളി അനന്തന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്തുണ്ടായിരുന്നവര്‍ താഴേക്കു ചാടി രക്ഷപ്പെട്ടു. അര മണിക്കൂറിനു ശേഷം ആനയെ തളച്ചു.

🔳കലാമണ്ഡലം ക്യാമ്പസ് അടച്ചു. റെഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് വൈസ് ചാന്‍സലര്‍ ടി.കെ നാരായണന്‍ അറിയിച്ചു. ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കും.

🔳പട്ടാമ്പിയിലെ കോളജില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി. അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത പാര്‍ട്ടിക്കെതിരേ പോലീസ് കേസെടുത്തു

🔳കൊച്ചി ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലും കളമശ്ശേരിയിലെ മാലിന്യ സംഭരണ കേന്ദ്രത്തിലും തീപിടിത്തം. പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്. അഗ്നിശമന സേന രണ്ടു മണിക്കൂര്‍ പണിപ്പെട്ട് തീയണച്ചു.

🔳ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. കോണ്‍ഗ്രസുമായി സഖ്യത്തിനു സാധ്യതതേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

🔳ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല കാമ്പസില്‍ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് വിദ്യാര്‍ഥിനിയുടെ പരാതി. പിഎച്ച്ഡി വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ബൈക്കിലെത്തിയയാള്‍ ലൈംഗികാതിക്രമത്തിനു തുനിഞ്ഞെന്നാണു കേസ്.  

🔳ദയാഹര്‍ജിയില്‍ തീരുമാനം വൈകി, പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ബോംബെ ഹൈക്കോടതി. കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ പ്രതികളായ രേണുക, സീമാ എന്നിവര്‍ക്കാണ് കോടതി ശിക്ഷ ഇളവ് നല്‍കിയത്. അകാരണമായ കാലതാമസം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. 13 കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും ഒമ്പതുപേരെ കൊല്ലുകയും ചെയ്ത കേസില്‍ അര്‍ധ സഹോദരിമാരായ രേണുകയും സീമയും 1996-ലാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞുങ്ങളെക്കൊണ്ട് പോക്കറ്റടിപ്പിക്കുകയും എതിര്‍ക്കുന്നവരെ കൊല്ലുകയുമായിരുന്നു രീതി.

🔳ഛത്തീസ്ഗഡിലും തെലുങ്കാനയിലും വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ അഞ്ചു മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. തെലുങ്കാനയിലെ കാരിഗുട്ട വനമേഖലയിലും ഛത്തീസ്ഗഡിലെ ബിജാപൂരിലും തന്തേവാദ ജില്ലാ അതിര്‍ത്തിയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ രണ്ടു വനിതകളും ഉള്‍പെടുന്നു.  

🔳ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ പുതിയ ഫ്രാഞ്ചൈസിയായ ലഖ്നൗ ടീം മൂന്നു താരങ്ങളെ ടീമിലെടുത്തു. കെ.എല്‍. രാഹുല്‍, ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ്, ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയി എന്നിവരെയാണ് സ്വന്തമാക്കിയത്. രാഹുലിന് 15 കോടിയും സ്റ്റോയിനിസിന് 11 കോടിയും ബിഷ്ണോയിക്ക് നാലുകോടിയുമാണ് മുടക്കുക.

🔳രാജ്യത്ത് ഇന്നലെ 2,61,103 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 39,207 കര്‍ണാടക- 41,457, തമിഴ്നാട്- 23,888 പശ്ചിമബംഗാള്‍- 10,430, ഉത്തര്‍പ്രദേശ്- 14,803, ഡല്‍ഹി- 11,684.

🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത്തിയെട്ട് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ നാല്  ലക്ഷത്തിനു മുകളില്‍. ഇംഗ്ലണ്ട്- 94,432, ഫ്രാന്‍സ്- 4,64,769, ഇറ്റലി- 2,28,179, സ്പെയിനില്‍- 94,472, അര്‍ജന്റീന- 1,20,982 ആസ്ട്രേലിയ- 73,580. ഇതോടെ ആഗോളതലത്തില്‍ 33.46 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 5.84 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,378 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1291, റഷ്യ- 688, ഇംഗ്ലണ്ടില്‍ 438,ഫ്രാന്‍സില്‍ 375,  ഇറ്റലി -434, പോളണ്ടില്‍ 377. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55.72 ലക്ഷമായി.

🔳ഓഹരി വിപണിയില്‍ പുതുതായി നിക്ഷേപിച്ചു തുടങ്ങിയവരുടെയും വ്യക്തിഗത നിക്ഷേപകരുടെയും നിക്ഷേപത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം 21 ലക്ഷം കോടി രൂപ മൂല്യമുള്ള ഓഹരികളാണ് രണ്ടു വിഭാഗവും ചേന്ന് വാങ്ങിയത്. ഇതോടെ 55 ലക്ഷം കോടി രൂപയായി ഇവരുടെ ആകെ നിക്ഷേപം. ഒറ്റവര്‍ഷം 60 ശതമാനം വര്‍ധനയാണ് ഉണ്ടായത്. സജീവ ഡിമാറ്റ് എക്കൗണ്ടുകളുടെ എണ്ണത്തിലും റെക്കോര്‍ഡ് വര്‍ധനയുണ്ടായി. 30.7 ദശലക്ഷം എണ്ണം വര്‍ധിച്ച് ആകെ എക്കൗണ്ടുകളുടെ എണ്ണം 80 ദശലക്ഷമായി. സിഡിഎസ്എല്‍, എന്‍എസ്ഡിഎല്‍ എന്നിവയുടെ റിപ്പോര്‍ട്ട് പ്രകാരമാണിത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളുടെ വിപണി മൂലധനം 78 ലക്ഷം കോടി രൂപ വര്‍ധിച്ച് 2021 ല്‍ (41.5 ശതമാനം) 266 ലക്ഷം കോടി രൂപയായി.

🔳കഴിഞ്ഞ 35 വര്‍ഷത്തെ തന്റെ സിനിമാ ജീവിതത്തില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു വില്ലന്‍ കഥാപാത്രവുമായി വന്നിരിക്കുകയാണ് മലയാള നടന്‍ സുധീഷ്. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'സത്യം മാത്രമേ ബോധിപ്പിക്കു'എന്ന ചിത്രത്തിലാണ് സുധീഷിന്റെ വേറിട്ട വേഷം. ഇപ്പോഴിതാ സുധീഷിന്റെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ബിജു മേനോന്‍. ചിത്രത്തില്‍ പൊലീസ് കഥാപാത്രമായിട്ടാണ് ധ്യാന്‍ ശ്രീനിവാസന്‍ അഭിനയിച്ചിരിക്കുന്നത്.  സുധീഷ് ക്രിമിനോളജിസ്റ്റ് പ്രൊഫസര്‍ ആയിട്ടാണ് അഭിനയിച്ചിരിക്കുന്നത്.