കൊളമല ക്രഷർ കാരണം ജീവന് ഭീഷണിയില്ലെന്ന് ജിയോളജിസ്റ്റ് മനുഷ്യാവകാശ കമ്മീഷനിൽ
കോഴിക്കോട്:
താമരശേരി കൊളമല വനപ്രദേശത്ത് പ്രവർത്തിക്കുന്ന ക്രഷർ കാരണം ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന പരാതി ശരിയല്ലെന്ന് ജില്ലാ ജിയോളജിസ്റ്റ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. എന്നാൽ വീടുകൾക്ക് കേടുപാടുകൾ ഉണ്ടായെന്ന പരാതി വിദഗ്ദ്ധർ അന്വേഷിക്കണമെന്നും റിപ്പോർട്ടിലുണ്ട്.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിൻ്റെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ ജിയോളജിസ്റ്റ് പരിശോധന നടത്തിയ ശേഷമാണ് കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചത്.
ക്രഷറിൻ്റെ പ്രവർത്തനം കാരണം സമീപ പ്രദേശങ്ങളിലെ വീടുകളിൽ നാശനഷ്ടങ്ങൾ സംഭവിക്കാ ൻ സാധ്യതയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 2030 വരെ ക്രഷറിന് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ നടന്നിട്ടില്ല.
കമ്മീഷൻ നിർദ്ദേശാനുസരണം പ്രദേശവാസികളുടെ വീടുകൾക്കുണ്ടായിട്ടുള്ള കേടുപാടുകൾ പരിശോധിക്കേണ്ടതാണെന്ന് ജിയോളജിസ്റ്റ് അറിയിച്ചു. വീടുകൾക്ക് ഉണ്ടായതായി പറയുന്ന കേടുപാടുകൾ നിർമ്മാണത്തിലെ അപാകതകൾ കാരണമാകാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു നിർമ്മാണ വിദഗ്ദ്ധൻെറ അഭിപ്രായം ഇക്കാര്യത്തിൽ തേടേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു. വീട്, റോഡ്, പൊതുസ്ഥലങ്ങൾ എന്നിവയുമായി ക്വാറികൾക്കുള്ള ദൂരപരിധി 100ൽ നിന്നും 50 ആക്കി കുറച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. കൊളമല റൂബി ക്രഷറിനെതിരെ എ സി ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് നടപടി.