About

News Now

താമരശ്ശേരി വട്ടക്കുണ്ട് പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കും: എം.കെ.മുനീർ എം.എൽ.എ

 

കൊടുവള്ളി: 

സ്ഥിരം അപകടമേഖലയായ താമരശ്ശേരിയിലെ വട്ടക്കുണ്ട് പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കാനുള്ള തീരുമാനം എടുത്തതായും ആവശ്യമായ സ്ഥലം പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന മുറക്ക് സ്ഥലമെടുപ്പിനുള്ള ഫണ്ട് ഉടൻ ലഭ്യമാക്കുമെന്നും ഡോ.എം.കെ.മുനീർ എം.എൽ.എ അറിയിച്ചു. കൊടുവള്ളി നിയോജക മണ്ഡലത്തിലെ മരാമത്ത് പ്രവൃത്തികളുടേയും  അവലോകനത്തിന് വേണ്ടി ചേർന്ന ഓൺലൈൻ യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പടനിലം പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ പാലത്തിന് സ്ഥലമേറ്റെടുക്കുന്നതിന് വകയിരുത്തിയ തുക  അപര്യാപ്തമായതിനാൽ കൂടുതൽ തുക വകയിരുത്തുന്നതിന്  സർക്കാറിൽ സമ്മർദ്ദം ചെലുത്തുമെന്നും, സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നും എം.എൽ.എ. അറിയിച്ചു.  

മണ്ഡലത്തിലെ മരാമത്ത് പ്രവൃത്തികളുടെ ചുമതലയുള്ള നോഡൽ ഓഫീസറും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയറുമായ ബെന്നി ജോണിൻ്റെ മേൽ നോട്ടത്തിൽ നടന്ന യോഗം പടനിലം, നടമ്മൽ കടവ് പാലങ്ങളുടെയും നരിക്കുനി ബൈപ്പാസിൻ്റെ ഒന്നാം ഘട്ടവും ലാൻ്റ് അക്വിസിഷൻ നടപടികൾ പൂർത്തീകരിച്ച് സ്ഥലമുടമകൾക്ക് ഉടൻ നഷ്ടപരിഹാരം നൽകി പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്ന് വിലയിരുത്തി. കിഫ്ബിയിൽ ഉൾപ്പെടുത്തിയ കട്ടിപ്പാറ പഞ്ചായത്തിലൂടെ കടന്ന് പോകുന്ന മലയോര ഹൈവേ പ്രവൃത്തിക്ക് സാങ്കേതിക അനുമതി ലഭ്യമാക്കും.  

നിർദിഷ്ട താമരശ്ശേരി ലിങ്ക് റോഡിനെ കുറിച്ച് നാഷണൽ ഹൈവേ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. സ്ഥലമെടുപ്പ് പൂർത്തിയായാൽ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങാൻ സാധിക്കുന്നതാണ്. കൊടുവള്ളി - താമരശ്ശേരി ബൈപ്പാസുകളെ കുറിച്ചുള്ള ചർച്ചയും നടന്നു. പ്രസ്തുത റോഡുകളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള നടപടികൾ തുടങ്ങിയതായി നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ അറിയിച്ചു.

പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡ്,   ആർ. ഇ.സി - പുത്തുർ - കുടത്തായി റോഡ്, മണ്ഡലത്തിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ, റോഡുകൾ തുടങ്ങിയവയുടെ പ്രവൃത്തികളും അവലോകനം ചെയ്തു. പൊതുമരാമത്ത് ഉദ്യോഗസ്ഥർ,പ്രൊജക്ട്  എഞ്ചിനിയർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.