About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022  | ജനുവരി 21| 1197 മകരം 07 ആഖിർ 17| വെള്ളി  | മകം|


🔳സംസ്ഥാനത്ത് അടുത്ത രണ്ടു ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണങ്ങള്‍. പുറത്തിറങ്ങാന്‍ സാക്ഷ്യപത്രം വേണ്ടിവരും. അത്യാവശ്യകാര്യങ്ങള്‍ക്കേ പുറത്തിറങ്ങാവൂ. മാളുകളും വ്യാപാര സ്ഥാപനങ്ങളും സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. തീയറ്ററുകള്‍ അടച്ചുപൂട്ടില്ല. ഓരോ ജില്ലകളിലും രോഗികളുടെ എണ്ണത്തിനനുസരിച്ച് വികേന്ദ്രീകൃതമായിട്ടാകും നിയന്ത്രണങ്ങള്‍. ഒമ്പതാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇനി ഓണ്‍ലൈന്‍ ക്ലാസ് മാത്രം. 10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു സ്‌കൂളിലെ ക്ലാസ് തുടരും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് എന്നീ അഞ്ചു ജില്ലകളില്‍ പൊതുപരിപാടികള്‍ അനുവദിക്കില്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, തീവ്ര രോഗബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകനയോഗത്തിലാണു തീരുമാനം.
🔳കോവിഡ് രോഗികളെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജു ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവ്. നേരിയ രോഗലക്ഷണമുള്ളവര്‍ക്ക് ആശുപത്രി വിടുന്നതിന് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെ ആവശ്യമില്ല. രോഗലക്ഷണമുള്ളവര്‍ വീട്ടില്‍തന്നെ ഏഴുദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. മൂന്നു ദിവസം തുടര്‍ച്ചയായി പനി ഇല്ലെങ്കില്‍ ഗൃഹനിരീക്ഷണം അവസാനിപ്പിക്കാം. ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
🔳ലൈംഗികപീഡനത്തിന് ക്രിമിനലുകള്‍ക്കു ക്വട്ടേഷന്‍ നല്‍കിയത് ചരിത്രത്തില്‍ ആദ്യമാണെന്നും നടന്‍ ദിലീപിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപടക്കം ആറു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്താണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഈ വാദം ഉന്നയിച്ചത്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്,  ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതിയുടെ പരിഗണനയിലുള്ളത്.  
🔳കൊവിഡ് പരിശോധനാഫലം സമയബന്ധിതമായി നല്‍കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് സര്‍വയലന്‍സ് കമ്മിറ്റിയില്‍ സ്വകാര്യ ആശുപത്രികളെയും ഉള്‍പ്പെടുത്തി. കൊവിഡ് രോഗികളുടെ വാക്സിനേഷന്‍ അവസ്ഥ, ചികിത്സ, ഡിസ്ചാര്‍ജ് അടക്കം ഈ കമ്മിറ്റികള്‍ നിരീക്ഷിക്കും.
🔳രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയ സര്‍ക്കാര്‍ ഉത്തരവ് ആരെയും കുടിയിറക്കാനല്ലെന്നും പുതിയ പട്ടയങ്ങള്‍ നല്‍കുമെന്നും റവന്യു മന്ത്രി കെ രാജന്‍. പട്ടയങ്ങളുടെ എണ്ണം വര്‍ദ്ധിക്കാനും സാധ്യതയുണ്ടെന്നും മന്ത്രി.
🔳തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ഗിരി മധുസൂദന റാവുവിന്റെ അറസ്റ്റു രേഖപ്പെടുത്തി. ഹൈക്കോടതിയില്‍നിന്നു ജാമ്യം നേടിയ ഇയാളോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഹാജരായി അറസ്റ്റു രേഖപ്പെടുത്തുകയും ലക്ഷം രൂപയുടെ ബോണ്ടും ആള്‍ജാമ്യവും നല്‍കി ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തു.
🔳സിപിഎം തൃശൂര്‍, കാസര്‍കോട് ജില്ലാ സമ്മേളനങ്ങള്‍ ഇന്നു മുതല്‍. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുപരിപാടികള്‍ വിലക്കി കാസര്‍കോട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടെങ്കിലും മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു. സമ്മേളനങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്. സമ്മേളനങ്ങളില്‍ ഇരുന്നൂറ്റമ്പതോളം പേര്‍ പങ്കെടുക്കും. സംസ്ഥാനത്തു പൊതുപരിപാടികളില്‍ അമ്പതു പേര്‍ക്കുമാത്രമേ അനുമതിയുള്ളൂ.
🔳റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ഫ്ളോട്ട് ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കാലികപ്രസക്തവും വളരെയേറെ സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയമാണ് കേരളത്തിന്റെ നിശ്ചലദൃശ്യമെന്ന് കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
🔳കോതമംഗലത്തെ ലോട്ടറിക്കള്ളന്‍ കുടുങ്ങി. ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പാല സ്വദേശി ബാബു ആലിയാസാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബറിലാണ് പ്രതി ലോട്ടറിക്കട കുത്തിത്തുറന്ന് 80,000 രൂപ വിലമതിക്കുന്ന 2,520 ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചത്.
🔳കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ കൂട്ട കൊവിഡ് ബാധ. 30 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജീവനക്കാരില്‍ 30 ശതമാനം പേര്‍ക്കും കൊവിഡാണ്. ഇതോടെ ആശുപത്രിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമേ നടത്തൂ.
🔳ഒരു കോടിയിലധികം രൂപ വിലവരുന്ന വരുന്ന ലഹരി വസ്തുക്കളുമായി രണ്ടു പേര്‍ പിടിയില്‍. പോരുര്‍ പട്ടണംകുണ്ട് വള്ളിയാമ്പല്ലി വീട്ടില്‍ മുജീബ് റഹ്‌മാന്‍, കര്‍ണ്ണാടക സ്വദേശി  സലാഹുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. പോരൂര്‍ പട്ടണംകുണ്ടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍നിന്നാണ് പിടികൂടിയത്. രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. 38 ഗ്രാം എംഡിഎംഎ, 121 ഗ്രാം കൊക്കെയ്ന്‍ എന്നിവയും ഇവരില്‍നിന്നു പിടികൂടി. മൂന്നു കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.
🔳'കേരളത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു മാത്രമേ ജീവിക്കാന്‍ അവകാശമുള്ളൂ. എന്തിനും ഏതിനും കൈക്കൂലി നല്‍കണം.' കുവൈറ്റിലെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് നാട്ടില്‍ ഫ്ളവര്‍ മില്‍ തുടങ്ങാന്‍ ശ്രമിച്ച യുവതി ഫേസ് ബുക്കില്‍ ദുരനുഭവങ്ങള്‍ കുറിച്ചതു വൈറലായി. കൊച്ചി പെരുമ്പടപ്പ് ബംഗ്ലാപറമ്പില്‍ മിനി മരിയ ജോസിയുടെ വരികളാണ് ചര്‍ച്ചയായത്. ലൈസന്‍സിനു കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ 25,000 രൂപ കോഴ ആവശ്യപ്പെട്ടു. അഞ്ചുപേര്‍ക്ക് അയ്യായിരം വീതം വേണമത്രേ. വിവരം അറിഞ്ഞ മന്ത്രി പി. രാജീവന്‍ ഫോണില്‍ മിനി മരിയ ജോസിയെ വിളിച്ചു സംസാരിച്ചു. രണ്ടു ദിവസത്തിനകം ലൈസന്‍സും അനുമതിയും ഉറപ്പാണെന്ന് അറിയിച്ചെന്നതാണ് ഒടുവിലത്തെ ട്വിസ്റ്റ്.
🔳മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ കത്ത്. ജില്ലാ സമ്മേളനങ്ങളിലൂടെ കൊവിഡ് പരത്തി കാരണഭൂതനായ അങ്ങ് അമേരിക്കയില്‍ സുഖമായിരിക്കുന്നതില്‍ സന്തോഷം. കൊവിഡ് മാത്രമല്ല, ഗുണ്ടാ വിളയാട്ടവും അക്രമ രാഷ്ട്രീയവുമെല്ലാമുണ്ട്. അമേരിക്കയിലേക്കു പോയപ്പോള്‍ ചുമതല നല്‍കിയ മരുമകനും കൊടിയേരിയും ഉത്തരവാദിത്വം കേമമാക്കുന്നുണ്ട്. കൊടിയേരിക്ക് ചിലപ്പോള്‍ ഉച്ചക്കിറുക്കുണ്ടെന്നും പരിഹസിച്ചുകൊണ്ടാണു സുധാകരന്റെ കത്ത്.
🔳മമ്മൂട്ടിക്കു പിറകേ മകന്‍ ദുല്‍ഖര്‍ സല്‍മാനും കൊവിഡ് പോസിറ്റീവായി. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയത്.
🔳നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും തമ്മില്‍ വിവാഹിതരായി. മാവേലിക്കര സബ് രജിസ്റ്റര്‍ ഓഫീസിലായിരുന്നു വിവാഹം.
🔳സംസ്ഥാനത്തെ കോളജുകള്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കേരള നോളജ് എക്കോണമി മിഷന്‍ തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
🔳കെ റെയില്‍ വിശദീകരണ യോഗം നടക്കുന്ന വേദിയിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമായി എത്തിയതു ഗുണ്ടായിസമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. പരിപാടി നടത്താന്‍ അനുമതിയുണ്ടായിരുന്നു. കല്ലു പിഴുത് മാറ്റുമെന്ന് പറഞ്ഞ നേതാവിന്റെ ഗുണ്ടാസംഘമാണ് എത്തിയതെന്നും   ജയരാജന്‍ പറഞ്ഞു.
🔳ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന സിറോ മലബാര്‍ സഭ സിനഡിന്റെ നിര്‍ദ്ദേശം എറണാകുളം-അങ്കമാലി അതിരൂപത തള്ളി. ജനാഭിമുഖ കുര്‍ബാന തന്നെ തുടരുമെന്ന് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ആന്റണി കരിയില്‍ അറിയിച്ചു. ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ രൂപതയില്‍ സര്‍ക്കുലര്‍ ഇറക്കണമെന്ന സിനഡിന്റെ നിര്‍ദ്ദേശവും ബിഷപ്പ് തള്ളി.
🔳അടുത്ത 25 വര്‍ഷം അങ്ങേയറ്റം കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും തപസിന്റെയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറുകണക്കിന് വര്‍ഷങ്ങളുടെ അടിമത്തത്തെത്തുടര്‍ന്ന് രാജ്യത്തിനു നഷ്ടമായവ തിരിച്ചു പിടിക്കാനുള്ളതാണ് ഈ 25 വര്‍ഷങ്ങള്‍. കടമകളില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള പ്രവണത ഈയിടെ വര്‍ധിച്ചു. അവകാശങ്ങളെക്കുറിച്ച് വാദിക്കാനാണ് നാം ശ്രമിച്ചത്. കടമകള്‍ മറന്നത് രാജ്യത്തിന്റെ ശക്തി ക്ഷയിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തില്‍നിന്ന് സുവര്‍ണ്ണ ഇന്ത്യയിലേക്ക് എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
🔳ഗോവയില്‍ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 34 പേര്‍. മുഖ്യമന്ത്രി പ്രമോദ് സാവന്ദ് മല്‍സരിക്കുന്നത് സാന്‍ക്വലിം മണ്ഡലത്തില്‍നിന്നു തന്നെ. മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന് സീറ്റില്ല. കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് റാണെയ്ക്ക് എതിരെ അദ്ദേഹത്തിന്റെ മരുമകളെയാണ് കളത്തിലിറക്കിയത്.
🔳ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് മെയിന്‍പുരിയിലെ കര്‍ഹലില്‍ മല്‍സരിക്കും. യാദവ് കുടുംബങ്ങളുടെ ശക്തികേന്ദ്രമാണ് ഇവിടം. ഇതാദ്യമായാണ് അഖിലേഷ് നിയമസഭയിലേക്കു മല്‍സരിക്കുന്നത്.
🔳മഹാരാഷ്ട്രയില്‍ ഗര്‍ഭിണിയായ ഫോറസ്റ്റ് ഗാര്‍ഡിനെ മര്‍ദിച്ച സംഭവത്തില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. സത്താറ ജില്ലയിലെ പല്‍സാവാഡേ സ്വദേശികളും ഗ്രാമമുഖ്യനുമായ രാമചന്ദ്ര ജംഗര്‍, ഭാര്യ പ്രതിഭ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കടുവാ സെന്‍സസിന് എത്തിയ ഗാര്‍ഡ് സിന്ധു സനാപിനാണു മര്‍ദനമേറ്റത്.
🔳സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീസയിലെ ബാലസോറിലാണ് പരീക്ഷണം നടത്തിയത്.
🔳കേരളത്തില്‍ ഇന്നലെ 1,15,357 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 40.21 ടിപിആര്‍.  സംസ്ഥാനത്തെ ആകെ മരണം 51,501 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,388 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,99,041 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827.
🔳രാജ്യത്ത് ഇന്നലെ മൂന്നര ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 46,197 കര്‍ണാടക- 47,754, തമിഴ്നാട്- 28,561, ഗുജറാത്ത് - 24,485,  ഉത്തര്‍പ്രദേശ്- 18,554, ഡല്‍ഹി- 12,306.
🔳ആഗോളതലത്തില്‍ ഇന്നലെ മുപ്പത്തിമൂന്ന് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ ആറ്് ലക്ഷത്തിനടുത്ത്. ബ്രസീല്‍ - 1,64,382. ഇംഗ്ലണ്ട്- 1,07,364, ഫ്രാന്‍സ്- 4,25,183, ഇറ്റലി- 1,88,797, സ്പെയിന്‍- 1,57,447, ജര്‍മനി-1,34,930, അര്‍ജന്റീന- 1,29,709, ആസ്ട്രേലിയ- 71,407. ഇതോടെ ആഗോളതലത്തില്‍ 34.02 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 6.21 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 7,992 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 2008, റഷ്യ- 684, ഇംഗ്ലണ്ട്- 330,   ഇറ്റലി -385, പോളണ്ട്- 315. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55.91 ലക്ഷമായി.
🔳യൂറോപ്പിലെ മികച്ച തൊഴില്‍ദാതാക്കളുടെ പട്ടികയില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ വിപ്രോ. ലോകത്തെ 1800 ലേറെ കമ്പനികളുടെ പട്ടികയിലാണ് വിപ്രോ അഞ്ചാം സ്ഥാനത്തെത്തിയത്. എച്ച് ആര്‍ മേഖലയിലെ മികവിന് സാക്ഷ്യപത്രം നല്‍കുന്ന ടോപ്പ് എംപ്ലോയേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പട്ടിക തയാറാക്കിയത്. ഫ്രാന്‍സില്‍ രണ്ടാമതും സ്വിറ്റ്സര്‍ലാന്‍ഡില്‍ മൂന്നാമതും നെതര്‍ലാന്‍ഡില്‍ നാലാമതും ജര്‍മനിയിലും യുകെയിലും അഞ്ചാമതുമാണ് വിപ്രോ. കരിയര്‍, തൊഴില്‍ സാഹചര്യം, വൈവിധ്യം, വിവിധ ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളല്‍, ഡിജിറ്റല്‍ എച്ച്ആര്‍ കാറ്റഗറി തുടങ്ങി വിവിധ മേഖലകളില്‍ വിപ്രോ മുന്നിലെത്തി.
🔳ടൊവിനൊ  നായകനാകുന്ന ചിത്രമാണ് 'വാശി'. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.  ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് നടന്‍ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്ണു ജി രാഘവാണ്. വിഷ്ണു രാഘവും ജാനിസ് ചാക്കോ സൈമണും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതുമ്പോള്‍ കൈലാസ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം  നിര്‍വഹിക്കുന്നത്. രേവതി കലാമന്ദിര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛന്‍ നിര്‍മിക്കുന്ന സിനിമയില്‍ മകള്‍ കീര്‍ത്തി  സുരേഷ് ആദ്യമായി നായികയാകുകയാണ് 'വാശി'യിലൂടെ.  അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.