കോവിഡ്: ജനുവരി 23, 30 തീയതികളിൽ അവശ്യ സർവീസുകൾ മാത്രം
തിരുവനന്തപുരം:
കൊവിഡ് 19 വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ജനുവരി 23, 30 തീയതികളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. സർക്കാർ - സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ക്യാൻസർ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുവദിക്കുന്നതാണ്. ഇവർ ഡോക്‌ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ, ബീച്ചുകൾ, തീം പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കൊവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. ഇവിടങ്ങളിൽ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസർ ലഭ്യമാക്കണം. ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ടിൽനിന്ന് 22 കോടി രൂപ ജില്ലകൾക്ക് അനുവദിച്ചിട്ടുണ്ട്.
ജില്ലാടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.
ആശുപത്രികളിൽ അഡ്‌മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യവകുപ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾക്ക് എല്ലാ വ്യാഴാഴ്ചകളിലും നൽകേണ്ടതാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കും. എല്ലാ വെള്ളിയാഴ്ചകളിലും ദുരന്തനിവാരണ അതോറിറ്റി ഇത് പ്രഖ്യാപിക്കും.