About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022  | ജനുവരി 20| 1197 മകരം 06 ആഖിർ 17| ബുധൻ  | ആയില്യം



🔳കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം സാങ്കേതിക വിഷയങ്ങള്‍ കാട്ടി തളളരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. അച്ഛനമ്മമാരെ നഷ്ടമായ കുട്ടികളെ സര്‍ക്കാര്‍ സമീപിച്ച് ധനസഹായം നല്കണമെന്നും കോടതി. ധനസഹായം കുട്ടികളുടെ പേരില്‍ നല്കണം. ബന്ധുക്കളുടെ പേരിലാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

🔳കൊവിഡ് അതിവ്യാപനം തടയാന്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്നു പ്രഖ്യാപിച്ചേക്കും.  കോളേജുകളും അടച്ചിട്ടേക്കും. വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുക്കുന്നവരുടെ എണ്ണം വീണ്ടും കുറച്ചേക്കും. വാരാന്ത്യ നിയന്ത്രണവും രാത്രി കര്‍ഫ്യൂവും സജീവ പരിഗണനയിലുണ്ട്. വൈകുന്നേരം അഞ്ചിനു ചേരുന്ന കൊവിഡ് അവലോകന യോഗമാണ് അന്തിമ തീരുമാനം എടുക്കുന്നത്. മുഖ്യമന്ത്രി ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കും.

🔳ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ നാളെ മുതല്‍ ഓണ്‍ലൈനില്‍ മാത്രമായിരിക്കും. വിദ്യാലയങ്ങളില്‍ പത്ത്, പതിനൊന്ന് പന്ത്രണ്ട് ക്ലാസുകള്‍ മാത്രമാണു പ്രവര്‍ത്തിക്കുക. രണ്ടാഴ്ചത്തേക്കാണ് ഈ ക്രമീകരണം. ഏതെങ്കിലും ക്ലാസിലോ സ്‌കൂളിലോ കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ സ്‌കൂളുകള്‍ അടച്ചിടാന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് തീരുമാനമെടുക്കാം. ഓണ്‍ലൈന്‍ പഠനത്തിനുള്ള ഡിജിറ്റല്‍ സൗകര്യം എല്ലാവര്‍ക്കും ഉണ്ടെന്ന് സ്‌കൂളുകള്‍ ഉറപ്പാക്കണം. പഠനപുരോഗതി വിലയിരുത്തണം. രക്ഷിതാക്കളുമായും അധ്യാപകര്‍ ആശയവിനിമയം നടത്തണമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു.

🔳കുട്ടികള്‍ക്കും ആരോഗ്യ പ്രശ്നമില്ലാത്ത മുതിര്‍ന്നവര്‍ക്കും കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമല്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍. അപകടസാധ്യത കൂടുതലുള്ളവര്‍ക്കാണു മുന്‍ഗണന നല്‍കേണ്ടതെന്നും അവര്‍ പറഞ്ഞു.

🔳തിരുവനന്തപുരം ആര്യന്‍കോട് പോലീസ് സ്റ്റേഷനുനേരെയുണ്ടായ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തു. പതിനെട്ടു വയസുകാരായ അനന്തു, നിധിന്‍ എന്നിവരാണു പിടിയിലായത്.

🔳നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അനുബന്ധ കേസുകള്‍ ഇന്നു കോടതിയില്‍. നടന്‍ ദിലീപ് പ്രതിയായ ക്വട്ടേഷന്‍ പീഡനക്കേസില്‍ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് പോലീസ് ഇന്ന് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണം. അന്വേഷണം കഴിയുംവരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കാനുള്ള തീയതി ഇന്ന് തീരുമാനിക്കും. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ കൈവശമുള്ള നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും. പള്‍സര്‍ സുനിയെ ജയിലില്‍  ചോദ്യം ചെയ്യുന്നതിന് അനുമതി തേടി വിചാരണകോടതിയില്‍ അന്വേഷണ സംഘം  ഹര്‍ജി നല്‍കിയിട്ടുണ്ട്. തന്നെ ചോദ്യംചെയ്യുന്നത് അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ വേണമെന്നാണ് പള്‍സര്‍ സുനിയുടെ ഹര്‍ജി. രണ്ട് ഹര്‍ജികളും ഇന്ന് പരിഗണിക്കും.

🔳നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനായി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി  സുനില്‍കുമാര്‍ ഹാജരാകും. സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. അനില്‍കുമാര്‍ ഈയിടെ രാജിവച്ചിരുന്നു. പുതിയ പ്രോസിക്യൂട്ടറെ പത്തു ദിവസത്തിനകം ചുമതലപ്പെടുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

🔳വിവാദമായ 530 രവീന്ദ്രന്‍ പട്ടയങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കുന്നു. ഭൂമി പതിവു ചട്ടങ്ങള്‍ ലംഘിച്ച് 1999 ല്‍ ദേവികുളം താലൂക്കില്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. നടപടികള്‍ 45 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ഇടുക്കി കളക്ടറെ ചുമതലപ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

🔳മക്കളെ കേസില്‍ കുടുക്കാതിരിക്കാന്‍ ഡല്‍ഹി സ്വദേശിനിയോടു പോലീസ് അഞ്ചു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോയ പോലീസ് താമസച്ചെലവ് അവരില്‍നിന്നുതന്നെ ഈടാക്കിയത് അഴിമതിയാണ്. കേസില്‍ കോടതി കക്ഷിചേര്‍ത്ത വിജിലന്‍സ് ഡയറക്ടര്‍  അടുത്ത മാസം 11 നകം റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

🔳മോഷ്ടിച്ച വാഹനം കടത്തിക്കൊണ്ടുപോകുന്നതിനിടെ യുവാവ് അപകടത്തില്‍ മരിച്ചു. തിരുവനന്തപുരം വെള്ളറട സ്വദേശി ആകാശ് എന്ന 24 കാരനാണ് മരിച്ചത്.  ഇയാള്‍ക്കെതിരെ കാട്ടാക്കട, ആര്യങ്കോട്, വെള്ളറട, നെയ്യാറ്റിന്‍കര എന്നീ സ്റ്റേഷനുകളില്‍  കേസുകളുണ്ട്.

🔳വിഴിഞ്ഞത്ത് വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലാവുകയും  കോവളത്ത് പതിനാലുകാരിയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നേരിടുകയും ചെയ്യുന്ന റഫീഖയ്ക്കും മകനും എതിരെ മൂന്നാമതൊരു കൊലക്കേസുകൂടി. അഞ്ചു വര്‍ഷം മുന്‍പ് വാട്ടര്‍ അതോറിറ്റിയില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്ന വിജയലക്ഷ്മി എന്ന മോളി മരിച്ച സംഭവത്തില്‍ റഫീഖയ്ക്കു പങ്കുണ്ടോയെന്നാണു പോലീസ് അന്വേഷിക്കുന്നത്.

🔳തലയോലപ്പറമ്പില്‍ നവദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍. മറവന്‍ തുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാം പ്രകാശും ഭാര്യ അരുണിമയുമാണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ ശ്യാമും അയല്‍വാസിയായ അരുണിമയും ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ അഞ്ചു മാസം മുന്‍പാണ് വിവാഹിതരായത്. വീട്ടിലെ രണ്ട് മുറികളിലായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിനോദയാത്രയ്ക്കു പോകാന്‍ വിട്ടുകൊടുക്കാതിരുന്ന അമ്മാവന്റെ കാര്‍ തല്ലിത്തകര്‍ത്തതിന് ശ്യാമിനെതിരേ ഇക്കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു.

🔳ഇടുക്കി എഞ്ചിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ കുത്തിയ കത്തി കണ്ടെത്താനുള്ള പരിശോധന ഇന്നും തുടരും.  കേസിലെ നിര്‍ണായക തെളിവായ കത്തി ഇന്നലെ നടത്തിയ തെരച്ചിലിലും കണ്ടെത്താനായിരുന്നില്ല. ഇടുക്കി കളക്ടറേറ്റിനു മുന്നിലുള്ള വനമേഖലയില്‍ കത്തി ഉണ്ടാകുമെന്നാണു പൊലീസ് പറയുന്നത്.

🔳സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് നാളെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്നു രാവിലെ ചേരുന്നുണ്ട്. രാവിലെ 11 ന് ചേരുന്ന യോഗത്തില്‍ സമ്മേളന പരിപാടികള്‍ ഇനിയും വെട്ടിക്കുറക്കേണ്ടതുണ്ടോയെന്ന് ചര്‍ച്ച ചെയ്യും. സമ്മേളനം മാറ്റിവെക്കേണ്ടതില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം.

🔳പി.ടി തോമസ് എംഎല്‍എയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചതിനു ചെലവാക്കിയ പണത്തെച്ചൊല്ലി   തൃക്കാക്കര നഗരസഭയില്‍ പ്രതിപക്ഷ ബഹളം. ചെലവാക്കിയ പണത്തിന്റെ കണക്ക് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ സമര്‍പ്പിച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ചെയര്‍പേഴ്സന്റെ ഓഫീസ് ഉപരോധിച്ചു. നാലു ലക്ഷം രൂപ ചെലവഴിച്ചെന്നാണു ഭരണപക്ഷമായ കോണ്‍ഗ്രസ് പറയുന്നത്. പൂ വാങ്ങാന്‍ മാത്രം ചെലവാക്കിയത് 1,17,000 രൂപയാണ്. അനുമതിയില്ലാതെയാണ് പണം ചെലവാക്കിയതെന്നാണ് പ്രതിപക്ഷ ആരോപണം.

🔳എടിഎം മെഷീനില്‍ കൃത്രിമം കാണിച്ച് പത്തു ലക്ഷത്തോളം രൂപ തട്ടിയെടുത്ത രാജസ്ഥാന്‍ സ്വദേശികളായ രണ്ടു പേര്‍ പിടിയിലായി. എറണാകുളം പോണേക്കരയില്‍ കാര്‍ഡ് ഉപയോഗിച്ചു പണം പിന്‍വലിച്ചശേഷം പണം കിട്ടിയില്ലെന്നു ബാങ്കില്‍ പരാതി നല്‍കി അക്കൗണ്ടിലേക്കു പണം തിരിച്ചെത്തിക്കുന്നതായിരുന്നു തട്ടിപ്പുരീതി.

🔳കൊല്ലം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഒന്‍പതംഗ ഗുണ്ടാസംഘത്തെ കായംകുളം പൊലീസ് അറസ്റ്റു ചെയ്തു. പത്തിയൂര്‍ തക്കാളി ആഷിഖ് (27), വിഠോബ ഫൈസല്‍ (27), കായംകുളം  സമീര്‍ (30), ഹാഷിര്‍ (32), നൂറനാട് ഹാഷിം (32), കോമളപുരം മാട്ട കണ്ണന്‍ (30), പല്ലാരിമംഗലം  ഉമേഷ് (30), ഓച്ചിറ കുക്കു മനു (28), കായംകുളം ഷാന്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

🔳തിരക്കേറിയ റോഡില്‍ പെണ്‍കുട്ടിയെ പിറകിലിരുത്തി ബൈക്ക് റേസിംഗ് നടത്തിയ വിദ്യാര്‍ഥിയെ നാട്ടുകാര്‍ മര്‍ദിച്ചു. തൃശൂര്‍ ചേതന കോളജിലെ വിദ്യാര്‍ഥി അമലിനെയാണ് നാട്ടുകാര്‍ കൈകാര്യം ചെയ്തത്. അഭ്യാസ പ്രകടനങ്ങളുടെ ഭാഗമായി ബൈക്കിന്റെ മുന്‍ഭാഗം ഉയര്‍ത്തിപ്പിടിച്ച് ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി മറിഞ്ഞുവീണു. ഇതോടെയാണ് നാട്ടുകാര്‍ അമലിനെ വളഞ്ഞത്. ഒല്ലൂര്‍ പോലീസ് കേസെടുത്തു.