About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022  | ജനുവരി 25| 1197 മകരം 11 ആഖിർ 22| ചൊവ്വ | ചിത്തിര|


സംസ്ഥാനത്ത് 175 മദ്യശാലകള്‍കൂടി തുറക്കാന്‍ ബിവറേജസ് കോര്‍പറേഷന്റെ ശുപാര്‍ശ. മദ്യശാലകളിലെ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് എക്സൈസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.  ഐടി പാര്‍ക്കുകളില്‍ ബിയര്‍ - വൈന്‍ പാര്‍ലറുകള്‍ തുറക്കും. ഉടനേ പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ മദ്യനയത്തില്‍ ഈ നിര്‍ദേശങ്ങള്‍ ഉണ്ടാകും. പഴങ്ങളില്‍നിന്നു വൈന്‍ ഉണ്ടാക്കാനുള്ള യൂണിറ്റുകള്‍ക്ക് അനുമതി നല്‍കാനും മദ്യ നയത്തില്‍ പ്രഖ്യാപനമുണ്ടാകും.
🔳കോവിഡ് വ്യാപനം നേരിടാന്‍ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍. തിരുവനന്തപുരം ജില്ല സി കാറ്റഗറിയിലായി. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ എട്ടു ജില്ലകള്‍ ബി വിഭാഗത്തിലാണ്. കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ എ വിഭാഗത്തിലും. കോഴിക്കോടും കാസര്‍കോടും ഒരു വിഭാഗത്തിലും ഇല്ല. സി വിഭാഗത്തില്‍ തിയേറ്ററുകളും ജിമ്മുകളും അടച്ചിടും. മാളും ബാറും തുറക്കും. ബി, സി വിഭാഗങ്ങളിലുള്ള ജില്ലകളില്‍ പൊതുപരിപാടികള്‍ അനുവദിക്കില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് 20 പേര്‍ മാത്രം. എ വിഭാഗത്തില്‍ 50 പേര്‍ക്കാണ് അനുമതി. സംസ്ഥാനത്തെ രോഗവ്യാപന നിരക്ക് 47.7 ശതമാനമാണ്.
🔳സ്‌കൂളുകളിലും കോളജുകളിലും തുടര്‍ച്ചയായി മൂന്നു ദിവസത്തെ വിദ്യാര്‍ത്ഥികളുടെ ഹാജര്‍നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ സ്ഥാപനം ക്ലസ്റ്റര്‍ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണു തീരുമാനം.
🔳സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ നിറഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരുവിധ ആശങ്കയോ ഭയമോ വേണ്ട. സംസ്ഥാനത്തെ ആശുപത്രികള്‍ സുസജ്ജമാണ്. അതിനാല്‍ തന്നെ പകര്‍ച്ചവ്യാധി സമയത്ത് ജനങ്ങളില്‍ ആശങ്കയുളവാക്കുന്ന വാര്‍ത്തകള്‍ ഒഴിവാക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.
🔳സെക്രട്ടറിയേറ്റില്‍ ഇ-  ഓഫീസ് സംവിധാനം നവീകരിക്കുന്നു. ഇന്നു മുതല്‍ 30 വരെയാണു നവീകരണ പ്രവര്‍ത്തനങ്ങള്‍. അതിനാല്‍ സമാന്തര  സംവിധാനം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
🔳നടിയെ ആക്രമിച്ച കേസിലെ വിചാരണ നീട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. വിചാരണകോടതി ആവശ്യപ്പെട്ടാല്‍ വിചാരണ നീട്ടുന്ന കാര്യം പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിന് വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കാമെന്നും സുപ്രീം കോടതി. വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
🔳നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപടക്കമുള്ളവരുടെ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യല്‍ ഇന്ന്. ഇന്നത്തെ ചോദ്യം ചെയ്യലിനുശേഷം ക്രൈംബ്രാഞ്ച് 27 ന് കോടതിക്കു റിപ്പോര്‍ട്ടു കൈമാറും. ഇന്നലേയും 11 മണിക്കൂര്‍ ചോദ്യം ചെയ്തു. ദിലീപടക്കമുള്ള അഞ്ചു പേരും ഒരു കാറിലാണ് കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസില്‍നിന്ന് മടങ്ങിയത്. ഇന്നലെ സംവിധായകന്‍ റാഫി, ദിലീപിന്റെ നിര്‍മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സ് മാനേജര്‍ എന്നിവരെ വിളിപ്പിച്ച് മൊഴിയെടുത്തിരുന്നു.
🔳നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ റാഫി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കി. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കൈമാറിയ ഓഡിയോ റെക്കോര്‍ഡില്‍ റാഫിയുടെ ശബ്ദം തിരിച്ചറിയാനാണ് വിളിച്ചുവരുത്തിയത്. ബാലചന്ദ്രകുമാര്‍ ദിലീപിനെ നായകനാക്കി ഒരുക്കാനിരുന്ന 'പിക് പോക്കറ്റ്' എന്ന സിനിമയുടെ തിരക്കഥ എഡിറ്റ് ചെയ്യാന്‍ 2018 ല്‍ റാഫിയെ ഏല്‍പിച്ചിരുന്നു. ഇതേ സമയം ദിലീപിനെ നായകനാക്കി 'പറക്കും പപ്പന്‍' എന്ന സിനിമയ്ക്കു താന്‍ തിരക്കഥ തയ്യാറാക്കുന്നുണ്ടായിരുന്നു. പിക് പോക്കറ്റ് സിനിമ യാഥാര്‍ഥ്യമാകാത്തതില്‍ ബാലചന്ദ്രകുമാറിനു വിഷമം ഉണ്ടായിരുന്നു. സിനിമയില്‍നിന്നു പിന്‍മാറിയെന്ന് ഈയിടെ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നെന്നും റാഫി വെളിപെടുത്തി.
🔳നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ആലുവാ കോടതിയിലാണു മൊഴിയെടുത്തത്.
🔳സോളാര്‍ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരായ അപകീര്‍ത്തി കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അനുകൂല വിധി. പത്തു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം സബ് കോടതി വിധിച്ചു. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചത്. 2013 ലാണ് കേസിനാസ്പദമായ സംഭവം. ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് വിഎസിന്റെ അഭിഭാഷകന്‍ അറിയിച്ചു.
🔳കെ റെയിലുമായി ബന്ധപ്പെട്ട ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി. പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും കേരള കോളിങ്ങ് എന്ന സര്‍ക്കാര്‍ പ്രസിദ്ധീകരണത്തിലെ ലേഖനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഹൈസ്പീഡ് റെയിലിനെക്കാള്‍ നിര്‍മാണ ചെലവും യാത്രാ ചെലവും കുറവ് സെമി ഹൈസ്പീഡ് റെയിലിനാണെന്നും ഇക്കാര്യങ്ങളെല്ലാം നിയമസഭയില്‍ ചര്‍ച്ച ചെയ്തതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
🔳സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിന് താല്‍ക്കാലിക വിരാമം. ചാന്‍സിലര്‍ എന്ന നിലയില്‍ സര്‍വകലാശാലകളിലെ ഫയലുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നോക്കി തുടങ്ങി. മുഖ്യമന്ത്രി അമേരിക്കയിലേക്കു ചികിത്സയക്കു പോകുന്നതിനുമുമ്പ് നടത്തിയ ഇടപെടലാണ് ഗവര്‍ണര്‍ അയയാന്‍ കാരണമായത്. മുഖ്യമന്ത്രി ഗവണര്‍ക്കു നാലു കത്തയച്ചിരുന്നു. രണ്ടു തവണ ഫോണില്‍ വിളിച്ചു സംസാരിക്കുകയും ചെയ്തിരുന്നു.
🔳കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് എറണാകുളം, തൃശൂര്‍ ജില്ലകളിലെ കുടുംബശ്രീ സിഡിഎസ്  തെരഞ്ഞെടുപ്പുകള്‍ മാറ്റി.
🔳അന്യാധീനപ്പെട്ട മുഴുവന്‍ വഖഫ് സ്വത്തുകളും സര്‍ക്കാര്‍ തിരിച്ചുപിടിക്കുമെന്ന്  മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സ്വത്തുക്കള്‍ ക്രമവിരുദ്ധമായി പലരും കൈവശപ്പെടുത്തിയിട്ടുണ്ട്. കെട്ടിടം പണിയുകയും മറിച്ചുവില്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം വീണ്ടെടുക്കുമെന്നു മന്ത്രി പറഞ്ഞു.
🔳വിമര്‍ശനംകൊണ്ട് തന്റെ പ്രതികരണം തടയാനാകില്ലെന്ന് കവി റഫീഖ് അഹമ്മദ്. കവിതയില്‍ ജനത്തിന്റെ ആശങ്കയാണ് പങ്കുവച്ചത്. കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ വിമര്‍ശിച്ചെഴുതിയ കവിതയ്ക്കെതിരേ സൈബര്‍ ആക്രമണം രൂക്ഷമായതോടെയാണ് കവിയുടെ പ്രതികരണം. താന്‍ ഇടതുപക്ഷക്കാരനാണെന്നും  അദ്ദേഹം പറഞ്ഞു.
🔳രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനം ഒന്നാം പിണറായി സര്‍ക്കാര്‍ 2019 ല്‍ കൈക്കൊണ്ടതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാര്‍ നിലപാടാണ് സിപിഐയുടെയും നിലപാടെന്ന് അദ്ദേഹം പറഞ്ഞു.
🔳സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ ജില്ലകളില്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കണമെന്ന് ഡിജിപി ജില്ലാ പോലീസ് മേധാവികള്‍ക്കു നിര്‍ദേശം നല്‍കി. രണ്ടാഴ്ചയിലൊരിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനം ജില്ലാ പൊലീസ് മേധാവിമാര്‍ വിലയിരുത്തണം. വാഹന പെട്രോളിംഗും രാത്രികാല പരിശോധനയും കര്‍ശനമാക്കാനും ഡിജിപി നിര്‍ദ്ദേശം നല്‍കി.
🔳സെക്രട്ടേറിയേറ്റില്‍ പഞ്ചിംഗ് നിര്‍ത്തണമെന്നും ഹാജര്‍ 50 ശതമാനമാക്കി കുറയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് സെക്രട്ടേറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ കത്ത്. സെക്രട്ടേറിയറ്റില്‍ 40 ശതമാനം ജീവനക്കാരും കോവിഡ് ബാധിതരാണ്. അമ്പതു ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കണം. ഒരു മാസത്തേക്ക് ശനിയാഴ്ച അവധി നല്‍കുക. തുടങ്ങിയ ആവശ്യങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
🔳കേരള സര്‍വകലാശാല കോളജുകളിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റി. 10 ദിവസത്തേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

🔳കോവിഡ് വ്യാപന സാഹചര്യത്തില്‍ പിഎസ്.സി. പരീക്ഷകളും അഭിമുഖവും മാറ്റി. ഫെബ്രുവരി ഒന്നു മുതല്‍ 19 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. 18 വരെയുള്ള അഭിമുഖങ്ങളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫെബ്രുവരി നാലാം തീയതിയിലെ പരീക്ഷ മാറ്റമില്ലാതെതന്നെ നടക്കുന്നതാണ്.
🔳ആലപ്പുഴ മുല്ലയ്ക്കലിലെ 'ക്രീം കോര്‍ണര്‍' ഹോട്ടല്‍ 35 വര്‍ഷമായി ഒപ്പം ജോലി ചെയ്യുന്ന അഞ്ചു തൊഴിലാളികള്‍ക്കു വിട്ടുകൊടുത്ത് ഹോട്ടലുമട. പാലസ് വാര്‍ഡ് ചൈത്രത്തില്‍ സുബൈര്‍ എന്ന അറുപത്താറുകാരനാണ് ഹോട്ടല്‍ ഇങ്ങനെ വിട്ടുകൊടുത്തത്. ഹോട്ടല്‍ ലൈസന്‍സും മാറ്റി. കലവൂരില്‍ ക്രീം കോര്‍ണര്‍ എന്ന പേരില്‍ മറ്റൊരു ഹോട്ടല്‍ ആരംഭിച്ചശേഷമാണ് സുബൈര്‍ മുല്ലയ്ക്കലിലെ ഹോട്ടല്‍ വിട്ടുകൊടുത്തത്. ഹോട്ടല്‍ കെട്ടിടം സുബൈറിന്റേതായതിനാല്‍ ലാഭത്തിന്റെ ഒരു വിഹിതം സുബൈറിനു വാടകയായി നല്‍കുന്നുണ്ട്. ചിത്രകാരനും എഴുത്തുകാരനും സിനിമാനടനുമാണ് സുബൈര്‍.
🔳മറയൂരിലെ കൃഷിയിടത്തില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മറയൂര്‍ പള്ളനാട് മംഗളംപാറ സ്വദേശി ദുരൈരാജ് (56) ആണ് മരിച്ചത്. കൃഷിസ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
🔳അഞ്ചു കോടി രൂപയുടെ തട്ടിപ്പു നടത്തി മുങ്ങിയ എല്‍ഐസി ഏജന്റ് 14 കൊല്ലത്തിനു ശേഷം പിടിയില്‍. കോട്ടയം പാലാ സ്വദേശി പി.കെ മോഹന്‍ദാസാണ് ഡല്‍ഹിയില്‍ പാലാ പൊലീസിന്റെ പിടിയിലായത്. പലരില്‍ നിന്നായി ശേഖരിച്ച പോളിസി തുക അടയ്ക്കാതെ സ്വന്തം പേരില്‍ ചിട്ടി കമ്പനിയില്‍ നിക്ഷേപിച്ചാണ് തട്ടിപ്പ് നടത്തിയത്. വീടും സ്ഥലവും വില്‍പ്പനയ്ക്കുവച്ചും നിരവധി പേരില്‍നിന്ന് പണം തട്ടിയെന്നാണു കേസ്.
🔳കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. വീട്ടില്‍ വിശ്രമം തുടരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. മകന്‍ വിഎ അരുണ്‍കുമാറിനെ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
🔳മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകന്‍ എസ് ശശി മുംബൈയില്‍ അന്തരിച്ചു. 67 വയസായിരുന്നു.
🔳നടന്‍ ടിനി ടോമിനെ ഫോണില്‍ വിളിച്ചു നിരന്തരം ശല്യം ചെയ്ത യുവാവിനെ പരാതി നല്‍കി പത്തു മിനിറ്റിനകം പോലീസ് പിടികൂടി. ഷിയാസ് എന്ന യുവാവാണ് വിവിധ ഫോണുകളില്‍നിന്നു വിളിച്ച് അസഭ്യം പറഞ്ഞിരുന്നത്. ചെറിയ പയ്യനാണ്, ഭാവി മോശമാകാതിരിക്കാന്‍ പരാതി പിന്‍വലിച്ചെന്നു ടിനി ടോം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
🔳കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം. അധ്യാപികയുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
🔳പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം 29 കുട്ടികള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചു. കേരളത്തില്‍ നിന്നുള്ള ദേവീപ്രസാദ് കലാ-സാംസ്‌കാരിക വിഭാഗത്തില്‍ പുരസ്‌കാര ജേതാവായി. പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി സംവദിച്ചു.
🔳നാളെ എഴുപത്തി മൂന്നാം റിപ്പബ്ളിക് ദിനം ആഘോഷിക്കാനിരിക്കെ ഡല്‍ഹി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ അതീവ ജാഗ്രത. റിപ്പബ്ളിക് ദിന പരേഡില്‍ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്. ഇത്തവണ വിഷിഷ്ടാതിഥിയും ഇല്ല. 21 നിശ്ചലദൃശങ്ങള്‍ പരേഡിലുണ്ടാകും. റിപ്പബ്ളിക് ദിനത്തിനു മുന്നോടിയായുള്ള സൈനിക പൊലീസ് മെഡലുകളും പദ്മ അവാര്‍ഡുകളും ഇന്ന് പ്രഖ്യാപിക്കും.
🔳രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. ഡല്‍ഹി, മുംബൈ, ബിഹാര്‍, ഗുജറാത്ത്, ഭോപാല്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ നഗരങ്ങളിലെല്ലാം കൊവിഡ് കേസുകള്‍ കുറഞ്ഞു. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകിരിച്ച കര്‍ണാടകത്തിലും പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു. മൂന്നാം തരംഗത്തിന്റെ തുടക്കത്തില്‍  രോഗവ്യാപനം രൂക്ഷമായിരുന്ന മഹാരാഷ്ട്രയിലും രോഗവ്യാപനം കുറഞ്ഞു.
🔳ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഉള്‍പ്പെടെ 159 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. അഖിലേഷ് കര്‍ഹാലിലും അമ്മാവന്‍ ശിവ്പാല്‍ സിങ് യാദവ് ജവാന്ത് നഗറിലും മത്സരിക്കും. വിവിധ കേസുകളില്‍ പ്രതിയായി ജയിലിലുള്ള അസം ഖാന്‍ രാംപൂരിലെ സ്ഥാനാര്‍ത്ഥിയാണ്. 403 നിയമസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 10 മുതല്‍ ഏഴു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്.
🔳പഞ്ചാബില്‍ എന്‍ഡിഎയില്‍ സീറ്റ് ധാരണ. ബിജെപി 65 മണ്ഡലങ്ങളില്‍ മത്സരിക്കും. കോണ്‍ഗ്രസ് വിട്ട മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിക്ക് 37 സീറ്റു നല്‍കിയിട്ടുണ്ട്.
🔳രണ്ടാം ലോക മഹായുദ്ധകാലത്തു കാണാതായ അമേരിക്കന്‍ യുദ്ധ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഹിമാലയ മലിനിരകള്‍ക്കിടയില്‍ കണ്ടെത്തി. 77 വര്‍ഷങ്ങള്‍ക്കുശേഷമാണ് കണ്ടെത്തല്‍. അരുണാചല്‍ പ്രദേശിനു മുകളില്‍ എത്തിയപ്പോള്‍ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മഞ്ഞുമൂടിയ പര്‍വതത്തില്‍നിന്നാണു കണ്ടെത്തിയത്.
🔳കേരളത്തില്‍ ഇന്നലെ 55,557 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 26,514 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ടിപിആര്‍ 47.72. സംസ്ഥാനത്ത് ഇന്നലെ 13 മരണം. ആകെ മരണം 51,987. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,710 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,60,271 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498, കണ്ണൂര്‍ 1260, ആലപ്പുഴ 1165, പത്തനംതിട്ട 1065, ഇടുക്കി 1033, കാസര്‍ഗോഡ് 573, വയനാട് 524.
🔳രാജ്യത്ത് ഇന്നലെ രണ്ടര ലക്ഷത്തിനടുത്ത്  കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 28,286, കര്‍ണാടക- 46,426, തമിഴ്‌നാട്- 30,215, ഗുജറാത്ത് - 13,805, ആന്ധ്രപ്രദേശ്-14,502, ഉത്തര്‍പ്രദേശ്- 11,159, ഡല്‍ഹി- 5760.
🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത്തിരണ്ട് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ നാല് ലക്ഷത്തിനടുത്ത്. ഇംഗ്ലണ്ട്- 88,447, ഫ്രാന്‍സ്- 1,08,481, ഇറ്റലി- 77,696, ജര്‍മനി-90,962, അര്‍ജന്റീന- 78,121. ഇതോടെ ആഗോളതലത്തില്‍ 35.43 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 6.72 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 5,126 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 879, റഷ്യ- 655, ഇറ്റലി- 352. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56.21 ലക്ഷമായി.