About

News Now

പി.വി. അൻവർ എം.എൽ.എയും ഭാര്യമാരും രേഖകളുമായി ഫെബ്രുവരി 15ന് ഹാജരാകണമെന്ന് ഡെപ്യൂട്ടി കലക്റ്റർ

 


താമരശ്ശേരി: 

 കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകളുമായി പി.വി. അന്‍വര്‍ എം.എല്‍.എ യും രണ്ട് ഭാര്യമാരും ഫെബ്രുവരി 15ന് ഹാജരാകണമെന്ന്  കോഴിക്കോട് ലാൻ്റ് അക്വസിഷൻ ഡെപ്യൂട്ടി കലക്റ്റർ അൻവർ സാദത്ത്.

ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് ഭൂമി  സ്വന്തമാക്കിയെന്ന പരാതിയിലാണ് നടപടി.

അൻവർ എം.എല്‍.എക്കൊപ്പം ആദ്യഭാര്യ ഷീജ, രണ്ടാം ഭാര്യ കോഴിക്കോട് നടുവണ്ണൂരിലെ ഹഫ്‌സത്ത് അന്‍വര്‍ എന്നിവരോട് വ്യാഴാഴ്ച

രാവിലെ 11 മണിക്ക് താമരശേരി താലൂക്ക് ഓഫീസിലെ താമരശേരി ലാന്റ് ബോര്‍ഡ് മുമ്പാകെ രേഖകളുമായി ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ ഇവരുടെ അഭിഭാഷകൻ അഡ്വ.സന്ദീപ് കൃഷ്ണനാണ് ഇന്ന് ഹാജരായത്. അഭിഭാഷകനോടാണ് രേഖകൾ ഫെബ്രുവരി 15ന് ഹാജരാകണമെന്ന് നിർദേശം നൽകിയത്.


കഴിഞ്ഞ ഡിസംബര്‍ 30ന് ഭൂരേഖകളുമായി ഹാജരാകാന്‍  എം.എല്‍.എക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല.

ജനുവരി ഒന്നുമുതല്‍ അഞ്ചുമാസത്തിനകം അന്‍വറും കുടുംബവും കൈവശം വെക്കുന്ന അധികഭൂമി പിടിച്ചെടുക്കാന്‍ ഹൈക്കോടതി ജനുവരി 13ന് ഉത്തരവിട്ടിരുന്നു. നേരത്തെ ആറുമാസത്തിനകം അധികഭൂമി കണ്ടുകെട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി. ഷാജി നല്‍കിയ കോടതി അലക്ഷ്യഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. 


താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ഡിസംബര്‍ 30ന് നടത്തിയ വിചാരണയില്‍ അന്‍വര്‍ പങ്കെടുക്കാതിരുന്നത് നടപടിക്രമങ്ങള്‍ നീട്ടിവെക്കനുള്ള നീക്കമാണെന്നും ഇതനുവദിക്കാതെ അഞ്ചുമാസത്തിനകം തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഭൂമി തിരിച്ചുപിടിക്കണമെന്നുമാണ് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.


പി.വി അന്‍വര്‍ 2016ല്‍ നിലമ്പൂരില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍  226.82 എക്കര്‍ ഭൂമി കൈവശം വെക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തൃക്കലങ്ങോട് വില്ലേജിലെ ഭൂമിയുടെ അളവ് കാണിച്ചതില്‍ പോയിന്റിട്ടതില്‍ പിശക് സംഭവിച്ചതാണെന്നും കോഴിക്കോട് മലപ്പുറം ജില്ലകളിലായി എം.എല്‍.എയും കുടുംബവും 22.82 ഏക്കര്‍ഭൂമി കൈവശം വെക്കുന്നതായാണ് താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.