ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 | ഫെബ്രുവരി 10| 1197 മകരം 27| റജബ് 09| വ്യാഴം | രോഹിണി
🔳രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനു 17,183 കോടി രൂപയുടെ നൂറുദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. 1557 പദ്ധതികളാണു നടപ്പാക്കുക. 4,64,714 തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കും. ഉന്നത നിലവാരമുള്ള 53 സ്‌കൂളുകള്‍, ലൈഫ് മിഷന്‍ വഴി 20,000 വീടുകള്‍, വാതില്‍പ്പടി സംവിധാനം, എല്ലാ ജില്ലയിലും സുഭിക്ഷ ഹോട്ടല്‍, 15,000 പേര്‍ക്ക് പട്ടയം, കെ ഫോണ്‍, ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേ, 10,000 ഹെക്റ്ററില്‍ ജൈവ കൃഷി, 23 പുതിയ പോലീസ് സ്റ്റേഷനുകള്‍ക്കു തറക്കല്ലിടും, വേമ്പനാട് കായലില്‍ ബണ്ടു നിര്‍മ്മാണം, കിഫ്ബി വഴി ശബരിമല ഇടത്താവളങ്ങള്‍ നവീകരിക്കും, ഇടുക്കിയില്‍ എയര്‍ സ്ട്രിപ്പ്. പ്രഖ്യാപിച്ച പദ്ധതികളില്‍ പ്രധാനപ്പെട്ടവ ഇവയെല്ലാമാണ്.
🔳ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. രാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഓര്‍ഡിനന്‍സ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിയ്ക്കെതിരെ ലോകായുക്തയില്‍ പരാതി നല്‍കിയ പൊതുപ്രവര്‍ത്തകനായ ആര്‍,എസ് ശശികുമാറാണു ഹര്‍ജിക്കാരന്‍.
🔳സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കു പരാതി. കേസന്വേഷണം സിബിഐയ്ക്കു വിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. സ്വപ്നയുടെ സംഭാഷണം പുറത്തുവിട്ടതിനു പിന്നില്‍ ശിവശങ്കറിന്റെ ഗൂഡാലോചനയുണ്ടെന്നും പരാതിയില്‍ പറയുന്നു.
🔳വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ മോഡല്‍ പരീക്ഷ അടക്കമുള്ള എല്ലാ പരീക്ഷകളും കൃത്യസമയത്തുതന്നെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. 14 ന് ഒമ്പതാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളും തുറക്കും. 12 നു മാര്‍ഗരേഖ പുറത്തിറക്കുമെന്നും മന്ത്രി.
🔳സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 ന് നടക്കും. പരീക്ഷ കലണ്ടര്‍ വൈകാതെ പ്രസിദ്ധീകരിക്കും. ചോദ്യങ്ങള്‍ സിബിഎസ്ഇ വെബ്സൈറ്റിലുള്ള മാതൃകയിലായിരിക്കും.
🔳പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു. വായ്പാ പലിശ കുറയ്ക്കുകയും ചെയ്തു. 15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് അഞ്ചു ശതമാനമാണു പലിശ. നേരത്തെ 4.75 ശതമാനമായിരുന്നു. മൂന്നു മാസം വരെയുള്ളവയ്ക്ക് അഞ്ചര ശതമാനമാക്കി. ആറു മാസംവരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആറ് ശതമാനം. ഒരു വര്‍ഷം വരെയുള്ളവയ്ക്ക് 6.25 ശതമാനം പലിശ ലഭിക്കും. ഒരു വര്‍ഷത്തിനു മുകളിലുള്ളവയ്ക്ക് ഏഴു ശതമാനമുണ്ടാകും. വിവിധ വായ്പകളുടെ പലിശ നിരക്ക് അര ശതമാനം വരെ കുറച്ചു.
🔳മലമ്പുഴയിലെ മലയിടുക്കില്‍നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. ഇസിജി ഉള്‍പ്പടെയുള്ള പരിശോധനാ ഫലം സാധാരണഗതിയിലാണെന്ന് ഡോക്ടര്‍ പറഞ്ഞു. രണ്ടു രാത്രിയും രണ്ട് പകലും പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ഇന്നലെ ഉച്ചയോടെയാണ് സൈന്യം രക്ഷിച്ചത്.
🔳ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. സഹോദരന്‍ അനൂപും സുരാജും കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. മുന്‍കൂര്‍ ജാമ്യമുണ്ടെങ്കിലും നടപടികളുടെ ഭാഗമായി ക്രൈംബ്രാഞ്ചിന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താം. ഇത് ഒഴിവാക്കാനാണ് പ്രതികള്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തത്.
🔳സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ലൈംഗിക പീഡന പരാതി നല്കിയ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ചൊവ്വാഴ്ച യുവതിയില്‍നിന്ന് പ്രാഥമിക മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കോടതിയില്‍ രഹസ്യമൊഴി നല്‍കിയ യുവതിയില്‍നിന്ന് കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ഇന്നലെയും മൊഴിയെടുത്തത്.
🔳കോഴിക്കോട് വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം കവര്‍ച്ച ചെയ്ത സംഭവത്തില്‍ അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തിലെ ഏഴുപേരെ പോലീസ് പിടികൂടി. നിലമ്പൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തലവന്‍ തെക്കില്‍ ഷബാദ്, ആരിഫ്, റനീസ്, സുനില്‍, ജിന്‍സണ്‍ വര്‍ഗീസ്, ഹാരിസ് ബാബു സക്കീര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
🔳കോവിഡ് മഹാമാരിയുടെ ആദ്യതരംഗത്തില്‍ തൊഴിലില്ലാതേയും കടബാധ്യതമൂലവും രാജ്യത്ത് 8,761 പേര്‍ ജീവനൊടുക്കിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. 2018 നും 2020 നും ഇടയില്‍ സാമ്പത്തിക പ്രതിസന്ധിമൂലം 25,251 പേര്‍ ജീവനൊടുക്കി. അദ്ദേഹം അറിയിച്ചു.
🔳പുസ്തകം എഴുതാന്‍ ശിവശങ്കറിന് അനുമതി നല്‍കിയോയെന്നു ചോദ്യം. പുസ്തകത്തിലെ വെളിപ്പെടുത്തലുകളില്‍ പൊള്ളലേറ്റവര്‍ക്ക് അദ്ദേഹത്തോട് പകയുണ്ടായേക്കാമെന്നു മറുപടി. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇങ്ങനെ പ്രതികരിച്ചത്. താന്‍ കടന്നുപോയ അനുഭവങ്ങളെക്കുറിച്ചാണ് ശിവശങ്കര്‍ എഴുതിയത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ വസ്തുതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
🔳വര്‍ഗീയത നമ്മുടെ നാട്ടില്‍ എന്തെല്ലാം ആപത്തുണ്ടാക്കുമെന്നതിന്റെ ദൃഷ്ടാന്തമാണ് ഷാരൂഖ് ഖാനെതിരായ ആക്രമണവും സ്‌കുളുകളിലെ ഹിജാബ് നിരോധനവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘടിതമായ നീക്കമാണ് ഷാരുഖിനെതിരെയുണ്ടായത്. മത നിരപേക്ഷതയുടെ വിളനിലമാകേണ്ട വിദ്യാലയങ്ങളില്‍ കുട്ടികളുടെ മനസില്‍ വര്‍ഗ്ഗീയ വിഷം കയറ്റുന്നത് വലിയ ആപത്താണെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.
🔳ലോകായുക്ത നിയമത്തില്‍ മാറ്റം ആവശ്യമാണെന്നു നിയമോപദേശം ലഭിച്ചതനുസരിച്ചാണു ഭേദഗതി വരുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതൊരു സാധാരണ നടപടി മാത്രമാണ്. സിപിഐയുടെ എതിര്‍പ്പിനെക്കുറിച്ച് അവരുമായി ചര്‍ച്ചചെയ്തു പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
🔳മീഡിയാവണ്‍ വിലക്ക് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. രാജ്യസുരക്ഷയെ ബാധിക്കുന്ന എന്താണ് മീഡിയാവണ്‍ ചെയ്തതെന്നു കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
🔳കെ സ്വിഫ്റ്റില്‍ നിയമനവുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. നിയമനം യോഗ്യതയുടെ അടിസ്ഥാനത്തിലാകണം. എം പാനല്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിഗണന വേണ്ട. കെ സ്വിഫ്റ്റ് നിയമനത്തെ ചോദ്യം ചെയ്ത് ട്രേഡ് യൂണിയനുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത്.
🔳സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവുമില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് എല്ലാം അറിയാമെന്ന സ്വപ്നയുടെ വാക്കുകളില്‍നിന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും എല്ലാം അറിയാമെന്നാണു വ്യക്തമാകുന്നതെന്നും സുരേന്ദ്രന്‍.
🔳അനധികൃത മണല്‍ ഖനനക്കേസില്‍ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ് ഉള്‍പ്പടെ ആറു വൈദികരുടെ ജാമ്യാപേക്ഷ തിരുനെല്‍വേലി മജിസ്ട്രേറ്റ് കോടതി തള്ളി. അംബാസമുദ്രത്ത് സഭയുടെ ഉടമസ്ഥതയിലുള്ള 300 ഏക്കര്‍ സ്ഥലത്തിനു സമീപമുള്ള താമരഭരണി നദിയില്‍ നിന്ന് മണല്‍ കടത്തിയെന്നാണു കേസ്. സഭയുടെ സ്ഥലം പാട്ടത്തിനെടുത്ത കോട്ടയം സ്വദേശി മാനുവല്‍ ജോര്‍ജ് 27,774 ക്യുബിക് മീറ്റര്‍ മണല്‍ കടത്തിയെന്നാണു കേസ്. സ്ഥലമുടമകള്‍ക്ക് 9.57 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. മൂന്നു വര്‍ഷമായി കേസന്വേഷണം നടന്നുവരികയായിരുന്നു.
🔳കൈക്കൂലി വാങ്ങിയ ആലപ്പുഴ നഗരസഭാ ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. റവന്യൂ ഇന്‍സ്പെക്ടറും തിരുവല്ല സ്വദേശിയുമായ ജയരാജാണ് പിടിയിലായത്. വീടിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ നഗരസഭാ ഓഫീസിലെത്തിയയാളോട് കോഴയായി ആവശ്യപ്പെട്ട പതിനായിരം രൂപയില്‍ 2,500 രൂപ കൈമാറുമ്പോഴാണ് പിടികൂടിയത്.
🔳പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് ഡിജിപി. അപേക്ഷകരെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്താതെത്തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സംവിധാനമുണ്ടാക്കണമെന്നും ഡിജിപി നിര്‍ദേശം നല്‍കി.
🔳പെരുമ്പാമ്പുമായി മദ്യലഹരിയില്‍ യുവാവിന്റെ സ്‌കൂട്ടര്‍ സവാരി. കോഴിക്കോട് കൊയിലാണ്ടിയില്‍ വഴിയില്‍ കിടന്ന പാമ്പിനെ പിടികൂടിയ മുചുകുന്ന് സ്വദേശി ജിത്തു (35) ആണ് സാഹസിക യാത്ര നടത്തിയത്. പാമ്പിനെ ഇയാള്‍ നാട്ടുകാര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നതോടെ വനം വകുപ്പ് അന്വേഷണം തുടങ്ങി.
🔳കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഓട്ടോ ഡ്രൈവര്‍ക്ക്. കോതമംഗലം കുട്ടംപുഴ സ്വദേശിയായ ടി.ആര്‍. ഹുസൈനാണ് 80 ലക്ഷത്തിന്റെ ഭാഗ്യം. ഒന്നാം സമ്മാനത്തിനൊപ്പം 8,000 രൂപ വീതമുള്ള നാല് സമാശ്വാസ സമ്മാനങ്ങളും ഹുസൈനുതന്നെ ലഭിച്ചു.
🔳ഒരു മാസംമുമ്പ് കോഴിക്കോട് കൊയിലാണ്ടിയില്‍ ആത്മഹത്യ ചെയ്ത ബിജിഷ എന്ന യുവതി ഒരു കോടി രൂപയുടെ ബാങ്കിടപാടുകള്‍ നടത്തിയതിനെക്കുറിച്ച് അന്വേഷണം. ബിജിഷയുടെ വിവാഹത്തിനായി കരുതിവച്ചിരുന്ന 35 പവന്‍ വീട്ടുകാര്‍ അറിയാതെ പണയപ്പെടുത്തുകയും ചെയ്തിരുന്നു. ഗൂഗിള്‍പേ പോലുള്ള യുപിഎ ആപുകള്‍ വഴിയാണു പണമിടപാടു നടത്തിയത്. അന്വേഷണവുമായി പോലീസ് രംഗത്തുണ്ട്.
🔳ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാകയ്ക്കു പകരം ഭാവിയില്‍ കാവിക്കൊടി ദേശീയ പതാകയാവുമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ കെ.എസ് ഈശ്വരപ്പ. ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ ഷിമോഗയിലെ സര്‍ക്കാര്‍ കോളജില്‍ ത്രിവര്‍ണ പതാക മാറ്റി വിദ്യാര്‍ത്ഥികള്‍ കാവിക്കൊടി ഉയര്‍ത്തിയെന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
🔳പറന്നുയരുന്നതിനിടെ വിമാന എന്‍ജിന്റെ മൂടി പറന്നു താഴേയ്ക്കു പതിച്ചു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് 70 പേരുമായി ഗുജറാത്തിലേക്ക് പുറപ്പെട്ട അലയന്‍സ് എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ഗുജറാത്തിലെ ഭുജ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി.
🔳ചൂതാട്ടത്തിനായി 6.23 കോടി രൂപ മോഷ്ടിച്ചെന്ന കുറ്റത്തിന് കന്യാസ്ത്രീയെ ഒരു വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു. കാലിഫോര്‍ണിയയില്‍ മേരി മാര്‍ഗരറ്റ് ക്രൂപ്പര്‍ എന്ന എണ്‍പതുകാരിയാണ് ശിക്ഷിക്കപ്പെട്ടത്. സെന്റ് ജെയിംസ് കാത്തലിക് സ്‌കൂളില്‍ പ്രിന്‍സിപ്പലായിരിക്കെ പലപ്പോഴായി പണം അപഹരിച്ചു ചൂതാട്ടം നടത്തിയെന്നാണു കേസ്.
🔳കേരളത്തില്‍ ഇന്നലെ 84,919 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 29 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇന്നലെ രേഖപ്പെടുത്തിയ 825 മുന്‍മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 60,793 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 47,882 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,58,188 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍: എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052, കണ്ണൂര്‍ 966, പാലക്കാട് 866, വയനാട് 803, കാസര്‍ഗോഡ് 379.
🔳രാജ്യത്ത് ഇന്നലെ 65,286 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 7,142, കര്‍ണാടക- 5,339, തമിഴ്‌നാട്- 3,971.
🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത്തിയഞ്ച് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ രണ്ട് ലക്ഷത്തിനടുത്ത്. ബ്രസീല്‍ - 1,78,814, ഇംഗ്ലണ്ട് - 68,214, റഷ്യ- 1,83,103, തുര്‍ക്കി - 1,08,563, ഇറ്റലി- 81,367, ജര്‍മനി-2,38,410, ജപ്പാന്‍ - 95,945. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 40.33 കോടിപേര്‍ക്ക്. നിലവില്‍ 7.48 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 10,404 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1,861, ഇന്ത്യ - 1,241, ബ്രസീല്‍ - 1,180, റഷ്യ- 669. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 57.93 ലക്ഷമായി.