ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 | ഫെബ്രുവരി ഫെബ്രുവരി 23 | ബുധൻ| 1197 കുംഭം 11 വിശാഖം| റജബ് 22
🔳യുക്രൈനിലെ രണ്ടു പ്രവിശ്യകള്‍ റഷ്യ പിടിച്ചടക്കി. യുക്രെയിനിലെ ഈ പ്രവിശ്യകളിലേക്ക് ടാങ്കുകളും കവചിത വാഹനങ്ങളും മിസൈല്‍ വിക്ഷേപണികളും അടക്കം വന്‍ സന്നാഹങ്ങളുമായി റഷ്യന്‍ സൈന്യം ഇരച്ചുകയറി. തന്ത്രപ്രധാന കേന്ദ്രങ്ങളിലെല്ലാം സൈന്യത്തെ നിയോഗിച്ചു. ഇതോടെ ലോകം യുദ്ധഭീതിയിലായി. റഷ്യയുടെ നടപടി തീക്കളിയാണെന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പ്രതികരിച്ചു. റഷ്യക്കെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധം ആരംഭിച്ചു. റഷ്യയില്‍ നിന്നുള്ള കൂറ്റന്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയായ നോര്‍ഡ് സ്ട്രീം ടൂ നിര്‍ത്തിവക്കാന്‍ ജര്‍മനി തീരുമാനിച്ചു.
🔳പ്രശസ്ത നടി കെപിഎസി ലളിത അരങ്ങൊഴിഞ്ഞു. ഭൗതികശരീരം ഇന്നു രാവിലെ എട്ടു മുതല്‍ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വക്കും. ഉച്ചയ്ക്കു രണ്ടിന് തൃശൂരിലെ സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകുന്നേരം അഞ്ചിനു വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മഹേശ്വരി അമ്മ എന്നാണു യഥാര്‍ത്ഥ പേര്. രണ്ടു തവണ സഹനടിക്കുള്ള ദേശീയ അവാര്‍ഡും നാലു തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി. അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ചു. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണായിരുന്നു. അന്തരിച്ച സംവിധായകന്‍ ഭരതനായിരുന്നു ഭര്‍ത്താവ്. നടന്‍ സിദ്ധാര്‍ത്ഥ്, ശ്രീക്കുട്ടി എന്നിവരാണ് മക്കള്‍.
🔳നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മാര്‍ച്ച് ഒന്നിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് ഒന്നിനു സമര്‍പ്പിക്കണം. ഈ കേസില്‍ മാത്രം എന്താണിത്ര പ്രത്യേകത? ഹൈക്കോടതി ചോദിച്ചു. തുടരന്വേഷണം ഇതിനകം രണ്ടു മാസം പൂര്‍ത്തിയായെന്നും കോടതി നിരീക്ഷിച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നാലു തവണ സമയം നീട്ടിക്കൊടുത്തെന്നും കോടതി ചൂണ്ടിക്കാട്ടി.
🔳ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിച്ചതില്‍ ഡിജിപി ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ. സന്ധ്യയെക്കുറിച്ച് പല റിപ്പോട്ടുകളും വരാനുണ്ട്. ഗൂഡാലോചന നടന്നിട്ടുണ്ട്. തന്റെ ഒപ്പമുള്ള മൂന്നു പേരാണ് ജനനേന്ദ്രിയം മുറിച്ചതിനു പിന്നില്‍. ഇരയായ തനിക്കെതിരെ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. അഞ്ചു വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല എന്നും ഗംഗേശാനന്ദ പറഞ്ഞു.
🔳 കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പുതിയൊരു കേസു കൂടി. ബാങ്ക് മാനേജര്‍ ബിജു കരീം, ചീഫ് അക്കൗണ്ടന്റ് ജീല്‍സ്, കമ്മീഷന്‍ ഏജന്റ് ബിജോയ് എന്നിവരെ പ്രതികളാക്കിയാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. നെല്ലായി സ്വദേശി സുജോയിയുടെ പരാതിയിലാണ് കേസ്. ബാങ്കില്‍ അംഗത്വമെടുക്കുന്നതിന് നല്‍കിയ രേഖകളുപയോഗിച്ച് ആദ്യം 25 ലക്ഷം രൂപയുടേയും പിന്നീട് 50 ലക്ഷം രൂപയുടെയും വായ്പാതട്ടിപ്പു നടത്തിയെന്നാണ് പരാതി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 14 കേസുകളാണ് നിലവിലുള്ളത്.
🔳പുതിയ ബെന്‍സ് കാര്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. പുതിയ കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന രാജ്ഭവന്റെ ഫയലില്‍ താന്‍ നടപടിയെടുത്തിട്ടില്ല. ചുരുക്കം ചില യാത്രകളിലൊഴികെ ഒരുവര്‍ഷമായി ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച വാഹനമാണ്. എതു വാഹനം വേണമെന്നു സര്‍ക്കാരിന് തീരുമാനിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.
🔳മെട്രോ പാലത്തിനു ചെരിവുള്ള തൂണിന്റെ സ്ഥാനത്ത് മറ്റൊരു തൂണു നിര്‍മിച്ച് ബലപ്പെടുത്തണമെന്ന് ഡിഎംആര്‍സിയുടെ മുഖ്യഉപദേശകനായിരുന്ന ഇ ശ്രീധരന്‍. പത്തടിപ്പാലത്ത് മെട്രോ പാലത്തില്‍ നേരിയ ചെരിവുണ്ട്. കാരണം കണ്ടെത്താനായിട്ടില്ല. ചെരിവിനുള്ള കാരണം കണ്ടെത്താനായി അള്‍ട്രാ സോണിക് ടെസ്റ്റും സോയില്‍ ബോര്‍ ടെസ്റ്റും നടത്തുന്നുണ്ട്. സ്ഥലം പരിശോധിച്ച ശേഷം ഇ ശ്രീധരന്‍ പറഞ്ഞു
🔳സര്‍ക്കാര്‍ സര്‍വീസില്‍ മറ്റൊരാള്‍ക്കും ലഭിക്കാത്ത ആനുകൂല്യവും സംരക്ഷണവുമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു നല്‍കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ പല രഹസ്യങ്ങളുടേയും സൂക്ഷിപ്പുകാരനാണ് ശിവശങ്കര്‍. ശിവശങ്കര്‍ വായ തുറന്നാല്‍ സര്‍ക്കാര്‍ വീഴുമെന്നും സുധാകരന്‍.
🔳സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വലിയ കൊള്ളയാണ് നടന്നതെന്ന് പി സി വിഷ്ണുനാഥ് എംഎല്‍എ. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണം. ജനുവരി 30 ന് പിപിഇ കിറ്റ് വാങ്ങിയത് 325 രൂപയ്ക്കാണ്. മാര്‍ച്ചില്‍ അത് 525 ആയി. ചട്ടം ലംഘിച്ച് ഒറ്റ ദിവസംകൊണ്ടാണ് ഓര്‍ഡര്‍ കൊടുത്തത്. പിന്നീട് മറ്റൊരു കമ്പനിയില്‍നിന്ന് 1500 രൂപ നിരക്കിലാണു കിറ്റ് വാങ്ങിയത്. ഒരേ കാലഘട്ടത്തിലാണ് വ്യത്യസ്ത നിരക്കില്‍ പിപിഇ കിറ്റ് വാങ്ങിയത്. വിപണിയില്‍ 1500 രൂപ വിലയുള്ള ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ വാങ്ങിയത് 5390 രൂപയ്ക്ക് ആണ്. വിഷ്ണുനാഥ് ആരോപിച്ചു.
🔳സംസ്ഥാനത്തു മൂന്നു ജില്ലകളില്‍ മഴയ്ക്കു സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കിയത്.
🔳വോട്ടു ചോര്‍ത്തിയെന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ യു പ്രതിഭ എംഎല്‍എയോട് സിപിഎം വിശദീകരണം തേടും. എംഎല്‍എയുടെ ആരോപണം വസ്തുതാ വിരുദ്ധവും സംഘടനാ വിരുദ്ധവുമെന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. പരാതി പറയേണ്ടത് പാര്‍ട്ടി ഫോറത്തിലാണ്. തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം എംഎല്‍എ ഒരിടത്തും ഉന്നയിച്ചിട്ടില്ലെന്നും ആര്‍ നാസര്‍ പറഞ്ഞു.
🔳തൃശൂരില്‍ മാധ്യമപ്രവര്‍ത്തകനെതിരേ പോലീസിന്റെ കൈയേറ്റം. പോസ്റ്റോഫീസ് റോഡില്‍ പോലീസ് നടത്തിയ അതിക്രമങ്ങളുടെ ഫോട്ടോ ചിത്രീകരിച്ച വീക്ഷണം പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ സാഞ്ച്ലാലിനെയാണ് പോലീസുകാരന്‍ കൈയേറ്റം ചെയ്തത്. ജനം പ്രതിഷേധിച്ചതോടെ അതിക്രമം അവസാനിപ്പിച്ച് പോലീസുകാരന്‍ സ്ഥലംവിട്ടു. സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു.
🔳ജെ സി ഡാനിയേല്‍ പുരസ്‌കാരം മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രനു മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. തിരുവനന്തപുരം സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ജയചന്ദ്രന്‍ ആലപിച്ച ഹിറ്റ് ഗാനങ്ങളുടെ സംഗീതവിരുന്നോടെയായിരുന്നു ചടങ്ങ്. ഏറ്റവും അര്‍ഹതയുള്ള കൈകളിലേക്കു തന്നെ പുരസ്‌കാരം എത്തിയെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു.
🔳കെപിഎസി ലളിതയുടെ മരണത്തില്‍ അനുശോചിച്ച് കലാകേരളം. മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അനുപമാക്കിയ നടിയാണ് കെപിഎസി ലളിതയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, മഞ്ജുവാര്യര്‍, സംവിധായകന്‍ കമല്‍ തുടങ്ങിയവരും അനുശോചിച്ചു.
🔳എറണാകുളം ആലുവയില്‍ പതിനാറുകാരനില്‍നിന്ന് ഗര്‍ഭിണിയായ പത്തൊന്‍പതുകാരിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് നടപടി. ഇരുവരും ഒരേ സ്‌കൂളില്‍ പഠിക്കുന്നവരാണ്.
🔳തലശ്ശേരി പുന്നോലില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്. ഇരയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും പൊലീസ്.
🔳കേരളത്തില്‍ ഇന്നലെ 56,851 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 10 മരണങ്ങള്‍. ഇതോടെ 120 മുന്‍മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 64,403. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,896 പേര്‍ രോഗമുക്തി നേടി. ഇതോടെ 53,597 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂര്‍ 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി 301, പത്തനംതിട്ട 293, മലപ്പുറം 264, പാലക്കാട് 247, വയനാട് 222, കണ്ണൂര്‍ 206, കാസര്‍ഗോഡ് 86.
🔳രാജ്യത്ത് ഇന്നലെ 14,899 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 1080, കര്‍ണാടക- 767, തമിഴ്നാട്-671.
🔳ആഗോളതലത്തില്‍ ഇന്നലെ പതിനാറ് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ 42,099, ബ്രസീല്‍ -1,00,736, ഫ്രാന്‍സ്- 97,382, റഷ്യ- 1,35,172, ജര്‍മനി - 1,58,507. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 42.78 കോടി പേര്‍ക്ക്. നിലവില്‍ 6.65 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 7,761 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 59.23 ലക്ഷമായി.