കെ.പി.എ.സി ലളിതയെ സ്മരിച്ച് പ്രമുഖർ
മലയാള സിനിമയിലെ അഭിനയ മികവിൻ്റെ പ്രതീകമായിരുന്ന കെ.പി.എ.സി ലളിതയെ സ്മരിക്കുകയാണ് പ്രമുഖർ. മലയാളത്തിലെ മിക്ക അഭിനേതാക്കളും കെ.പി.എ.സി ലളിതയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്മരിക്കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ
മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്.
വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി. നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം
സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
മമ്മൂട്ടി
വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു , വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവ്വം.
മോഹൻലാൽ
ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിൽ, അമ്മയായും, സഹോദരിയായും, സ്നേഹം നിറഞ്ഞ
ബന്ധുവായും നിറഞ്ഞുനിന്ന എൻ്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ.
അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേർത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ.
ആ സ്നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ, കേവലം ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കാൻ ആവുന്നില്ല. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേർപാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്ടം തന്നെയാണ്. പ്രണാമം ചേച്ചീ.
മഞ്ജു വാര്യർ
അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്. 'മോഹൻലാൽ ' എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട... 🙏
മുകേഷ്
5 പതിറ്റാണ്ടായി നാടകത്തിലും സിനിമയിലും തിളങ്ങിയ വെള്ളിനക്ഷത്രം ..എന്റെ അച്ഛന്റേയും അമ്മയുടേയും ഒപ്പം KPAC യിലൂടെ ആണ് ലളിത ചേച്ചിയും അരങ്ങിലെത്തിയത് .. എന്നും എന്നെ വിസ്മയിപ്പിച്ച പ്രതിഭയായിരുന്നു ചേച്ചി .. ഏതു കഥാപാത്രത്തേയും തന്മയഭാവത്തോടെ പകർന്നാടിയ പ്രീയ നടി.. കൊതിയോടെയും അത്ഭുതത്തോടെയും ആണ് ആ പ്രതിഭ ഞാനെന്നും നോക്കിയിനിന്നിട്ടുള്ളത് .. ചേച്ചിയുടെ കഥാപാത്രങ്ങൾ ഇന്നും എന്നും അനശ്വരമാകട്ടേ .. അതാണ് ചരിത്രം ആവിശ്യപെടുന്നതും ...
പ്രണാമം .. മഹാനടി .. പ്രണാമം ...
സുരേഷ് ഗോപിഎന്നും ഓർത്തിരിക്കാൻ ഒരുപാട് വേഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മലയാളത്തിന്റെ സ്വന്തം ലളിത ചേച്ചിക്ക് ആദരാഞ്ജലികൾ 🙏