About

News Now

തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം കാര്യക്ഷമവുമാക്കാൻ ആഭ്യന്തര വിജിലൻസ്‌ സംവിധാനം വരുന്നു

 

തിരുവനന്തപുരം

|തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ ആഭ്യന്തര വിജിലൻസ്‌ സംവിധാനം വരുന്നു. ഏകീകൃത തദ്ദേശഭരണ വകുപ്പിന്റെ ഭാഗമായാണ്‌ പുതിയ സംവിധാനം. തദ്ദേശഭരണ സ്ഥാപനങ്ങളിലും മറ്റ്‌ ഓഫീസുകളിലും മിന്നൽ പരിശോധന നടത്തി തുടർ നടപടി സ്വീകരിക്കാൻ വിജിലൻസ്‌ സംവിധാനത്തിന്‌ അധികാരമുണ്ടാകും.  ജീവനക്കാരെ പുനക്രമീകരിച്ചാകും പുതിയ സംവിധാനം രൂപീകരിക്കുക.  ഏകീകൃത തദ്ദേശഭരണ വകുപ്പിനുള്ള രൂപരേഖയിൽ ഇക്കാര്യം ഉൾപ്പെടുത്തി. 


ജനങ്ങൾ ഏറെ ആശ്രയിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിൽ ആഭ്യന്തര വിജിലൻസ്‌ സംവിധാനം ശ്രദ്ധേയമായ നീക്കമാണ്‌. മിക്ക സർക്കാർ വകുപ്പുകളിലും ഈ സംവിധാനമുണ്ടെങ്കിലും തദ്ദേശ ഭരണ വകുപ്പിൽ പെർഫോമൻസ്‌ ഓഡിറ്റ്‌ വിഭാഗമായിരുന്നു ഈ ചുമതലയും നിർവഹിച്ചത്‌. ഇതിന്‌ പകരമായി അഡീഷണൽ ഡറയക്ടറുടെ ചുമതലയിൽ  സ്വതന്ത്രമായ വിജിലൻസ്‌ സംവിധാനമാണ്‌ നിലവിൽവരിക. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഓഫീസ്‌ പ്രവർത്തനമാകും ഈ വിഭാഗം നിരീക്ഷിക്കുക. പരാതികൾ ലഭിച്ചാൽ മിന്നൽ പരിശോധനയടക്കം നടത്തി പ്രിൻസിപ്പൽ ഡയറക്ടർ, അഡീഷണൽ ഡയറക്ടർ എന്നിവർക്ക്‌ റിപ്പോർട്ട്‌ സമർപ്പിക്കും. എന്നാൽ ഭരണ സമിതിയുടെ പ്രവർത്തനങ്ങളിൽ ഇടപെടില്ല. അവയുടെ പ്രവർത്തനങ്ങൾക്ക്‌ സഹായകമായാകും ഇവയുടെ പ്രവർത്തനം.  

ഇതിന്‌ ആവശ്യമായ ജീവനക്കാരെ വകുപ്പിൽനിന്നുതന്നെ കണ്ടെത്തി നിയോഗിക്കും. പെർഫോമൻസ്‌ ഓഡിറ്റ്‌ വിഭാഗത്തിന്‌ കണക്ക്‌ പരിശോധനയിൽ കൂടുതൽ കേന്ദ്രീകരിക്കാനുമാകും.

തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച്‌ നടപടി സ്വീകരിക്കാൻ തദ്ദേശഭരണ  ഓംബുഡ്‌സ്‌മാനും ട്രിബ്യൂണലും നിലവിലുണ്ട്‌. നിരവധി പരാതികളാണ്‌ ഇവയിൽ തീർപ്പ് കാത്ത്‌ കിടക്കുന്നത്‌. ആഭ്യന്തര വിജിലൻസ്‌ സംവിധാനം നിലവിൽവരുന്നതോടെ ഓംബുഡ്‌സ്‌മാന്‌ ലഭിക്കുന്ന പരാതികളുടെ എണ്ണവും കുറഞ്ഞേക്കും.