ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 | ഫെബ്രുവരി ഫെബ്രുവരി 26 ശനി|1197 കുംഭം 14 മൂലം| റജബ് 25|
🔳യുക്രെയിനിലെ സൈന്യത്തോടു ഭരണം പിടിച്ചെടുക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍. യുക്രെയിന്‍ ആയുധംവച്ചു കീഴടങ്ങിയാല്‍ ചര്‍ച്ചയാകാമെന്നും റഷ്യ. യുക്രെയിനെ മിസൈലിട്ടു കത്തിച്ചും കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കിയും മുന്നേറുകയാണു റഷ്യന്‍ പട്ടാളം. അവസാന നിമിഷംവരെ പോരാടുമെന്നു യുക്രെയിന്‍ പ്രസിഡന്റ് വ്ളോദ്മിര്‍ സെലന്‍സ്‌കി ആവര്‍ത്തിച്ചു. യുക്രെയിന്‍ തലസ്ഥാനമായ കീവ് അടക്കമുള്ള നഗരങ്ങളിലെ ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തും വന്‍തോതില്‍ ആള്‍നാശമുണ്ടായി. ആയിരത്തിലേറെ റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രെയിന്‍ അവകാശപ്പെട്ടു.
🔳യുക്രൈന്‍ തലസ്ഥാനം പിടിക്കാനുള്ള പോരാട്ടത്തിലാണ് റഷ്യ. പാര്‍ലമെന്റ് മന്ദിരത്തിനരികില്‍ റഷ്യന്‍ സൈന്യമെത്തി. കീവിലെ ഒബലോണില്‍ വെടിയൊച്ചകള്‍ മുഴങ്ങി. ജനവാസ കേന്ദ്രത്തില്‍ സൈനിക ടാങ്കുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. മിസൈല്‍ ആക്രമണത്തില്‍ തലസ്ഥാനമായ കീവിലെ അപാര്‍ട്ടുമെന്റുകളും ഓഫീസ് മന്ദിരങ്ങളും അടക്കമുള്ള അനേകം കെട്ടിടങ്ങള്‍ തകര്‍ന്നു. താമസിക്കാന്‍ ഇടമില്ലാതെ അനേകായിരങ്ങള്‍ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകളില്‍ അഭയം തേടി.
🔳രാജ്യം വിട്ടുപോകരുതെന്നും നിര്‍ബന്ധമായും സൈന്യത്തില്‍ ചേര്‍ന്ന് റഷ്യക്കെതിരേ യുദ്ധം ചെയ്യണമെന്നും യുക്രെയിന്‍. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് നൂറുകണക്കിന് ആളുകളാണ് സൈന്യത്തില്‍ ചേര്‍ന്ന് റഷ്യക്കെതിരേ പൊരുതാന്‍ സന്നദ്ധരായി എത്തിയത്. യുക്രെയിന്‍ പൗരന്മാര്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ആയുധം വിതരണം ചെയ്തു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബാംഗങ്ങളോടു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാന്‍ ഭരണകൂടം ആവശ്യപ്പെട്ടു.
🔳യുക്രൈനില്‍നിന്ന് ഇന്ത്യ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരെ ഒഴിപ്പിക്കാനുള്ള രക്ഷാദൗത്യം തുടങ്ങി. 470 ഇന്ത്യക്കാര്‍ ആദ്യഘട്ടത്തില്‍ അതിര്‍ത്തി കടന്നു. ഇവരെ ഇന്ന് ഇന്ത്യയിലെത്തിക്കും. ഡല്‍ഹിയില്‍ എത്തുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ന് 17 മലയാളി വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തും. മുംബൈയില്‍ എത്തുന്ന മറ്റൊരു എയര്‍ ഇന്ത്യ വിമാനത്തില്‍ 16 മലയാളികള്‍ ഉണ്ടാവും. ഇന്നു ഹംഗറിയിലേക്ക് രണ്ടു വിമാനങ്ങള്‍ കൂടി ഇന്ത്യ അയയ്ക്കും.
🔳വാഹനങ്ങളില്ല, യുക്രെയിനില്‍നിന്നു രക്ഷപ്പെടാന്‍ മലയാളികള്‍ അടക്കമുള്ളവര്‍ അതിര്‍ത്തിയിലേക്കു നടക്കുകയാണ്. കൊടു തണുപ്പിലാണ് അവരുടെ നടത്തം. പോളണ്ട് അതിര്‍ത്തിയില്‍ ഇന്നലെ വൈകുന്നേരത്തോടെത്തന്നെ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ നാല്‍പതംഗ സംഘം എത്തി. ഇന്ത്യന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിമാനത്തില്‍ നാട്ടിലേക്കു രക്ഷപ്പെടാനാണ് ഇവര്‍ യുദ്ധഭൂമിയില്‍നിന്ന് കാല്‍നടയായി എത്തിയത്.
🔳കവി കെ സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റാകും. കഥാകൃത്ത് അശോകന്‍ ചരുവില്‍ ആണ് വൈസ് പ്രസിഡന്റാകുക. പു കാ സ നേതാവും ദേശാഭിമാനി വാരിക മുന്‍ എഡിറ്ററുമായ സി.പി അബൂബക്കര്‍ സെക്രട്ടറി ആകും.
🔳കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലെ നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 1348.10 കോടി രൂപ ധനസഹായം അനുവദിച്ചു. കേരളത്തിന് 168 കോടി രൂപ ലഭിക്കും. 10 ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങള്‍ക്കാണ് ധനസഹായം.
🔳സിപിഎമ്മിനു പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് വരുന്നു. പുതിയ കെട്ടിട്ടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. പാര്‍ട്ടിയുടെ ആസ്ഥാനമന്ദിരമായ എകെജി സെന്ററിനു മുന്നിലെ 32 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിട്ടം നിര്‍മിക്കുന്നത്. എകെജി സെന്ററിനെ വിശാലമായ ലൈബ്രറിയും താമസസൗകര്യവും ഉള്‍പ്പെടുന്ന പഠന വേഷണ കേന്ദ്രമാക്കി മാറ്റും. 1977 ല്‍ എ.കെ ആന്റണി സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയിലാണ് എകെജി സെന്റര്‍ നിര്‍മിച്ചത്.
🔳കായംകുളം സ്വദേശിനിയായ പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടി. കായംകുളം ചിറക്കടവം മുറിയില്‍ തഴയശ്ശേരില്‍ വീട്ടില്‍ സന്തോഷ് മകന്‍ ആകാശ് (28) ആണ് പിടിയിലായത്. ഒളിവില്‍ പോയ പ്രതിയെ രണ്ടു വര്‍ഷത്തിനു ശേഷമാണ് വലയിലാക്കിയത്.
🔳അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവും അയല്‍വാസിയുമായ വയോധികനെ ചവിട്ടിക്കൊന്ന് പോലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ അറസ്റ്റു ചെയ്തു. പൊന്നാനി ഗേള്‍സ് ഹൈസ്‌കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്‌മണ്യന്‍ എന്ന മോഹനന്‍ (62) ആണ് മരിച്ചത്. അയല്‍വാസിയായ പത്തായപറമ്പില്‍ റിജിന്‍ (32) ആണു പിടിയിലായത്.
🔳ആര്‍ക്കും ആരെയും കൊല്ലാമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിവരയിടുന്നതാണ് തിരുവനന്തപുരത്തു നടന്ന കൊലപാതകമെന്നും അദ്ദേഹം ആരോപിച്ചു. ഗുണ്ടാ സംഘങ്ങളെ തുറന്നു വിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണ് അക്രമ സംഭവങ്ങള്‍. മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്നും വി ഡി സതീശന്‍ പറഞ്ഞു.
🔳എന്‍ജിഒ അസോസിയേഷന്‍ യോഗത്തില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍. സെക്രട്ടറിയേറ്റ് അംഗത്തെ തെരഞ്ഞെടുക്കാനുള്ള യോഗം അലസിപ്പിരിഞ്ഞു. പ്രസിഡന്റ് ചവറ ജയകുമാറിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സെക്രട്ടറിയേറ്റിലെ ഒഴിവിലേക്ക് ചില അംഗങ്ങളെ സംസ്ഥാന വൈസ് പ്രസിഡന്റ് ജാഫര്‍ ഖാന്റെ നേതൃത്വത്തിലുള്ള വിഭാഗം നിര്‍ദ്ദേശിച്ചെങ്കിലും അംഗീകരിച്ചില്ല. ഇതോടെയാണ് സംഘര്‍ഷമായത്.
🔳ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള പ്ലാറ്റ്‌ഫോം സജ്ജമാക്കിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന് ദേശീയ പുരസ്‌കാരമായ 'ഡിജിറ്റല്‍ ടെക്‌നോളജി സഭ അവാര്‍ഡ് 2022' ലഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്തെ മികച്ച 'ക്ലൗഡ്' സംവിധാനം വിഭാഗത്തിലാണ് കൈറ്റിന് പുരസ്‌കാരം. കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അവാര്‍ഡ് സ്വീകരിച്ചു.
🔳വയനാട് അമ്പലവയലില്‍ എട്ടര കിലോ കഞ്ചാവുമായി മേപ്പാടി സ്വദേശികളായ നിസിക്, നസീബ്, ഹബീബ് എന്നിവരെ അറസ്റ്റു ചെയ്തു. അമ്പലവയലിലെ വീട്ടില്‍ നടത്തിയ പരിശോനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
🔳പെരുമ്പാവൂരില്‍ നാലേകാല്‍ കിലോ കഞ്ചാവുമായി ബിഹാര്‍ സ്വദേശി സലീം അന്‍സാരി അറസ്റ്റിലായി. ബിഹാറില്‍ നിന്ന് ട്രെയിനില്‍ കഞ്ചാവ് കൊണ്ടുവന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നയാളാണ് പിടിയിലായത്.
🔳ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കുമെതിരെ നടത്തിയ പരസ്യ പ്രതികരണങ്ങളില്‍ വൃദ്ധിമാന്‍ സാഹയില്‍ നിന്ന് വിശദീകരണം തേടാന്‍ ബിസിസിഐ തീരുമാനിച്ചു. ബിസിസിഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ടുള്ള സാഹക്ക് മൂന്ന് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം.
🔳കേരളത്തില്‍ ഇന്നലെ 44,054 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 6 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇന്നലെ രേഖപ്പെടുത്തിയ 171 മുന്‍മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 64,980 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7837 പേര്‍ രോഗമുക്തി നേടി. ഇതോടെ 37,239 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂര്‍ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176, പാലക്കാട് 171, ഇടുക്കി 169, കണ്ണൂര്‍ 158, വയനാട് 129, കാസര്‍ഗോഡ് 48.
🔳രാജ്യത്ത് ഇന്നലെ 10,755 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 973, കര്‍ണാടക- 628, തമിഴ്‌നാട്-507.
🔳ആഗോളതലത്തില്‍ ഇന്നലെ പതിനാറ് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ 48,837, ബ്രസീല്‍ -89,247, റഷ്യ- 1,23,460, ജര്‍മനി - 1,93,009. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 43.32 കോടി പേര്‍ക്ക്. നിലവില്‍ 6.45 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 7,702 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 59.55 ലക്ഷമായി.