ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 | ഫെബ്രുവരി ഫെബ്രുവരി 24 വ്യാഴം |1197 കുംഭം 12 അനിഴം| റജബ് 23|
🔳മരുന്നു കമ്പനികള്‍ ഡോക്ടര്‍മാര്‍ക്കു സമ്മാനങ്ങളും സൗജന്യങ്ങളും നല്‍കുന്നതു കുറ്റകരമാണെന്ന് സുപ്രീം കോടതി. ഡോക്ടര്‍മാര്‍ക്കു സമ്മാനങ്ങളും മറ്റും നല്‍കിയതിന്റെ പേരില്‍ മരുന്നു കമ്പനികള്‍ക്കു നികുതിയിളവ് അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു. അപ്പെക്സ് ലബോറട്ടറീസ് ഈയിനങ്ങളില്‍ ചെലവഴിച്ച അഞ്ചു കോടി രൂപയ്ക്കു നികുതിയിളവ് നിഷേധിച്ചതിനെതിരേ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
🔳സിബിഎസ്ഇ, സി.ഐ.എസ്.സി.ഇ എന്നീ ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കണമെന്നും മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഇത്തരം ഹര്‍ജികള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരുപാട് ആശയക്കുഴപ്പങ്ങളുണ്ടാക്കുമെന്ന പരാമര്‍ശത്തോടെയാണ് തള്ളിയത്.
🔳മഹാരാഷ്ട്രയിലെ എന്‍സിപി നേതാവും ന്യൂനപക്ഷ ക്ഷേമ മന്ത്രിയുമായ നവാബ് മാലിക്കിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് അറസ്റ്റ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവരുത്തിയാണ് നവാബ് മാലിക്കിനെ അറസ്റ്റു ചെയ്തത്.
🔳യുക്രെയിനില്‍ അടിയന്തരാവസ്ഥ. റഷ്യന്‍ മേഖലയിലേക്കു പോകുന്നതു വിലക്കി. റഷ്യയുമായി ഇനി ചര്‍ച്ചയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയുടേയും അമേരിക്കയുടേയും വിദേശകാര്യ മന്ത്രാലയ മേധാവികള്‍ തമ്മില്‍ നടത്താനിരുന്ന ചര്‍ച്ചയും റദ്ദാക്കി. പഴയ റഷ്യന്‍ സാമ്രാജ്യം പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് പുട്ടിന്‍ നടത്തുന്നതെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആരോപിച്ചു. ഇതേസമയം, റഷ്യക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെ ചൈന വിമര്‍ശിച്ചു.
🔳ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആറു രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. മൂന്നെണ്ണത്തില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണു പ്രതികള്‍. രണ്ടെണ്ണത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും ഒരെണ്ണത്തില്‍ കോണ്‍ഗ്രസുകാരുമാണു പ്രതികള്‍. കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകര്‍ ട്വന്റി ട്വന്റി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ഉള്‍പെടുത്താതെയാണു മുഖ്യമന്ത്രിയുടെ കണക്ക്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1677 കൊലപാതക കേസുകളുണ്ടായി. എന്നാല്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1516 കൊലപാതക കേസുകളേ ഉണ്ടായുള്ളൂ. 2016 മുതല്‍ 2021 വരെ സ്ത്രീകള്‍ക്കെതിരേ ഉണ്ടായ 86,390 അതിക്രമ കേസുകളില്‍ നടപടിയെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാനം തകര്‍ന്നെന്ന യുഡിഎഫിന്റെ ആരോപണത്തിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
🔳കോഴിക്കോട് - വയനാട് തുരങ്കപ്പാത നിര്‍മ്മാണത്തിന്റെ പുതുക്കിയ ഡിപിആറിന് മന്ത്രിസഭ അംഗീകാരം നല്‍കി. കിഫ്ബിയില്‍നിന്നു പണം ലഭ്യമാക്കി 2,043.74 കോടി രൂപയുടെ എസ്റ്റിമേറ്റ് തുകയ്ക്കു പുതുക്കിയ ഭരണാനുമതി നല്‍കും. പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സമര്‍പ്പിച്ച ഡിപിആര്‍ ആണ് മന്ത്രിസഭ അംഗീകരിച്ചത്.
🔳ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതിയ ബെന്‍സ് കാര്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ 85 ലക്ഷം രൂപ അനുവദിച്ചു. പുതിയ കാര്‍ വാങ്ങാനുള്ള പണം നേരത്തെ അനുവദിച്ചിരുന്നു. ഉത്തരവ് ഇന്നലെയാണ് ഇറങ്ങിയത്.
🔳കൊച്ചി മെട്രോയില്‍ ഗതാഗത നിയന്ത്രണം. പാളത്തിലെ അലൈന്റ്മെന്റില്‍ തകരാര്‍ കണ്ടെത്തിയ പത്തടിപ്പാലത്തു കൂടിയുള്ള മെട്രോ സര്‍വീസുകള്‍ കുറച്ചു. ആലുവയില്‍ നിന്ന് പേട്ടയിലേക്കും തിരിച്ചും നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് ഇനി 20 മിനിറ്റ് ഇടവേളയില്‍ മാത്രമാകും നടത്തുക. നേരത്തെ ഏഴ് മിനിറ്റ് ഇടവേളയിലായിരുന്നു സര്‍വീസ്. പത്തടിപ്പാലത്തെ തൂണ്‍ ബലപ്പെടുത്തുന്നതിനാണ് നിയന്ത്രണം.
🔳കെപിഎസി ലളിത ഓര്‍മയായി. എങ്കക്കാട്ടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു. ലളിത അധ്യക്ഷയായിരുന്ന കേരള സംഗീത നാടക അക്കാദമി റീജണല്‍ തിയേറ്ററിലും വടക്കാഞ്ചേരി നഗരസഭയിലും പൊതുദര്‍ശനത്തിനു വച്ചിരുന്നു. അന്ത്യോപചാരം അര്‍പ്പിക്കാന്‍ അനേകം പ്രമുഖരെത്തി.
🔳ചട്ടമ്പിസ്വാമിയുടെ ജന്മഗൃഹം നിലനില്‍ക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ജനനേന്ദ്രിയം മുറിച്ചതിനു പിറകിലെന്ന് സ്വാമി ഗംഗേശാനന്ദ. ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയെയാണു ക്രൈംബ്രാഞ്ച് പ്രതിയാക്കിയതെങ്കിലും അവളാണ് അതു ചെയ്തതെന്നു കരുതുന്നില്ല. ഡിജിപി ബി. സന്ധ്യക്കുള്ള പങ്ക് അന്വേഷിക്കണം. ചില രേഖകള്‍ മുഖ്യമന്ത്രിക്കു നല്‍കിയിട്ടുണ്ട്. ഗൂഢാലോചന നടത്തി കുറ്റകൃത്യം ചെയ്തവരെ കണ്ടുപിടിക്കണം. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
🔳സിപിഎമ്മുകാര്‍ കൊലയാളികളായ കേസുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ മറച്ചുവച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഹരിപ്പാട് ആര്‍എസ്എസ് പ്രവര്‍ത്തകനെയും കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകനേയും കൊലപ്പെടുത്തിയത് സിപിഎമ്മുകാരാണ്. ഇക്കാര്യം മുഖ്യമന്ത്രി മറച്ചുവച്ചു. കണ്ണൂരില്‍ കല്യാണ വീട്ടില്‍ ബോംബെറിഞ്ഞു കൊലപാതകം നടത്തിയതും സിപിഎമ്മുകാരാണെന്നും സുരേന്ദ്രന്‍ ഓര്‍മിപ്പിച്ചു.
🔳കിഴക്കമ്പലത്ത് കിറ്റക്സിലെ അതിഥി തൊഴിലാളികള്‍ സംഘര്‍ഷം സൃഷ്ടിക്കുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്ത സംഭവത്തില്‍ 226 പേര്‍ക്കെതിരേ കുറ്റപത്രം. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 51 പേര്‍ക്കെതിരെയാണ് കുറ്റപത്രം. പൊലീസ് വാഹനങ്ങള്‍ കത്തിക്കുകയും തകര്‍ക്കുകയും ചെയ്ത കേസില്‍ 175 പേര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചു. കോലഞ്ചേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.
🔳മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തടവുശിക്ഷ. 2016 ല്‍ മലപ്പുറം കരിപ്പൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച കേസിലാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒരു മാസം തടവിനും 5200 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. സ്വാശ്രയ കോളേജ് ഫീസ് വര്‍ദ്ധനയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ചത്.
🔳ആരെയും കണ്ണീരു കുടിപ്പിച്ച് കെ റെയില്‍ പദ്ധതി നടപ്പാക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദ്ധതിയെ എതിര്‍ക്കുന്നവരുമായി സംവാദത്തിന് തയ്യാറാണ്. പ്രതിപക്ഷത്തിന്റെ നശീകരണ നീക്കം തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടി.എം തോമസ് ഐസക് രചിച്ച 'എന്തുകൊണ്ട് കെ റെയില്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
🔳പൊലീസിന്റെ ഔദ്യോഗിക വിവരം എസ്ഡിപിഐക്കു ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ പൊലീസുകാരനെ പിരിച്ചു വിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ പി.കെ. അനസിനെയാണ് പിരിച്ചുവിട്ടത്. കരുതല്‍ നടപടികളുടെ ഭാഗമായി പൊലീസ് ശേഖരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരമാണ് ചോര്‍ത്തിക്കൊടുത്തത്.
🔳തലശേരിയിലെ ഹരിദാസ് കൊലപാതക കേസില്‍ പ്രതിയുമായി ഫോണില്‍ സംസാരിച്ച പോലീസുകാരന്‍ സുരേഷിനെ ചോദ്യം ചെയ്യുന്നു. കേസിലെ പ്രതിയായ തലശ്ശേരി ബിജെപി മണ്ഡലം പ്രസിഡന്റും വാര്‍ഡ് കൗണ്‍സിലറുമായ ലിജേഷിനെ പോലീസുകാരന്‍ രാത്രി ഒരു മണിക്കു ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു.
🔳കാല്‍ ലക്ഷം രൂപയോളം വിലവരുന്ന ആറു ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ തൃശൂരില്‍ പിടികൂടി. ഉത്തര്‍പ്രദേശ് ബല്‍രാംപൂര്‍ ജില്ലക്കാരനായ സഞ്ജയ്കുമാര്‍ (29) ആണ് പിടിയിലായത്.
🔳പോക്സോ കേസിലെ ഇരയെ വെളിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചയാള്‍ മലപ്പുറം വഴിക്കടവില്‍ അറസ്റ്റിലായി. കോഴിക്കോട് കുടത്തായി സ്വദേശി ശ്രീധരനുണ്ണിയാണ് അറസ്റ്റിലായത്. വീഡിയോ ചിത്രീകരിച്ച വഴിക്കടവ് വട്ടപ്പാടം സ്വദേശി സല്‍മാന്‍ നേരത്തെ അറസ്റ്റിലായിരുന്നു.
🔳കേരളത്തില്‍ ഇന്നലെ 61,612 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5023 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 13 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതുകൂടാതെ ഇന്നലെ രേഖപ്പെടുത്തിയ 175 മുന്‍മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 64,591 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,077 പേര്‍ രോഗമുക്തി നേടി. ഇതോടെ 47,354 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂര്‍ 337, ഇടുക്കി 299, ആലപ്പുഴ 282, പത്തനംതിട്ട 252, വയനാട് 230, പാലക്കാട് 225, കണ്ണൂര്‍ 188, കാസര്‍ഗോഡ് 94.
🔳രാജ്യത്ത് ഇന്നലെ 13,231 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 1,151, കര്‍ണാടക- 667, തമിഴ്‌നാട്-618.
🔳ആഗോളതലത്തില്‍ ഇന്നലെ പതിനെട്ട് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ 49,859, ബ്രസീല്‍ -1,33,014, റഷ്യ- 1,37,642, ജര്‍മനി - 2,19,859. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 42.97 കോടി പേര്‍ക്ക്. നിലവില്‍ 6.57 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 9,804 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 59.34 ലക്ഷമായി.