ഹാഷിഷ് ഓയിലുമായി യുവാവ് കോഴിക്കോട് അറസ്റ്റിൽ
കോഴിക്കോട്:
പതിനാറ് കുപ്പി ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കരുവിശ്ശേരി ശാന്തിരുത്തിവയൽ വീട്ടിൽ ശിഖിൽ(26) ആണ് പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട് താലൂക്കിലെ കാരപ്പറമ്പ് അറഫാ അപ്പാർട്ട്മെന്റിന് മുൻവശം വെച്ചാണ് 72.10 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടുന്നത്.
16 പ്ലാസ്റ്റിക് ബോട്ടിലുകളിലായാണ് ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിൽ നിന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത് ബാബുവും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത ഹാഷിഷ് ഓയിൽ കോയമ്പത്തൂരിൽ നിന്നും വാങ്ങിയതാണെന്ന് ഇയാൾ സമ്മതിച്ചതായി എക്സൈസ്. ഹാഷിഷ് ഓയിലിന്റെ ഉറവിടത്തെ കുറിച്ച് എക്സൈസ് സൈബർ വിങ്ങുമായി ചേർന്ന് അന്വേഷണം നടത്തും.
സംഘത്തിൽ കോഴിക്കോട് എക്സൈസ് ഇന്റലിജൻസിലെ പ്രിവന്റീവ് ഓഫീസർ മനോജ് കുമാർ യു.പി, കോഴിക്കോട് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സജീവൻ. എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഗംഗാധരൻ, റിഷിത്ത് കുമാർ ടി.വി, റെജിൻ, എക്സൈസ് ഡ്രൈവർ ബിബിനീഷ് എന്നിവരും ഉണ്ടായിരുന്നു.